ബംഗ്‌ളുരു: മലയാള സിനിമയിൽ ഭാവനയ്ക്ക് നല്ല വാർത്തകളൊന്നും കേൾക്കാനില്ല. ആരും അഭിനയിക്കാൻ വിളിക്കുന്നു പോലുമില്ല. എന്നാൽ കന്നഡിയിൽ അങ്ങനെ അല്ല കാര്യങ്ങൾ. വിവാഹത്തിന് ശേഷം ഭാവനയുടേതായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഉയരുന്നത്. 

സൂപ്പർസ്റ്റാറായ ശിവരാജ്കുമാർ നായകനായെത്തുന്ന തഗരു കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോകുകയാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിന്റെ സന്തോഷമായാണ് തിങ്കളാഴ്ച ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ വച്ച് നടിക്ക് നിർമ്മാതാവ് ഒരു സമ്മാനം നൽകുകയുണ്ടായി. വെള്ളി കൊണ്ടുള്ള ഉടവാളാണ് ഭാവനയ്ക്ക് നിർമ്മാതാവ് കെ.പി. ശ്രീകാന്ത് സമ്മാനിച്ചത്.

വിജയത്തിന്റെ സൂചകമായി ഉടവാൾ സമ്മാനിക്കുന്നത് കർണാടകയിലെ ഒരാചാരമാണ്. പുനിത് രാജ് കുമാറിന്റെ ജാക്കി എന്ന ചിത്രം ഒരുക്കിയ സൂരിയാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. കന്നഡ നിർമ്മാതാവായ നവീനുമായുള്ള വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലാണ് നടന്നത്.