ൽഹിയിൽ നിന്നും ജയ്‌പ്പൂരിലേക്കുള്ള യാത്രയിൽ ഭരത്പൂർ എത്തുമ്പോൾ റോഡരികിൽ നിൽക്കുന്ന സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും കാണാം. കയർ വരിഞ്ഞുകെട്ടിയ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നവരെയും കാണാം കൂട്ടത്തിൽ. അതിനരികിൽ ഹുക്കയും.

വണ്ടിയുടെ വേഗത കുറയുന്നുവെന്ന് കണ്ടാൽ അവരിൽ ഒരുണർവുണ്ടാകും. കടും ചായം പുരട്ടിയ ചുണ്ടുകളിൽ വശ്യമായ പുഞ്ചിരി തെളിയും. കരിമഷിയെഴുതിയ കണ്ണുകൾ യാത്രക്കാരനെ മാടി വിളിക്കും.

'സാബ്ജി, ഇരിക്കുന്നില്ലേ, ക്ഷീണം തീർത്തിട്ട് പോകാം'
പതിറ്റാണ്ടുകളായി വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച

ബേഡിയ വർഗക്കാരാണിവർ. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാർഗം വേശ്യാവൃത്തിയാണ്. പുരുഷന്മാർ ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കിൽ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിമ്പായി പ്രവർത്തിക്കും.. അവർ സമ്പാദിക്കുന്ന പൈസയാൽ വില കൂടിയ കാറുകളും ആഡംബരവസ്തുക്കളും ഉപയോഗിക്കുന്നത് പുരുഷന്മാരാണ്.
രാജസ്ഥാൻ സർക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികൾക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി ഒരു ദിവസം സമ്പാദിക്കുന്ന ഇവർക്ക് മറ്റു തൊഴിലുകളിൽ താൽപ്പര്യമില്ല. വിദ്യാഭ്യാസം തീരെയില്ലാത്തതിനാൽ അവർക്ക് കൂലിപ്പണിയല്ലാതെ വേറൊരു ജോലിയും ചെയ്യാനും സാധിക്കില്ല. പെൺകുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോൾ മാതാപിതാക്കൾ ഏറ്റവും കൂടുതൽ കാശ് നൽകാൻ തയ്യാറുള്ള വ്യക്തിക്ക് അവളെ കൈമാറ്റം ചെയ്യുന്നു. പലപ്പോഴും തദ്ദേശത്തെ സമീന്ദാർ ആയിരിക്കും പെൺകുട്ടിയെ വിലകൊടുത്ത് വാങ്ങുന്നത്. അയാളുടെ ഉപയോഗശേഷം അവളുടെ കന്യകാത്വം നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കി തൊഴിലിലേക്ക് ഇറക്കപ്പെടും.

'ഒരിക്കലും ആരെയും ഈ തൊഴിലിലേക്കിറങ്ങാൻ നിർബന്ധിക്കാറില്ല. വിവാഹം വേണോ അതോ തൊഴിലിലേക്കിറങ്ങുന്നോ എന്ന ചോദ്യം എല്ലാ പെൺകുട്ടികളോടും ചോദിക്കുക എന്നത് ഒരു ചടങ്ങാണ്. ഒട്ടുമിക്കവരും വിവാഹം എന്ന കെട്ടുറപ്പില്ലാത്ത വ്യവസ്ഥിതിയോട് താൽപ്പര്യമില്ലാത്തവരാണ്. കാലാകാലങ്ങളിലായി തൊഴിൽചെയ്യാതെ ജീവിക്കുന്ന പുരുഷന്മാരെ കാണുന്ന അവർ വേശ്യാവൃത്തി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നു. വിവാഹിതയാകുന്ന പെൺകുട്ടിയുടെ അവസ്ഥയും വ്യത്യസ്തമല്ല. അവളുടെ ഭർത്താവ് തന്നെയായിരിക്കും അവളുടെ പിമ്പായി പ്രവർത്തിക്കാൻ ആദ്യം ശ്രമിക്കുക'

'പെൺകുട്ടികൾ ജനിക്കുന്ന ദിവസം ഞങ്ങൾക്ക് ആഘോഷമാണ്. കാരണം വരുമാനമാർഗമായി ഒരു പെൺകുട്ടി കൂടെ പിറക്കുന്നു. നമ്മുടെ സമൂഹം വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും കൽപ്പിക്കുന്നില്ല. മുത്തശ്ശിമാരും, അമ്മമാരും, ചേച്ചിമാരും പെൺകുട്ടികളെ പഠിപ്പിക്കുന്നത് ഒരു പുരുഷനെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും എന്നതാണ്. കാരണം തൊഴിലിൽ വൈദഗ്ദ്യം ഉള്ളവർക്കേ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും തുടർച്ചയായി വരുത്തുവാനും വരുമാനം വർധിപ്പിക്കാനും കഴിയൂ'

