- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ന്യായാധിപരിലെ വേറിട്ട വ്യക്തിത്വം: ഡോ. എം. സി. ദിലീപ് കുമാർ
ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ന്യായാധിപരിലെ വേറിട്ട വ്യക്തിത്വത്തിന് ഉടമയും സംസ്കൃത ഭാഷാസ്നേഹിയുമായിരുന്നുവെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ് കുമാർ പറഞ്ഞു. സർവകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പൂഡൻസിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിച്ച മുൻ ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃത ഭാഷയോടും ഇന്ത്യയുടെ ധർമ്മ - നീതി ശാസ്ത ങ്ങളോടുമുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ് 'അഡ്വാൻസഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പ്രൂഡൻസ് ' സർവ്വകലാശാലയിലെ സംസ്കൃതം ന്യായ വിഭാഗത്തിന് കീഴിൽ ആരംഭിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അനുകമ്പയുള്ള ന്യായാധിപനെന്ന നിലയിൽ സത്യധർമ്മങ്ങളിൽ അധിഷ്ഠിതമായി മാത്രം കേസുകൾ കൈകാര്യം ചെയ്യുമ്പോഴും സാമൂഹികവും മന:ശാസ്തപരവുമായ സമീപനം കൂടി പുലർത്തിയിരുന്നതിനാൽ സമകാലിക ന്യായാധിപന്മാരിൽ നിന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വം വേറിട്ട് നിൽക്കുകയും മറ്റു ന്യായാധിപന്മാർക്ക് അദ്ദേഹം അനുകരണീയ മാതൃകയായി മാറുകയും ചെയ്തു. അസാധാരണമായ ഈ സവിശേഷതകളാവാം നാല് വ്യത്യസ്ത ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനായതിനു പിന്നിലെ കാരണം, ഡോ. എം. സി. ദിലീപ് കുമാർ അനുസ്മരിച്ചു. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.
മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ സഹധർമ്മിണി മീര സെൻ, എൻഡോവ്മെന്റ് രേഖകൾ സർവ്വകലാശാലയ്ക്ക് കൈമാറി. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡോവ്മെന്റ് രേഖകൾ ഏറ്റുവാങ്ങി. സർവകലാശാല മുൻ സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. അരുൺ ബി. വർഗീസ്, പ്രൊഫ. കെ. ജി. കുമാരി, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ ഫോർ ഇന്ത്യൻ ജൂറിസ്പ്രൂഡൻസ് കോഓർഡിനേറ്റർ ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു. മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ മക്കളായ അഡ്വ. കേശവരാജ് നായർ, അഡ്വ. പാർവ്വതി നായർ, മരുമകൾ അഡ്വ. ഗാഥ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.