കൊച്ചി: അതിന് ഞാൻ എങ്ങോട്ടും പോകുന്നില്ലല്ലോ. ഇനി സിനിമയിലേക്കില്ല എന്നൊന്നും പറയുന്നില്ല. നല്ല റോളുകൾ വന്നാൽ തീർച്ചയായും അഭിനയിക്കും. വിവാഹം കഴിഞ്ഞാൽ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താൽപര്യമില്ല. നിന്റെ കരിയർ തുടരണം എന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമയാണ് എന്നും പിന്തുണച്ചിട്ടുള്ളത്. അതുകൊണ്ട് ഒരിക്കലും മലയാള സിനിമയെ വിട്ടുപോകില്ലെന്ന് ഭാവന പറയുന്നു. വിവാഹശേഷം 'വനിത'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഭാവന മനസ്സ് തുറക്കുന്നത്.

നവീനെ കുറിച്ച് ചോദിച്ചപ്പോൾ ഭാവനയുടെ മറുപടി ഇങ്ങനെ-ഞാൻ ട്രാൻസ്പരന്റ് ആണ്, അങ്ങനെ തന്നെയാണ് നവീനും. ഇഷ്ടക്കേടുകൾ തുറന്നു പറയും. അച്ഛൻ വിളിക്കുന്ന പോലെ 'കാർത്തി' എന്നോ സിനിമയിലെ പോലെ 'ഭാവന' എന്നോ അല്ല നവീൻ വിളിക്കുന്നത്, 'ബുജ്ജു' എന്നാണ്. കന്നഡയിൽ 'ബുജ്ജു' എന്നാൽ ചെല്ലക്കുട്ടി എന്നാണ് അർത്ഥം. ജീവിതത്തിൽ നിർഭാഗ്യകരമായ അനുഭവമുണ്ടായപ്പോൾ ആദ്യം വിളിച്ചത് നവീനെ.

മണിക്കൂറുകൾക്കുള്ളിൽ ബംഗളൂരുവിൽനിന്ന് നവീൻ കൊച്ചിയിലെത്തി. എല്ലാ സപ്പോർട്ടും തന്ന് കൂടെനിന്നു. അതോടെയാണ് അഞ്ചു വർഷം രഹസ്യമായി കൊണ്ടു നടന്ന പ്രണയം എല്ലാവരും അറിഞ്ഞത്. ഇതുവരെ ജീവിതത്തിൽ സംഭവിച്ചതൊക്കെ നവീനോട് തുറന്നു പറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രണയവും പ്രണയനഷ്ടവും കുട്ടിക്കാലത്തെ തമാശകളും സിനിമയും യാത്രകളുമൊക്കെ. നവീനുമുണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം-ഭാവന പറയുന്നു.