'പതിറ്റാണ്ടുകൾക്ക് മുൻപ് ഞങ്ങളുടെ പൂർവികർ നാടൻ പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും ആഭിചാരക്രിയകളിലൂടെയും ആയിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. കാലക്രമേണ കുടുംബത്തിലെ മൂത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീകൾ മുഴുവനായും ഈ തൊഴിലിൽ ഏർപ്പെടുന്നത് പതിവായി. ഒരു ദിവസം മൂവായിരം മുതൽ നാലായിരം വരെ സമ്പാദിക്കുന്ന പെൺകുട്ടികൾ അതിൽ നിന്നും പിമ്പായി പ്രവർത്തിക്കുന്ന അച്ഛന്, സഹോദരന്, ഭർത്താവിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ മാസ ചെലവിനായി നൽകുന്നു.'

'മുംബൈയിലെ ഡാൻസ് ബാറുകൾ സജീവമായ സമയത്ത് ഞങ്ങളുടെ പെൺകുട്ടികൾ പ്രതിമാസം ലക്ഷങ്ങളും കോടികളും സമ്പാദിച്ചിരുന്നു. ഡാൻസ് ബാറുകളുടെ അടച്ചുപൂട്ടലോടെ അവർ വീണ്ടും ഈ തൊഴിലിലേക്ക് തിരിച്ചു വന്നു'

'ചെറിയ പെൺകുട്ടികൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിലൂടെ പോകുന്ന യാത്രക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ മുതൽ കോടീശ്വരന്മാരും വിദേശികളും ഞങ്ങളുടെ പെൺകുട്ടികളുടെ കിടപ്പറയിലെത്താറുണ്ട്. വിദേശികൾ രൂപയുടെ കൂടെ അവരുടെ കറൻസികളും നൽകാറുണ്ട്. ഇത്തരത്തിലുള്ള വരുമാനത്തിന്റെ വർദ്ധനവിനാൽ കൂടുതൽ പെൺകുട്ടികൾ ഈ തൊഴിലിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്'
ഗതകാലസ്മരണകളോടെ ഹുക്ക വലിച്ച് തന്റെ വർഗത്തിന്റെ കഥ പറഞ്ഞു തരുന്ന ഒരു മുത്തശ്ശിയുടെ വാക്കുകൾ

കുറിപ്പ് : ഷാജിയുടെ Shaji Km Shaji കേരളം മനോഹരമാണ് - അഞ്ചു ഡോളർ തന്ന് എന്നെ സ്വീകരിക്കൂ എന്ന് പറയുന്ന പതിമൂന്ന് വയസ്സുള്ള ബ്രസീലിയൻ പെൺകുട്ടിയെ കണ്ട ബി ബി സി യുടെ റിപ്പോർട്ടർ വിയസ് ഡേവിസിന്റെ ചിന്തകൾ പകർത്തിയ പോസ്റ്റ് കണ്ടപ്പോൾ ഇതിവിടെ ഇടണമെന്ന് തോന്നി.

നമ്മുടെ നാടും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. പക്ഷേ ദാരിദ്ര്യം മാത്രം കാരണമായതുകൊണ്ടല്ല. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും ആഡംബരവസ്തുക്കളിൽ ഭ്രമിക്കുന്ന പെൺകുട്ടികൾ രഹസ്യമായും പരസ്യമായും വേശ്യാവൃത്തി സ്വീകരിക്കുന്നുണ്ട്. കോളേജിലെ കുട്ടികൾ തന്റെ അടുത്ത അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് ഒന്നോ രണ്ടോ മാസം നഗരങ്ങളിൽ തങ്ങി പിമ്പുകളുടെ സഹായത്തോടെ വരുമാനം സമ്പാദിക്കുന്നത് പട്ടിണി കാരണമല്ല. മറിച്ച് അടുത്ത ഒരു വർഷത്തേക്ക് ഉടുക്കാനുള്ള വില കൂടിയ വസ്ത്രങ്ങളും ആഡംബരവസ്തുക്കളും വാങ്ങി കോളേജിൽ ഞാനും ആരുടേയും പിന്നിലല്ല എന്ന് തെളിയിച്ചു കൊടുക്കാനാണ്..

(ലേഖകൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് പനപ്രസിദ്ധീകരിക്കുന്നു)