- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുള്‍പൊട്ടല്‍: ആദ്യഘട്ട സഹായം കൈമാറി മര്‍കസ്
കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെയും മഴക്കെടുതികളെയും തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ക്കായി അവശ്യ സാധനങ്ങള്‍ ശേഖരിച്ച് മര്‍കസ് സ്ഥാപനങ്ങള്‍. കുടിവെള്ളം, പുതിയ വസ്ത്രങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ശുചിത്വ ഉപകരണങ്ങള്‍, പാക്കറ്റ് ഫുഡ്‌സ് എന്നീ വസ്തുക്കളാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ച് കോഴിക്കോട് കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ എത്തിച്ചത്. അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍ സാമഗ്രികള്‍ സ്വീകരിച്ചു. കാരന്തൂരിലെ മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലെ കളക്ഷന്‍ പോയിന്റ് വഴിയും കൈതപ്പൊയില്‍ പബ്ലിക് സ്‌കൂള്‍ മുഖേനയുമാണ് പ്രധാനമായും അവശ്യസാധനങ്ങള്‍ സ്വരൂപിച്ചത്.
മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാരും വിദ്യാര്‍ഥികളും രക്ഷിതാക്കളും സഹകാരികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് കളക്ഷന്‍ പോയിന്റുകളില്‍ സഹായങ്ങള്‍ എത്തിച്ചത്. വരും ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് കൂടുതല്‍ സഹായങ്ങള്‍ മര്‍കസ് കൈമാറും. ഇതിനായി ജില്ലയിലെ വിവിധ ക്യാമ്പസുകളിലും സംസ്ഥാനത്തെ പലസ്ഥലങ്ങളിലും കളക്ഷന്‍ സെന്ററുകള്‍ സംവിധാനിച്ചിട്ടുണ്ട്. ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും അടുത്ത ദിവസങ്ങളില്‍ മര്‍കസ് പങ്കുവഹിക്കും. ആദ്യഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഉനൈസ് മുഹമ്മദ് കെ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ലിനീഷ് ഫ്രാന്‍സിസ്, മര്‍കസ് വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.