- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോ പാരാലിംപിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭാവിനാ ബെന്നിന് വെള്ളി; ഫൈനലിൽ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി; പോളിയോ ബാധിച്ച് അരയ്ക്കു താഴേക്കു തളർന്ന ഭാവിനാ ബെൻ പട്ടേലിന്റെ മനക്കരുത്തിന്റെ വിജയം
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഏറെ പ്രതീക്ഷയോടെ ഫൈനലിൽ കളിച്ചെങ്കിലും ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക്(3- 0) നായിരുന്നു ഭവിനയുടെ തോൽവി. ലോക ഒന്നാം നമ്പർ തരമാണ് ഷൗ യിങ്. ഫൈനലിൽ 19 മിനിറ്റ് നീണ്ട മത്സരത്തിന്റെ സ്കോർ: 7-11, 7-11, 6-11.
തുടക്കം മുതൽക്ക് തന്നെ ചൈനീസ് താരം ഇന്ത്യൻ താരത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇരുവരും നേർക്കു നേർ മത്സരിച്ചപ്പോഴും ഭവിന പട്ടേലിന് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.
ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം പാരാലിമ്പിക്സ് ടേബിൾ ടെന്നീസിൽ മെഡൽ സ്വന്തമാക്കുന്നത്. ഇത്തവണത്തെ ആദ്യ മെഡൽ കൂടിയാണിത്.
ക്വാർട്ടറിൽ സെർബിയയുടെ ലോക 5ാം നമ്പറും റിയോ ഒളിംപിക്സിലെ സ്വർണജേത്രിയുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്. പക്ഷേ, 2ാം മത്സരം ജയിച്ചതോടെ പ്രീക്വാർട്ടറിലേക്ക്. അവിടെയും ജയം നേടി ക്വാർട്ടർ ഫൈനലിൽ.
ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണു ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴെ തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണു ഭാവിനയുടെ ജനനം.
മറുനാടന് ഡെസ്ക്