കൊച്ചി: അന്ന് രാത്രിൽ സംഭവിച്ച്ത് തന്റെ വിദൂരമായ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തുറന്ന് പറയുകയാണ് ഭാവന. ഇപ്പോഴുള്ള സംഭവങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്നു കരുതുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടാകാം എന്നു തന്നെയാണ് എന്റെ മറുപടി-ഭാവന പറയുകയാണ്.

ലൊക്കേഷനിലെ വാഹനങ്ങൾ ഓടിക്കുന്ന സാധാരണക്കാരനായ ഒരു ഡ്രൈവർക്ക് ഇത്രയ്ക്കും ധൈര്യം ഉണ്ടാകുമോ? പക്ഷെ ആര്? എപ്പോൾ? എന്തിന്? എങ്ങനെ? അതിനുള്ള മറുപടിയൊന്നും തന്റെ കൈവശമില്ല. സിനിമയിൽ എന്നോട് ശത്രുതയുള്ളവരാണ് ഇതിനു പിന്നിൽ എന്നും പറയുന്നില്ല. പക്ഷെ ഇതൊരു പൈസ പ്രശ്‌നം മാത്രമാണെന്നു പറഞ്ഞാൽ ചില കണ്ണികൾ യോജിക്കാതെ വരും. എന്റെ മനസ്സിൽ ചില ചോദ്യങ്ങളുണ്ട്. അവയ്ക്ക് തൃപ്തികരമായ ഉത്തരം കിട്ടാതെ കേസ് ഒതുക്കാനാണു തീരുമാനമെങ്കിൽ വിജയം വരെ പോരാടാനാണ് തീരുമാനമെന്നും ഭാവന പറയുന്നു.

എന്താണ് സംഭവമെന്ന് പറയാതെ എല്ലാം വിശദീകരിക്കുകായണ് ഭാവന. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സംശയം തന്നെയാണ് വനിതയുടെ വിഷുപതിപ്പിലെ അഭിമുഖത്തിൽ ഭാവന വ്യക്തമാക്കുന്നത്. ഈ സംഭവത്തിന്റെ പേരിൽ കുറ്റപെടുത്തിയവർക്കുള്ള മറുപടിയും ഭാവന പറയുന്നുണ്ട്. സിനിമാനടിയായതുകൊണ്ടാണ്, ഒറ്റയ്ക്കു യാത്ര ചെയ്തതു കൊണ്ടാണ്, രാത്രി യാത്ര ഒഴിവാക്കണമായിരുന്നു എന്നൊക്കെ പറയാം. അവർ ഒരു ശതമാനം മാത്രം. ബാക്കിയുള്ള തൊണ്ണൂറ്റി ഒമ്പതു ശതമാനം പേർ തന്ന പിന്തുണ വലുതായിരുന്നു. ഇതിന് ഓരോരുത്തരോടും നന്ദി പറയുന്നു. തെറ്റ് കണ്ടാൽ ഞാൻ ഉറക്കെ പറയും. അതായിരിക്കും താൻ ആക്രമിക്കപെടാനുള്ള കാരണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ വിധിച്ചാൽ പ്രതിഷേധിക്കുന്നത് തന്റെ കുട്ടികാലം മുതലുള്ള സ്വഭാമാണ്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് അച്ഛനോടും അമ്മയോടും വരെ പറയും. തെറ്റ് ചെയ്തു ബോധ്യമുണ്ടായാൽ എല്ലാ ശിക്ഷയും ഏറ്റു വാങ്ങാനും തയാറായിരുന്നു. ഇപ്പോഴും ഇത് തന്നെയാണ് തന്റെ മനോഭാവമെന്നും ഭാവന പറയുന്നു.

വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യത്തിനും വ്യക്താമായ ഉത്തരമുണ്ട് ഭാവനയ്ക്ക്. അഭിനയിക്കേണ്ട എന്ന ഒരു തീരുമാനവും തങ്ങൾ ഇതുവരെയെടുത്തിട്ടില്ല. . നല്ല കഥാപാത്രങ്ങൾ കിട്ടുകയാണെങ്കിൽ വിവാഹശേഷവും അഭിനയിക്കും. കാരണം ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം സിനിമയാണ്. താൻ സിനിമയിൽ അഭിനയിക്കരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നതു പോലെ തോന്നാറുണ്ട്. അവരുടെ ആഗ്രഹം പോലെ സിനിമ എന്തായാലും ഉപേക്ഷിക്കില്ലെന്നാണ് ഭാവന പറയുന്നത്. അഭിനയജീവിതത്തിന്റ തുടക്കം മുതലുള്ള വേട്ടയാടലുകളെ കുറിച്ചും ഭാവന വനിതാ വായനക്കാർക്ക് മുന്നിൽ തുറന്ന് പറയുന്നുണ്ട്.

പതിനഞ്ചു വയസുള്ളപ്പോഴാണ് ഞാൻ സിനിമയിൽ വരുന്നത്. അന്നുമുതൽ ഞാൻ കേൾക്കുന്ന അപവാദങ്ങൾക്ക് കൈയും കണക്കുമില്ല. സിനിമാനടിയാണ് ആർക്കു എന്തും പറയാം. ആരും ഒന്നും ചോദിക്കാനും പറയാനുമില്ല. എങ്കിലും സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നു പോകുന്നു. എന്നെക്കുറിച്ച് കേട്ട കഥകളിൽ കൂടുതലും അബോർഷനെക്കുറിച്ചാണ്. ഞാൻ അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു. ആലുവയിൽ പോയി അബോർഷൻ ചെയ്തു. തൃശ്ശൂരിൽ പോയി ചെയ്തു. ഒരു വർഷം കുറഞ്ഞത് പത്ത് അബോർഷൻ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതൽ കൂടുതൽ സിനിമ കിട്ടുന്നത്. ഞാനിപ്പോൾ ആ സംവിധായകന്റെ കൂടെയാണ്. അങ്ങനെയുള്ള കഥകൾ വേറെ.

എനിക്കന്ന് പതിനാറ് വയസാണെന്ന് പോലും ഓർക്കതെയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. സ്വന്തം വീട്ടിലെ മക്കളെയെങ്കിവും ഓർത്തിരുന്നെങ്കിൽ ഇങ്ങനെ പറയാൻ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോൾ തലയിൽ കൈയും വച്ച് നിലവിളിച്ചിട്ടുണ്ട്. മനസിൽ കരുതാത്ത കാര്യങ്ങൾ കേട്ട്, തലചുറ്റി വീണിട്ടുണ്ട്. അപവാദങ്ങൾ കേട്ടിട്ട് ഞാൻ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാവില്ലെന്നും ഭാവന പറയുന്നു. അച്ഛന്റേയും അമ്മയുടേയുംകൂട്ടുകാരുടേയും പിന്തുണകൊണ്ട് മാത്രമാണ് ഈ പ്രതിസന്ധഘട്ടങ്ങൾ തരണം ചെയ്യാൻ സാധിച്ചത്. നീ എങ്ങനെയുള്ള ആളാണെന്ന് അറിയാത്ത, നിന്നെ അറിഞ്ഞുകൂടാത്ത കുറെപ്പേർ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ അത് നീ ആരാണെന്നും എന്താണെന്നും അറിയാവുന്നവർ കാര്യമാക്കില്ലെന്ന അവരുടെ അഭിപ്രായമാണ് കരുത്ത്് നൽകിയതെന്നും ഭാവന പറയുന്നു.