കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ വനിതാവിഭാഗം സ്ത്രീശക്തി സാൽമിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യഉത്പന്നങ്ങൾ വിതരണം ചെയ്തു. ഡോ.പി.എസ്.എൻ മേനോൻ ഭക്ഷ്യോത്പന്നങ്ങൾ അടങ്ങുന്ന കിറ്റ് വിതരണോദ്ഘാടനം ചെയ്തു.

കുറഞ്ഞ വരുമാനക്കാരായ സ്ത്രീതൊഴിലാളികൾക്കാണ് ഉത്പന്നങ്ങൾ വിതരണം ചെയ്തത്. അരി, ഗോതമ്പ്, പഞ്ചസാര, തേയില, പാൽപൊടി, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങൾ കിറ്റുകളാക്കിയാണ് വിതരണം ചെയ്തത്. സാൽമിയ ഏരിയയിലെ കാരുണ്യസ്നേഹികളാണ് ഇവയെല്ലാം സംഭാവന ചെയ്തത്.

സ്ത്രീശക്തി ഏരിയ പ്രസിഡന്റ് ശ്രീകലദിലീപിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി രശ്മി അജയ് സ്വാഗതം ആശംസിച്ചു. ഡോ.പി.എസ്.എൻ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് കൃഷ്ണകുമാർ ആശംസാ പ്രസംഗം നടത്തി. സെൻട്രൽ ജോയിന്റ് സെക്രട്ടറി രാധികാ രാജേന്ദ്രൻ നന്ദി അറിയിച്ചു. ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ. സുമോദ്, സ്ത്രീശക്തി സെൻട്രൽ ജനറൽ സെക്രട്ടറി വിദ്യാസുമോദ് എന്നിവർ സന്നിഹിതരായിരുന്നു. സ്ത്രീശക്തി സെൻട്രൽ വൈസ് പ്രസിഡന്റ് ചന്ദ്രിക രവികുമാർ ചടങ്ങിന് നേതൃത്വം നൽകി.