- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകർ; ഡിസംബർ 27നുള്ള മൻ കി ബാത്ത് തീരുന്നതുവരെ വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധം അറിയിക്കണമെന്ന് ആഹ്വാനം; നാളെ മുതൽ നിരാഹാര സമരവും; 'കിസാൻ ദിവസി'ൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുനേരത്തേ ഭക്ഷണം ഒഴിവാക്കാൻ ജനങ്ങളോടും അഭ്യർത്ഥന
ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്ത് ബഹിഷ്കരിക്കാൻ കർഷകർ ആഹ്വാനം ചെയ്തു. ഡിസംബർ 27നുള്ള മൻ കി ബാത്ത് തീരുന്നതുവരെ വീടുകളിൽ പാത്രം കൊട്ടി പ്രതിഷേധം അറിയിക്കണമെന്നാണ് കർഷക സംഘടനാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭം 25ാം ദിവസം പിന്നിട്ടപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കർഷകരുടെ ആഹ്വാനം.
ഡിസംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തി'ൽ സംസാരിക്കുന്ന സമയം വീടുകളിൽ പാത്രം കൊട്ടാൻ അഭ്യർഥിക്കുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ജഗജിത് സിങ് ദാലേവാല പറഞ്ഞു. ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ ഹരിയാണയിലെ ടോൾ പ്ലാസകളിലൂടെ സൗജന്യമായി വാഹനങ്ങൾ കടത്തിവിടുമെന്നും ദല്ലേവാല പറഞ്ഞു. കിസാൻ ദിവസ് ആയ ഡിസംബർ 23ന് ഒരുനേരം ഭക്ഷണം ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്ന് രാകേഷ് ടിക്കായത്തും പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുക്കുന്നവരെ അഭിനന്ദിക്കാൻ വീടുകളിൽ ഇരുന്ന് പാത്രവും കൈയും കൊട്ടണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനമാണ് സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി അനുകരിക്കാൻ കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നത്.
നാളെമുതൽ റിലേ നിരഹാരാ സമരം ആരംഭിക്കുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക ദിനമായ ഡിസംബർ 23 'കിസാൻ ദിവസി'ൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുനേരത്തേ ഭക്ഷണം ഒഴിവാക്കാനും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നും ഉത്തർപ്രദേശിലെ മീറത്തിൽ നിന്നുമുള്ള കർഷകരാണ് സമരത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പുറപ്പെട്ടത്. ഗസ്സിപൂർ അതിർത്തിയിലെ സമരത്തിൽ ചേരാൻ മീറത്തിൽ നിന്നുള്ള കർഷകർ ട്രാക്ടർ മാർച്ചായാണ് പുറപ്പെട്ടത്. '11 ഗ്രൂപ്പുകളായി നിരാഹാര സമരം നടത്തുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള യൂണിയനുകളും അവരുടെ ശക്തിക്കനുസരിച്ച് സഹകരിക്കണം' -സിംഘു അതിർത്തിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ സ്വരാജ് ഇന്ത്യ പ്രസിഡൻറ് യോഗേന്ദ്ര യാദവ് പറഞ്ഞു.
മറുനാടന് ഡെസ്ക്