തൃശൂർ: ഭാവനയുടെ വിവാഹം കഴിഞ്ഞു. തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ നക്ഷത്രത്തിളക്കത്തോടെ നടിയെത്തിയപ്പോൾ പഴുതുകളടച്ചുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ആരാധകരും ശത്രുക്കളും ഏറെയുള്ള നടിയുടെ വിവാഹം തൃശൂർ ആഘോഷത്തോടെ ഏറ്റെടുത്തു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള സുഹൃത്തുക്കളും ക്ഷേത്രത്തിലെത്തി. അതിനപ്പുറം ബന്ധുക്കൾ മാത്രമാണ് ഭാവനയുടെ താലികെട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്. സുരക്ഷാകാരണങ്ങളാൽ കഴിയുന്നതും വേണ്ടപ്പെട്ടവരെ മാത്രമേ താലികെട്ടിന് പങ്കെടുപ്പിക്കാവൂവെന്ന നിർദ്ദേശം പൊലീസ് ഭാവനയുടെ ബന്ധുക്കൾക്ക് നൽകിയിരുന്നു. ഇത് പാലിച്ചായിരുന്നു വിവാഹം.

കന്നട നിർമ്മാതാവ് നവീനാണ് വരൻ, ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. സ്വർണ നിറത്തിലുള്ള ഡിസൈനർ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്. ഒപ്പം ട്രഡീഷണൽ ശൈലിയിലുള്ള ആഭരണങ്ങളും. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും ചുവപ്പു കല്ലുകളോടു കൂടിയ നെറ്റിചുട്ടിയും ഭാവനയെ അതിസുന്ദരിയാക്കി. മുടി പിറകിൽ വട്ടത്തിൽ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് വധു ക്ഷേത്രത്തിലെത്തി. നവീനാകട്ടെ പരമ്പരാഗത വേഷവും. മുണ്ടും മേൽമുണ്ടും അണിഞ്ഞായിരുന്നു നവീൻ എത്തിയത്. കേരളീയ ശൈലിയിലായിരുന്നു ചടങ്ങുകളെല്ലാം. ഏറെ നാളായി ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട പലതരം അഭ്യൂഹങ്ങളും പരന്നിരുന്നു. സിനിമയിലെ ശത്രുക്കളായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ കനത്ത സുരക്ഷ പൊലീസ് ഒരുക്കി.