- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിങ്ങഴ തീർത്ഥാടന പള്ളിയിലെ പുരാതന പ്രസിദ്ധമായ തിരുനാൾ ജനുവരി 31 മുതൽ
മുവാറ്റുപുഴ: സിറോമലബാർ സഭയിലെ കോതമംഗലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള പെരിങ്ങഴ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും ധീര രക്തസാക്ഷിയായ വി. സെബാസ്റ്റ്യാനോസിന്റെയും ചരിത്ര പ്രസിദ്ധമായ തിരുനാൾ ജനുവരി 31, ഫെബ്രുവരി 01, 02, 03 തീയതികളിൽ ആഘോഷിക്കും. ജനുവരി 31ന് വൈകിട്ട് വികാരി ഫാ. പോൾ കാരക്കൊമ്പിൽ കൊടിയുയർത്തുന്നതോടെ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പൊതുവണക്കത്തിനായി ദേവാലയാങ്കണത്തിലേക്ക് ഇറക്കിവയ്ക്കും.
തിരുനാൾ ദിവസങ്ങളിൽ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികൾക്കായി എല്ലാ വർഷത്തെയും പോലെ വിപുലമായ ക്രമീകരണങ്ങളാണ് ഇക്കൊല്ലവും ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 03ന് രാവിലെ ഇടവകയിൽ നിന്നും മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടുള്ള വി. കുർബാനയ്ക്ക് ശേഷമുള്ള സിമിത്തേരി സന്ദർശനത്തോടെയാണ് തിരുനാൾ ചടങ്ങുകൾ പൂർത്തിയാകുക. തിരുനാളിന് ഒരുക്കമായുള്ള നൊവേന ജനുവരി 23(ചൊവ്വാഴ്ച്ച) മുതൽ ആരംഭിച്ചു.
പെരിങ്ങഴ പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ തിരുനാൾ സാധാരണ നിലയിൽ ഫെബ്രുവരി 1, 2 തീയതികളിൽ നിന്നും മാറ്റാറില്ല. കോവിഡിന്റെ പാരമ്യത്തിൽ പോലും തിരുനാൾ ചടങ്ങുകൾ മാറ്റം വരുത്താതെ ലളിതമായി നടത്തിയിരുന്നു.
AD 1864ലാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിച്ചതിനോടനുബന്ധിച്ച് രൂപതയുടെ തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഉയർത്തപ്പെട്ടു. പെരിങ്ങഴയിലെ ഈ തീർത്ഥാടന ദൈവാലയത്തോട് ചേർന്നാണ് യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂർണതയിൽ സ്ഥാപിതമായിരിക്കുന്നത്.
മുവാറ്റുപുഴയിൽ നിന്നും 4 കിലോമീറ്റർ അകത്തേക്ക് മാറി, തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് പെരിങ്ങഴ പള്ളി സ്ഥിതി ചെയ്യുന്നത്.