പാലാ: പാലാ നഗരത്തിലെ നടപ്പാതകള്‍ കൈയ്യേറിക്കുള്ള പാര്‍ക്കിംഗുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ചിലയാളുകള്‍ രാവിലെ മുതല്‍ രാത്രി വൈകിവരെ നഗരത്തിലെ പലയിടങ്ങളില്‍ നടപ്പാതകള്‍ കൈയ്യേറി സ്ഥിരം പാര്‍ക്കിംഗുകള്‍ നടത്തുകയാണ്. ഇത് കാല്‍നടക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം നടപടികള്‍മൂലം മിക്കയിടങ്ങളിലും റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവര്‍. ഇത് മൂലംഅത്യാവശ്യ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ട്.

സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികളും ഇതുമൂലം വലയുന്നുണ്ട്. വിവിധ സ്ഥാപനങ്ങള്‍ നടപ്പാത കൈയ്യേറി തങ്ങളുടെ പാര്‍ക്കിംഗ് ഏരിയാ കള്‍ ആക്കി മാറ്റിയിട്ടുണ്ട്. ഈരാറ്റുപേട്ട റൂട്ടില്‍ മഹാറാണി കവല മുതല്‍ ചെത്തിമറ്റംവരെയുള്ള ഭാഗത്ത് ഇരുവശത്തും നടപ്പാതകള്‍ ഒട്ടേറെപ്പേര്‍ സ്ഥിരം പാര്‍ക്കിംഗ് കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. വീതി കുറഞ്ഞ നഗരത്തിലെ ചെറിയ റോഡുകളിലും അനധികൃത പാര്‍ക്ക് കാല്‍ നടക്കാര്‍ക്കും ദുരിതം സൃഷ്ടിക്കുന്നുണ്ട്. നഗരത്തില്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് പാര്‍ക്കു ചെയ്യുന്നവര്‍ക്കെതിരെയും നടപ്പാത കൈയ്യേറിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ജസ്റ്റിന്‍ ജോര്‍ജ്, ബിനു പെരുമന, ജോബി മാത്യു, വിഷ്ണു കെ ആര്‍, അമല്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.