തിരുവനന്തപുരം: ഒരു രാത്രിമുഴുവൻ കെട്ടിയിട്ടു മൃഗീയമായ പീഡനം. സാംസ്കാരിക മുന്നേറ്റമുള്ള നാട് എന്നവകാശപ്പെടുന്ന കേരളത്തെ ശരിക്കും ലജ്ജിപ്പിക്കുന്ന പീഡനമാണ് ഭരതന്നൂരിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രി നടന്നത്. വൈദ്യശാസ്ത്ര രംഗത്ത് ജോലി ചെയ്യുന്ന ആൾ തന്നെയാണ് ഈ കടുംകൈ ചെയ്തത് എന്നതാണ് നടുക്കുന്ന കാര്യം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് 44 കാരിയായ ഹോം നഴ്‌സിനെ വീട്ടിൽ വിളിച്ചുവരുത്തിയാണ് പ്രദീപ് എന്ന നരാഥമൻ കടുംകൈ പ്രവർത്തിച്ചത്. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം (പി.എച്ച്.സി) ജൂനിയർ ഹെൽത്ത് ഇൻസ്പെ്കടറായ ഇയാളെ അറസ്റ്റു ചെയ്തതിന് പിന്നാലെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

അതിക്രൂരമായ ബലാത്സംഗത്തിന്റെ വാർത്ത കേട്ട് കേരളം ശരിക്കും ഞെട്ടുന്ന അവസ്ഥയാണുള്ള്ത്. കൈകാലുകൾ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി മൃഗീയമായ വേട്ടയാടലിനാണ് ഒരു രാത്രി മുഴുവൻ ഹോം നഴ്‌സ് ഇരയായത്. ചിതറ സ്വദേശിയായ പ്രതി വാടകയ്ക്ക് താമസിക്കുന്ന ഭരതന്നൂരിലെ വീട്ടിൽ ഈ മാസം മൂന്നിനായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നഴ്‌സായ കുളത്തൂപ്പുഴ സ്വദേശിനി നാട്ടിൽ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായി. പരിശോധന നടത്തിയത് പ്രദീപിന്റെ മേൽനോട്ടത്തിലായിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി പി.എച്ച്.സിയിൽ വിളിച്ചപ്പോൾ പ്രദീപാണ് ഫോൺ എടുത്തത്. മൂന്നാം തീയതി ഉച്ചയ്ക്കുശേഷം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.

കൈക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുള്ള ഡോക്ടറെ കാണാൻ സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്. വെള്ളറടയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ സ്ത്രീ അവിടെ നിന്നാണ് ഭരതന്നൂരിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇവിടെ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നതുകൊടും ക്രൂരതകളായിരുന്നു. ക്വാറന്റൈൻ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്‌ഐആറിലുള്ളത്.

വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പിടിച്ച് തള്ളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതൽ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. ഇയാൾ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു.

പീഡനത്തിന് ഇരയായ യുവതി പിറ്റേന്ന് വെള്ളറടയിലെ ബന്ധുവീട്ടിലെത്തി. അവശതകണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം പറഞ്ഞത്. വെള്ളറട പൊലീസിൽ പരാതി നൽകി. സംഭവം പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് പരാതി കൈമാറി. പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. പ്രദീപിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. യുവതിയെയും സ്ഥലത്തെത്തിച്ചു മൊഴിയെടുത്തു.