- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭവാനിപുരിൽ മമത ബാനർജിക്ക് വൻ വിജയം; മുഖ്യമന്ത്രി സ്ഥാനം ഊട്ടിയുറപ്പിച്ചത് 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ; നന്ദിഗ്രാം കൈവിട്ട ദീദിക്ക് ഭവാനിപ്പൂരുകാർ നൽകിയത് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം; പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രം; ഇനി ദീദി അനിഷേധ്യ നേതാവ്
കൊൽക്കത്ത: ഭവാനിപുർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വൻ വിജയം. 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടിയാണ് മമതാ ബാനർജി മുഖ്യമന്ത്രിസ്ഥാനം ഊട്ടിയുറപ്പിച്ചത്. 84,709 വോട്ടുകളാണ് മമത ബാനർജിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് ലഭിച്ചത് 26,320 വോട്ടുകൾ മാത്രമാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപി.യുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഭവാനിപുരിൽനിന്നും വീണ്ടും ജനവിധി തേടിയത്. നവംബറിനു മുൻപ് ഏതെങ്കിലും മണ്ഡലത്തിൽനിന്ന് വിജയിച്ചില്ലായിരുന്നെങ്കിൽ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേനെ.
ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. 2011ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപ്പൂർ. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്.
ബിജെപിയുടെ യുവനേതാവ് പ്രിയങ്ക ട്രിബ്രവാളായിരുന്നു മമതയുടെ മുഖ്യ എതിരാളി. സെപ്റ്റംബർ 30ന് ആയിരുന്നു വോട്ടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭവാനിപുരിൽ മമതയുടെ വിജയം അനായാസകരം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സോബൻദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.
2011ൽ സിപിഎമ്മിന്റെ ദീർഘകാല ഭരണത്തെ കടപുഴക്കിയ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തിരഞ്ഞെടുപ്പിൽ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിർത്തി. ഇത്തവണ സോബൻദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടാണ്.
ജങ്കിപ്പൂരിലും ഷംഷേർഗഞ്ചിലും തൃണമൂൽ സ്ഥാനാർത്ഥികൾ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഒഡീഷയിലെ പിപ്പിളിയിൽ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാർത്ഥിയാണ് ഒന്നാമത്. വ്യാഴാഴ്ചയാണ് ഭവാനിപൂരിൽ വോട്ടെടടുപ്പ് നടന്നത്. തൃണമൂൽ - ബിജെപി സംഘർഷം പലസ്ഥലത്തും നടന്നിരുന്നു.
അതിനിടെ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രവാൾ പരാജയം സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. താൻ കോടതിയിൽ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മമത വിജയിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ 50,000ത്തിലധികം വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. എന്നാൽ അവർ തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും ടിബ്രവാൾ പറഞ്ഞു.
ബംഗാളിൽ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തണം. അക്രമങ്ങൾ ഉണ്ടാകാതെ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
എന്നാൽ, കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് തൃണമൂൽ പ്രവർത്തകർ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ വ്യാപക ആക്രമണം നടന്നിരുന്നു. നിരവധി പേരാണ് വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടത്.
ന്യൂസ് ഡെസ്ക്