മഞ്ചേരി :കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 18-ാം സംസ്ഥാന സമ്മേളനം 2024 ഒക്ടോബര്‍ 26,27 ശനി ഞായര്‍ ദിവസങ്ങളില്‍ മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിലെ ആര്യാടന്‍ മുഹമ്മദ് നഗറില്‍ നടക്കും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം അവകാശ സംരക്ഷണത്തിന്റെ സമര സന്നാഹമായി മാറും.

വിവിധ സെക്ഷനുകളിലായി ദേശീയ സംസ്ഥാന നേതാക്കളും ട്രേഡ് യൂണിയന്‍ ഭാരവാഹികളും, പ്രമുഖ സഹകാരികളും സമ്മേളനത്തിന്റെ ഭാഗമാകും. വിവിധ പ്രമേയങ്ങളും ഉണ്ടാകും.സമ്മേളനത്തിന് മുന്നോടിയായി 15 ദിവസം നീണ്ടു നില്‍ക്കുന്ന 'സമ്മേളന സന്ദേശ സമര പ്രചാരണ കേരള യാത്ര' യും സംഘടിപ്പിക്കും.

സ്വാഗത സംഘ രൂപീകരണ സംസ്ഥാന കണ്‍വെന്‍ഷന്‍ മഞ്ചേരിയില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് പ്രസിഡന്റ് മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹുസ്സൈന്‍ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി.സി.സി അംഗങ്ങളായ പറമ്പന്‍ റഷീദ്, വി.സുധാകരന്‍, ഡി.സി.സി സെക്രട്ടറി ഇ.പി. രാജീവ്, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ജോസ് മണ്ണുത്തി, ട്രഷറര്‍ സുരേഷ് താണിയില്‍, മുന്‍ ജനറല്‍ സെക്രട്ടറിമാരായ ടി. ശബരീഷ് കുമാര്‍, എം.കെ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഇ.ടി.രാജീവ്, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു. മഞ്ജുഷ, ശ്രീരോഹിത് പയ്യനാട്, മെഹറൂഫ് പട്ടര്‍ക്കുളം, തുടങ്ങിയവര്‍ സംസാരിച്ചു.