കോതമംഗലം: വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിട. പെരിയാറിലെ ഭൂതത്താൻകെട്ട് ജലാശയത്തിൽ ബോട്ടിംഗിന് തുടക്കമായി. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി അനുകൂല നിലപാടെടുത്തതോടെയാണ് 90 സീറ്റുള്ള ഭീമൻ ബോട്ട് ഉൾപ്പെടെ 10 ബോട്ടുകൾ ഇന്ന് നീരണിഞ്ഞത്.

ടൂറിസം സീസൺ ആരംഭിച്ചത് മുതൽ ജലാശയത്തിൽ ബോട്ടിങ് നടത്താൻ താൽപര്യപ്പെട്ട് നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു.പുതിയ ബോട്ടുകളുടെ കാര്യത്തിൽ തീരുമാനമാവാത്തതിനെ തുടർന്ന് ഈ സീസണിൽ നിലവിൽ ഇവിടെ സർവ്വീസ്സ് നടത്തിയിരുന്ന ഏതാനും ബോട്ടുകളും സർവ്വീസ് നിർത്തിയിരുന്നു. ഇതോടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ ബോട്ടിംഗിന് താൽപര്യപ്പെട്ട് വന്നിരുന്നവർ ഏറെ നിരാശയോടെയാണ് മടങ്ങിയിരുന്നത്.

മലിനീകരണം സംമ്പന്ധിച്ച് ഉയർന്ന ആശങ്കകളാണ് ബോട്ടുകൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ കളക്ടർ തീരുമാനമെടുക്കാൻ വൈകിയത്. നാട്ടുകാരുടേയും വിവിധ കോണുകളിലുള്ളവരുടെയും പ്രതിഷേധത്തിനൊടുവിലാണ് കളക്ടർ ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തതെന്നാണ് സൂചന. ഇന്ന് ഉച്ചകഴിഞ്ഞ 4 മണിയോടെ ആന്റണി ജോൺ എം എൽ ബോട്ട് സർവ്വീസ് ഉൽഘാടനം ചെയ്തു.

ടൂറിസം സീസൺ പകുതിയായിട്ടും ബോട്ട് സർവീസ് ആരംഭിക്കാത്തതിനാൽ സഞ്ചാരികളുടെ വരവ് കുറയുകയും സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കാരണം.

പഴയ ബോട്ടുകളോടൊപ്പം പുതിയ ബോട്ടുകൾക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പാക്കുക. ഒരു ഉടമയ്ക്ക് ഒരു ബോട്ട് മാത്രമെ സർവീസ് നടത്താൻ കഴിയൂ. ഒന്നിൽ കൂടുതലുള്ള ബോട്ടുകൾ ഒഴിവാക്കുമ്പോൾ പകരം പുതിയ അപേക്ഷകർക്ക് ലൈസൻസ് അനുവദിക്കും. പരമാവധി 50 യാത്രക്കാരെ മാത്രമെ ഒരു ബോട്ടിൽ അനുവദിക്കു. 90 യാത്രക്കാർ വരെ കയറുന്ന ഭീമൻ ബോട്ടുകൾക്കും നിബന്ധന ബാധകമാണ്.

പുതിയതായി ഏഴ് ബോട്ടുകൾക്ക്കൂടി ലൈസൻസിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഇവർക്കുകൂടി അനുമതി നൽകിയശേഷം സർവീസാരംഭിച്ചാൽ മതിയെന്നായിരുന്നു ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിലപാട്. പത്ത് ബോട്ടുകളിൽ കൂടുതൽ അനുവദിക്കില്ലെന്ന കർശന നിലപാടിൽനിന്ന് ജില്ലാ ഭരണകൂടവും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഈ പ്രശ്നമാണ് പുതിയ ഫോർമുലയിലൂടെ പരിഹരിച്ചത്.