വിജയുടെ ബിഗ് ബജറ്റ് ചിത്രമായ പുലിയിൽ അഭിനയിക്കാൻ മലയാളി താരം ഭാവനക്ക് ക്ഷണം ലഭിച്ചിരുന്നെന്നും. എന്നാൽ നടിക്ക് ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചില്ലെന്നുമുള്ള വാർത്ത മുമ്പ് പുറത്ത് വന്നിരുന്നു. ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിനു വേണ്ടി അമേരിക്കയിൽ ആയിരുന്നപ്പോഴാണ് ഭാവനയ്ക്കു പുലിയിൽ നിന്ന് ക്ഷണം വന്നതെന്നും അതിനാൽ ചിത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നുമാണ് വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ തമിഴകത്ത് നിന്ന് വരുന്ന വാർത്ത പുലിയിൽ നിന്ന് ഭാവനയെ ഒഴിവാക്കിയതാണ് എന്നാണ്.

തമിഴിലും മലയാളത്തിലും വലിയ മാർക്കറ്റില്ലാത്തതിനാലാണ് അണിയറ പ്രവർത്തകർ ഭാവനയെ ഒഴിവാക്കിയതെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഒരുകാലത്ത് തമിഴിലെ യുവനായകന്മാരുടെ കൂടെ തകർത്ത് അഭിനയിച്ചിരുന്ന ഭാവന ഇപ്പോൾ തെലുങ്കിലും കന്നടയിലുമാണ് അഭിനയിക്കുന്നത്.

തമിഴിൽ ഹൻസികയും ശ്രീദേവിയും അടക്കമുള്ള നായികമാർ തിളങ്ങിയതോടെ ഭാവനയ്ക്ക് അവസരങ്ങൾ കുറഞ്ഞത്രേ. തമിഴിനൊപ്പം മലയാളത്തിലും നടിക്ക് അവസരങ്ങൾ കുറവാണ്. മലയാളത്തിൽ ഇവിടെ എന്ന ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. അതിന് ശേഷം മറ്റ് ചിത്രങ്ങളൊന്നും കരാറായിട്ടില്ല.

അതേസമയം മലയാളത്തിലും കന്നഡത്തിലും പ്രധാന നായികാവേഷം ചെയ്യുന്ന ഭാവനയ്ക്ക് പുലിയിൽ തീരെ ചെറിയ വേഷമാണ് നലികിയിരുന്നതെന്നും തമിഴിൽ യുവതാരങ്ങളുടെ നായികയായ ഭാവനയ്ക്ക് സൈഡ് റോളിൽ ഒതുങ്ങാൻ താത്പര്യമില്ലാത്തതുകൊണ്ട് പിന്മാറിയതാണെന്നും വാർത്ത വരുന്നുണ്ട്.