തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിലെ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആരവം കോസ്റ്റൽ ഗെയിംസിന് ഇന്ന് (ഫെബ്രുവരി 10) തുടക്കമാകും. തീരദേശ തദ്ദേശ സ്ഥാപന പരിധികളിൽ നിന്നുള്ള 18-28 പ്രായക്കാരായ കായിക പ്രതിഭകൾക്കു വേണ്ടി സംസ്ഥാന കായിക വകുപ്പാണ് ഈ കായിക മേള സംഘടിപ്പിക്കുന്നത്. ഇന്നും നാളെയുമായി അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോൾ ഗ്രൗണ്ടിലും പുല്ലുവിള ലിയോ തേർട്ടീൻ ഹൈസ്‌കൂൾ ഗ്രൗണ്ടിലുമായാണ് മേള അരങ്ങേറുന്നത്. കബഡി, ഫുട്‌ബോൾ, വടംവലി, വോളിബോൾ എന്നീ നാല് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന കായിക മത്സരങ്ങൾ നാളെ വൈകീട്ട് അഞ്ചോടെ സമാപിക്കും.

തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജ് ഐ എ എസ് ഗെയിംസ് ഉദ്ഘാടനം ചെയ്യും. സ്പോർട്സ് ഡയറക്ടർ രാജീവ് കുമാർ ചൗധരി ഐ എ എസ് മുഖ്യാതിഥി ആകും. സബ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധികൾ, തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങൾ എന്നിവരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.