പുനെ: വധശ്രമത്തിൽനിന്ന് ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ ഗുരുജി എന്നറിയപ്പെടുന്ന ഭികുദാജി ഭിലാരെ അന്തരിച്ചു. ഭിലാറിൽ ബുധനാഴ്ചയായിരുന്നു സ്വാതന്ത്ര്യ സമര സേനാനിയായ ഭികുദാജി ഭിലാരെയുടെ അന്ത്യം. 98 വയസ്സായിരുന്നു. 1948ൽ നാഥുറാം ഗോഡ്സേ ഗാന്ധിജിയെ വെടിവെച്ച് കൊല്ലുന്നതിന് നാലു കൊല്ലം മുൻപ് മറ്റൊരു വധശ്രമം ഗാന്ധിജിക്കു നേരെ നടന്നിരുന്നു. 1944ൽ പഞ്ച്ഗനിയിൽ പ്രാർത്ഥനാ ചടങ്ങിനിടയിൽ ഗോഡ്സേ നടത്തിയ ഈ വധശ്രമം തടയുകയും ഗാന്ധിജിയുടെ ജീവൻ രക്ഷിക്കുകയും ചെയ്തതിന്റെ പേരിലാണ് അദ്ദേഹം വാർത്തകളിൽ നിറഞ്ഞത്.

പഞ്ച്ഗനിയിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിനിടെ ഗാന്ധിജിയെ വധിക്കുന്നതിന് കത്തിയുമായി ചാടിവീണ ഗോഡ്സേയെ ഭിലാരെയും മണിശങ്കർ പുരോഹിത് എന്ന മറ്റൊരു ഗാന്ധി ശിഷ്യനും ചേർന്ന് സന്ദർഭോചിതമായ ഇടപെടലിലൂടെ കീഴ്പെടുത്തുകയായിരുന്നു. ഗാന്ധിജിയുടെ പൗത്രൻ തുഷാർ ഗാന്ധി അടക്കമുള്ളവർ ഈ സംഭവത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഭികുദാജി ഭിലാരെ നിരവധി അഭിമുഖങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. 'പഞ്ച്ഗനിയിലെ പ്രാർത്ഥനാ സമ്മേളനത്തിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാൻ മഹാത്മജി അനുവാദം നൽകിയിരുന്നു. അന്ന് ഗാന്ധിജിയുടെ ശിഷ്യരായ ഉഷാ മേത്ത, പ്യാരേലാൽ, അരുണ ആസഫലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ഗോഡ്സേ കത്തിയുമായി ഗാന്ധിജിയുടെ നേർക്ക് ചാടിവീണത്. ഞാൻ അയാളെ തടഞ്ഞു. കൈയ് പിടിച്ചു തിരിക്കുകയും കത്തി കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ ഗാന്ധിജി അയാളെ പോകാൻ അനുവദിക്കുകയായിരുന്നു'- ഭിലാരെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഈ സംഭവം അക്കാലത്ത് വലിയ വാർത്തയാകുകയും ഭികുദാജി ഭിലാരെയ്ക്ക് വലിയ പരിവേഷം ലഭിക്കുകയും ചെയ്തിരുന്നതായി പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വർക്കേഴ്സ് പാർട്ടി നേതാവുമായ എൻ ഡി പാട്ടീൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് വിദ്യാർത്ഥിയായിരുന്ന താൻ ഭിലാരെയെ കാണാൻ ദൂരങ്ങൾ താണ്ടി പോയതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. ലളിത ജീവിതം നയിച്ചിരുന്നഭിലാരെ ഗാന്ധിയൻ ആദർശങ്ങളുടെ അനുയായി ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച കപൂർ കമ്മീഷനു മുൻപാകെ മണിശങ്കർ പുരോഹിത്, ഈ സംഭവം നടന്നത് 1944ൽ അല്ലെന്നും 1947ൽ ആണെന്നും വ്യക്തമാക്കിയിരുന്നു. കപൂർ കമ്മീഷൻ റിപ്പോർട്ടിൽ 1944ൽ പഞ്ച്ഗനിയിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിനിടെ ഒരുകൂട്ടം പ്രശ്നങ്ങളുണ്ടാക്കിയതായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, പഞ്ച്ഗനിയിലുണ്ടായതായി പറയപ്പെടുന്ന വധശ്രമത്തെ മുംബൈയിലെ മണിഭവൻ ഗാന്ധി സംഗ്രഹാലയയുടെ പ്രസിഡന്റ് ധീരുഭായ് മേത്തയെപ്പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

1944ൽ പ്രാർത്ഥനാ യോഗത്തിനിടയിൽ ഗോഡ്സേ സഹോദരന്മാരിൽ ഒരാൾ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചതായും സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് വധശ്രമം പരാജയപ്പെടുത്തയതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവം ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന പ്ര്യാരേലാൽ, ചുനിലാൽ വൈദ്യ എന്നിവർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

1919 നവംബർ 26ന് ആണ് ഭിലാരെ ജനിച്ചത്. സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് സതാര ജില്ലയിൽ ശക്തമായിരുന്ന നാനാ പാട്ടീലിന്റെ സമാന്തര സർക്കാർ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭികുദാജി ഭിലാരെ സജീവമായി പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 18 വർഷത്തോളം ജവാലി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എംഎൽഎ ആയിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര കാലത്തും സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു ഭികുദാജി ഭിലാരെ.