- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മൈൽ ഫൗണ്ടേഷന്റെ എൻഎക്സ്പ്ലോറേഴ്സ് കാർണിവലിൽ ശാസ്ത്ര പ്രദർശനവുമായി ഗ്രാമീണ വിദ്യാർത്ഥികൾ
കൊച്ചി: ഷെൽ ഇന്ത്യയുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ സ്മൈൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച എൻഎക്സ്പ്ലോറേഴ്സ് കാർണിവൽ ശനിയാഴ്ച തൃശ്ശൂർ ഹോട്ടൽ മെർലിൻ ഇന്റർനാഷണലിൽ നടന്നു. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാർണിവലിന്റെ ലക്ഷ്യം.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. അൻസാർ കാർണിവലിൽ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സർവ്വ ശിക്ഷാ പ്രൊജക്ട് കോർഡിനേറ്റർ ശശീധരൻ ഇ. സെന്റ്. തോമസ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡെയ്സൺ പനെങ്ങാടൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
19 സ്കൂളുകളിൽ നിന്നുള്ള 116 വിദ്യാർത്ഥികളുടെ ശാസ്ത്രം, സാങ്കേതിക വിദ്യ, എൻജിനിയറിങ്, ഗണിതശാസ്ത്രം(സ്റ്റെം) എന്നീ മേഖലകളിലെ തെരഞ്ഞെടുത്ത 40 പ്രൊജക്ടുകൾ കാർണിവലിൽ പ്രദർശിപ്പിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ദൈനംദിന പ്രശ്നങ്ങൾ നേരിടുന്നതിനും കാർഷിക മേഖലയുടെ നിലനിൽപ്പിന് ആവശ്യമായതും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ആവശ്യമായ പ്രവർത്തന മാതൃകകളും നൂതന ആശയങ്ങളുമായാണ് വിദ്യാർത്ഥികൾ എത്തിയത്.
ഇത്തരമൊരു പദ്ധതി തൃശൂർ ജില്ലയിൽ നടപ്പാക്കിയതിന് താൻ സ്മൈൽ ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്ന് ഡോ. അൻസാർ കെ.എ.എസ് പറഞ്ഞു. എൻഎക്സ്പ്ലോറേഴ്സ് പ്രോഗ്രാമിലൂടെ വിദ്യാർത്ഥികളുടെ കഴിവും കാഴ്ചപ്പാടും ഗുണകരമായ പരിവർത്തനത്തിന് ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി തങ്ങളുടെ ശാസ്ത്രീയ സർഗ്ഗാത്മകത ഉപയോഗിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതായും ഭാവിയിലും ഇത്തരം പദ്ധതികൾക്കായി കൈകോർക്കാമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെല്ലിന്റെ ആഗോള എസ്.ടി.ഇ.എം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്മൈൽ ഫൗണ്ടേഷൻ എൻഎക്സ്പ്ലോറേഴ്സ് ജൂനിയർ പ്രോഗ്രാം നടപ്പാക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിർദ്ദേശിക്കുന്നതുപോലെ പ്രാദേശിക ആഗോള വെല്ലുവിളികൾ സ്കൂൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കികൊടുക്കുകയും അവ അഭിമുഖീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഈ പദ്ധതി അതിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കൂടി വിഭാവനം ചെയ്തിരിക്കുന്നതാണ്.
നമ്മുടെ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു വേദിയൊരുക്കിയ സ്മൈൽ ഫൗണ്ടേഷനോട് നന്ദി പറയുന്നതായി ശശീധരൻ ഇ അറിയിച്ചു. ഈ അവസരത്തെ കൃത്യമായി വിനിയോഗിച്ച വിദ്യാർത്ഥികളും സ്കൂളുകളും പ്രകടിപ്പിച്ച അർപ്പണബോധത്തെയും താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ കുഞ്ഞുങ്ങൾ ലോകത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയുന്നുവെന്നതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് ഡോ. ജെയ്സൺ പനെങ്ങാടൻ പറഞ്ഞു.
തൃശ്ശൂർ ജില്ലയിലെ 77 സ്കൂളുകൾ കൂടാതെ ആന്ധ്രപ്രദേശിലെ തിരുപ്പതിയിലുള്ള 89 സ്കൂളുകളിലും, നെല്ലൂരിലെ 116 സ്കൂളുകളിലും തെലുങ്കാനയിലെ വാറങ്കൽ, ഖമ്മാം, ഹനുമകോണ്ട, ജയശങ്കർ ഭുപൽപള്ളി, ജംഗോവൻ, മുളുഗു, മഹാബുബബാദ്, ഭദ്രാദ്രി കോതഗുഡെം ജില്ലകളിലും സ്മൈൽ ഫൗണ്ടേഷൻ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്.