- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂരിൽ 'വോൾ ഓഫ് ലവ്' പദ്ധതിയുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ
ഏറ്റുമാനൂർ: കരുതലിന്റെ കരസ്പർശവുമായി വോൾ ഓഫ് ലവ് പദ്ധതിക്ക് ഏറ്റുമാനൂരിൽ തുടക്കം. ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച 'വോൾ ഓഫ് ലവ്' ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ പദ്ധതികൾക്ക് സർവപിന്തുണയും നൽകി പൊതുജന നന്മ ലക്ഷ്യമിട്ടുള്ള ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങളെ കളക്ടർ അഭിനന്ദിച്ചു.
നിരാലംബർക്കും രോഗികളുമുൾപ്പെടെയുള്ളവർക്ക് സഹായകമാകുംവിധം സാധനസാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുകയാണ് 'വോൾ ഓഫ് ലവി'ലൂടെ. ബഡ്ഷീറ്റ്, സാരികൾ, തോർത്ത്, തുടങ്ങിയ വസ്ത്രങ്ങൾ, ടൂത്തു പേസ്റ്റ്, സോപ്പ്, ബ്രഷ്, ബക്കറ്റ്, തലയിണ, കുടിവെള്ളം, സാനിറ്ററി നാപ്കിൻ, ആഹാരസാധനങ്ങൾ, മരുന്നുകൾ തുടങ്ങിയവ 'വോൾ ഓഫ് ലവ്'ന്റെ ഭാഗമായുള്ള അലമാരയിൽ നിലവിൽ വെച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന നിർധനരും ആലംബഹീനരുമായ രോഗികൾക്ക് ആശുപത്രിവാസവുമായി ബന്ധപ്പെട്ട് ഇവ എടുത്തു ഉപയോഗിക്കാം.
അസോസിയേഷന്റെ 'ഉണർവ് 2024' പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ കൂടി ഭാഗമാണ് 'വോൾ ഓഫ് ലവ്' സ്ഥാപിച്ചത്. ആഹാരസാധനങ്ങളും കുടിവെള്ളവും വസ്ത്രങ്ങളും ഉൾപ്പെടെ മറ്റുള്ളവർക്ക് ഉപയോഗപ്രദമായ എന്തും ആർക്കും ഏത് സമയത്തും സംഭാവനയായി ഇവിടെ വയ്ക്കാം.
അസോസിയേഷൻ പ്രസിഡന്റ് എം.എസ് മോഹൻദാസിന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ബി. സുനിൽകുമാർ, പ്രൊജക്റ്റ് കോർഡിനേറ്റർ ദിനേശ് ആർ ഷേണായി, വൈസ് പ്രസിഡന്റുമാരായ എ.വി. പ്രദീപ്കുമാർ, രാജു സിറിയക്, ജോയിന്റ് സെക്രട്ടറി ടി. ജി. രാമചന്ദ്രൻ നായർ, ജി മാധവൻകുട്ടി നായർ, എൻ വിജയകുമാർ, ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ്, എസ്. എം. എസ്. എം ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.