കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരുൾപ്പെടെ മലയോരജനതയ്‌ക്കെതിരെ നടത്തുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ്.

ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന രാജ്യത്തെ കർഷകർക്കെതിരെ പൊലീസ് വെടിവെച്ച് കർഷകൻ മരണപ്പെട്ടു. കേരളത്തിൽ സംസ്ഥാന സർക്കാർ വന്യജീവികളെയിറക്കി മലയോര ജനതയെ കൊല്ലുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണ്ണിന്റെ മക്കളുടെ ജീവനെടുക്കുന്നതിൽ ഒരേ തൂവൽപക്ഷികളായി മാറിയിരിക്കുന്ന ഭരണഭീകരത ആശങ്കപ്പെടുത്തുന്നതാണ്. കാർഷികോ ല്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിച്ച് സംഭരണത്തിന് തയ്യാറാകാതെ കാർഷികമേഖലയെ രാജാന്തര കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന ക്രൂരത കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. വനംവിട്ട് നാട്ടിലിറങ്ങുന്ന മൃഗങ്ങളെ വെടിവെയ്ക്കാൻ നിയമമുണ്ടായിട്ടും സംസ്ഥാന സർക്കാർ ഒളിച്ചോട്ടം നടത്തുന്നു.

ജനാധിപത്യരാജ്യത്ത് നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത് നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളാണ്. കർഷകരെയും മലയോരജനതയെയും കാലങ്ങളായി വഞ്ചിക്കുന്നത് ജനങ്ങൾ തെരഞ്ഞെടുത്തുവിട്ട ജനപ്രതിനിധികളാണ്. വരുംദിവസങ്ങളിൽ ജനപ്രതിനിധികൾക്കെതിരെ കർഷകർ സമരം ശക്തമാക്കും. ഡൽഹിയിൽ പൊലീസ് വെടിവെപ്പിൽ മരണപ്പെട്ട കർഷകൻ ശുഭ്കരൺ സിംങ്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ആദരാഞ്ജലികൾ അർപ്പിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി,എൻ.എഫ്.ആർ.പി.എസ്.ദേശീയ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളിൽ, രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, ജോയി കണ്ണഞ്ചിറ, പി ജെ ജോൺ മാസ്റ്റർ, നെൽക്കർഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ ലാലി, ഒ.ഐ. ഒ.പി. രക്ഷാധികാരി സുജി മാസ്റ്റർ കർഷകവേദി വൈസ് ചെയർമാൻ ടോമിച്ചൻ സ്‌കറിയ ഐക്കര, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ട്രഷറർ ജിന്നറ്റ് മാത്യം, വൈസ് ചെയർമാൻ ജോർജ് സിറിയക്, കൺവീനർ മനു ജോസഫ്, സിറാജ് കൊടുവായൂർ, ജോസഫ് തെള്ളിയിൽ, ഷാജി തുണ്ടത്തിൽ വിവിധ കർഷക സംഘടനാ നേതാക്കളായ ബിജോ മാത്യു, സിറിയക് കുരുവിള, അപ്പച്ചൻ ഇരുവേലിൽ, ജറാർഡ് ആന്റണി, ക്ലമന്റ് കരിയാപുരയിടം, വിജയൻ കൊരട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.