കോഴിക്കോട്: കോവിഡിന് ശേഷം തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകൾ എത്തി. പഞ്ഞിക്കിടുക എന്നു പറഞ്ഞാൽ കൊച്ചിയിൽ എന്തെന്ന് അറിയാമോ? മമ്മൂട്ടിയുടെ ഈ ചോദ്യത്തിനൊപ്പം ആരാധകർ ഇളകിമറിഞ്ഞു. ആദ്യ പകുതിയിൽ മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തകർക്കുകയാണ്. ഫാമിലി ഓറിയന്റഡ് ആക്ഷൻ ത്രില്ലറാണ് സിനിമയെന്നാണ് ആദ്യ പകുതി നൽകുന്ന സൂചന. ക്ലാസ് ചിത്രമായി ഇത് മാറുമെന്ന പ്രതീക്ഷയാണ് ആദ്യ ഹാഫ് നൽകുന്നത്.

ഫ്രാൻസിസ് ഡി കപ്പോളയുടെ ഗോഡ്ഫാദർ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്നതാണ് ചിത്രം. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും തകർത്ത് അഭിനയിക്കുന്നു. പോർച്ചുഗീസുകാരിൽ നിന്ന് മാമോദിസ മുങ്ങിയ കൊച്ചിയിലെ കുടുംബത്തിലെ മൂന്നാം തലമുറയിലെ പ്രധാനിയാണ് മൈക്കിൾ. അഞ്ഞൂറ്റിക്കാർ എന്ന കുടുംബത്തിന്റെ നാഥൻ. ഈ കുടുംബത്തിന്റെ കഥയാണ് അമൽനീരത് മികച്ച ഫ്രെയിമുകളിലൂടെ ഭീഷ്മ പർവ്വത്തിൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ രണ്ടു കുടുംബങ്ങൾ തമ്മിലെ പകയുടെ കഥ. അത്യുഗ്രൻ പശ്ചാത്തല സംഗീതത്തിന്റെ പിന്നണിയിൽ പറയുന്ന ഒന്നാന്തരം സിനിമയാണ് ആദ്യ പകുതി. മുംബൈയിലെ അധോലോകത്തിന്റെ കഥയും ഇതിലേക്ക് വരുന്നുണ്ട്.

ബിഗ്‌ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മപർവ്വം'. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എൺപതുകളിൽ ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റർ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിങ് വിവേക് ഹർഷൻ. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. മുഖ്യധാരാ സിനിമയിൽ പിൽക്കാലത്ത് കൾട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടർച്ചയായ ബിലാൽ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാൽ വലിയ കാൻവാസും നിരവധി ഔട്ട്‌ഡോർ സീക്വൻസുകളുമൊക്കെയുള്ള ചിത്രം കോവിഡ് പശ്ചാത്തലത്തിൽ അസാധ്യമായതിനാൽ ആ ഇടവേളയിൽ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവർ.

ഇത് കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണ്. എല്ലാ കഥാപാത്രങ്ങൾക്കും വേരുകളുണ്ട്, മമ്മൂട്ടി പറഞ്ഞു. ബിലാലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിനും മമ്മൂട്ടി മറുപടി പറയുകയുണ്ടായി. ഇത് വേറെ വെടിക്കെട്ടാണ്. കഥയുമായി ഒരു സാമ്യവുമില്ല. ചിലപ്പോൾ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിലാൽ വന്നാൽ എന്റയർലി ഡിഫറൻഡായിരിക്കും, മമ്മൂട്ടി പറഞ്ഞിരുന്നു. അമൽ നീരദ് എന്ന ക്രാഫ്റ്റ്മാനെകുറിച്ചും മമ്മൂട്ടി പറഞ്ഞിരുന്നു.

15 വർഷം കഴിഞ്ഞ് വരുമ്പോൾ എല്ലാ അപ്‌ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രക്ഷകർ മാറി, ഡിജിറ്റൽ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും, മമ്മൂട്ടി വിശദീകരിച്ചിരുന്നു.