- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവികതയിൽ ഊന്നിയ വിദ്യാഭ്യാസം സാമ്പത്തിക ശാക്തീകരണത്തിന് സഹായകമാവും; ധനമന്ത്രി
കൊല്ലം: മാനവികതയെ മുറുകെ പിടിച്ചു കൊണ്ടായിരിക്കണം വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരേണ്ടത്. ആഗോളമായി സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകുന്നത് വളരെ വേഗമാണ്. അതിനനുസരിച്ച് അറിവിലും മാറ്റങ്ങൾ വരുന്നുണ്ട്. ഇത് മുന്നിൽ കണ്ട് കൊണ്ടായിരിക്കണം നമ്മുടെ വിദ്യാഭ്യാസവും മാറേണ്ടത്. എന്നാൽ മാത്രമേ നമുക്ക് ലോക നിലവാരത്തിലുള്ള മാനവ വിഭവ ശേഷി വികസിപ്പിക്കാനും അതിലൂടെ വളരെ ശക്തമായ ഒരു സാമ്പത്തികാന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കുവാനും സാധിക്കുകയുള്ളൂ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. യു എസ് നികുതി രംഗത്തെ തൊഴിൽ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അസാപ് കേരളയും ടി കെ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺക്ലേവ് ടി.കെ.എം എഞ്ചിനയറിങ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കൗണ്ടിങ് രംഗത്ത് കേരളത്തിലെ മാനവവിഭവശേഷി ഉന്നതമാണ്. ഈ ടാലന്റ് പൂളിനെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് നാട്ടിൽ തന്നെ മികച്ച ശമ്പളത്തോടെ നമ്മുടെ ചെറുപ്പക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് എന്റോൾഡ് ഏജന്റ് (ഇ.എ.) എന്ന ഈ കോഴ്സിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ കോഴ്സുകളും വിദ്യാഭ്യാസ രീതികളും മാറേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ചെറുപ്പക്കാർക്ക് ഇവിടെ ഇരുന്നു കൊണ്ടു തന്നെ മികച്ച ശമ്പളത്തോടെയുള്ള ആഗോള ജോലികൾ ചെയ്യാനാകും. അതിനു വേണ്ടുന്ന ആദ്യ ശ്രമമാണ് ഇഎ കോഴ്സ് എന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരള ഇത്തരമൊരു കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. നിരവധി അവസരങ്ങളുള്ള എന്റോൾഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തിൽ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവർക്ക് ഉള്ളത്. നിലവിൽ 3000ഓളം പേർക്ക് ജോലി നൽകാൻ വിവിധ കമ്പനികൾ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇരവിപുരം എംഎൽഎ എം നൗഷാദ് പറഞ്ഞു.
ചടങ്ങിൽ അസാപ് കേരള സി എംഡി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. ടി കെ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. ആയൂബ്, അമേരിക്കൻ നികുതി, അക്കൗണ്ടിങ് രംഗത്തെ പ്രമുഖ പരിശീലന സ്ഥാപനമായ ആയ സെർജന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എലിസബത്ത് കോലാർ, സ്ട്രാറ്റജിക് പാർട്ണർഷിപ്സ് സീനിയർ ഡയറക്ടർ ഷോൻ മുള്ളെൻ, ടി കെ എം കോളേജ് ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹൽ ഹസ്സൻ മുസലിയാർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കെ പി എം ജി ഗ്ലോബൽ സർവീസസ് ഡയറക്ടർ രമേശ് നായർ, ഇവൈ എക്സിക്യൂട്ടീവ് ഡയറക്ടർ വിവേക് പിള്ള, എച്ച് & ആർ ബ്ലോക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ് കൃഷ്ണ പിള്ള, ഡയറക്ടർ അൻഷു ജെയ്ൻ, ഗ്രേറ്റ് അഫിനിറ്റി അനീഷ് എൻ, ടി കെ എം ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ ചിത്രാ ഗോപിനാഥ്, കെ പി എം ജി എച്ച്ആർ അസ്സോസിയേറ്റ് ഡയറക്ടർ ജെസ് വിൻ ജോസ്, എച്ച് ആൻഡ് ആർ ബ്ലോക്ക് എച്ച്ആർ ഹെഡ് മനോജ് ഇലഞ്ഞിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ അരുൺ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അന്താരാഷ്ട്രാ കോൺക്ലേവിന്റെ ഭാഗമായി ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പാനൽ ഡിസ്കഷനിൽ വിദ്യാർത്ഥികൾക്കായി വിദഗ്ദ്ധർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെയ്ക്കുകയും, വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കോൺക്ലേവ് കൊമേഴ്സ് മേഖലയിലെ അവസരങ്ങൾ തുറന്ന് കാട്ടുന്നതായി മാറി.