- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണ വിവാദത്തിൽ ഞെട്ടി നാട്ടുകാർ; കുലുക്കമില്ലാതെ അധികൃതർ; പരാതി കിട്ടിയിട്ടിയില്ലെന്ന് പൊലീസും; പിവിഐപി ഓഫീസിൽ നിന്നും ഒരു കാര്യത്തിൽ രണ്ടു കത്തു നൽകിയതും ദുരൂഹം; ഭൂതത്താൻ കെട്ടിൽ നിന്നും പുറത്തുവരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ
കോതമംഗലം: ഭൂതത്താൻകെട്ടിൽ വൻസുരക്ഷവീഴ്ചയുണ്ടായെന്നും പദ്ധതിപ്രദേശത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയെന്നും അഭ്യൂഹം. ഇക്കാര്യം സ്ഥിരീകരിക്കാതെ അധികൃതരും പൊലീസും ഒളിച്ചു കളിക്കുകയാണ്. അതീവസുരക്ഷ മേഖലയിലെ മോഷണവിവാദത്തിൽ ഞെട്ടിത്തരിച്ച് നാട്ടുകാർ.
ഭൂതത്താൻകെട്ട് ഡാമിന് സമീപം പെരിയാർവാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിത്തിന്റെ ഭാഗമായ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10 എച്ച് പി യുടെ 15 മോട്ടറുകളും ഇതുമായി ഘടിപ്പിച്ചിരുന്ന ഗിയർ സംവിധാനവും ഇവയെ കൂട്ടിയിണക്കി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇരുമ്പുചൈയിനും ഉൾപ്പെടെ വൻതുകയ്ക്കുള്ള വസ്തുവകൾ മോഷണം പോയെന്നാണ് സൂചന. കഴിഞ്ഞദിവസം ഗോഡൗൺതുറന്നപ്പോൾ ഇവിടുത്തെ പഴയകാല ജീവനക്കാർക്ക് കാര്യം പിടകിട്ടിയെന്നും ഇവർ അടുപ്പക്കാരിൽ ചിലരോട് ഇത് വെളിപ്പെടുത്തുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.
35 വർഷങ്ങൾക്കുമുമ്പാണ് ഡാമിൽ നിലവിലുണ്ടായിരുന്ന 10 എച്ച് പിയുടെ മോട്ടറുകളും അനുബന്ധ സംവിധാനങ്ങളും മാറ്റി 15 എച്ച് പിയുടെ മോട്ടോറുകളും ഗിയറുകളും മറ്റും സ്ഥാപിച്ചത്. മാറ്റിയ 10 എച്ച് പിയുടെ മോട്ടോറുകൾ കിർലോസ്‌കർ കമ്പനിയുടെതായിരുന്നു. ഇത് പിന്നീട് ഓഫീസ് കെട്ടിടത്തോടനുബന്ധിച്ചുള്ള ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നത്. ഇപ്പോൾ ഇവ ഗോഡൗണിൽ കാണുന്നില്ലന്നാണ് പ്രദേശത്ത് പ്രചരിക്കുന്ന വിവരം.
ഇന്നലെയാണ് മാധ്യമപ്രവർത്തകർ വിവരം അറിയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനായി പെരിയാർ വാലി അസിസ്റ്റന്റ് എക്സിക്യൂവ് എഞ്ചിനിയർ ബിജു പി വർഗീസുമായി ബന്ധപ്പെട്ടെങ്കിലും മോഷണം നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ലന്നായിരുന്നു ആദ്യപ്രതികരണം. താൻ ഇവിടെ ചാർജ്ജെടുത്തിട്ട് അധികകാലമായില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തിയാലെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാനാവു എന്നും അദ്ദേഹം വിശദമാക്കി.
മോഷണം നടന്നതായികാണണിച്ച് പെരിയാർവാലി അധികൃതർ പരാതി നൽകിയിട്ടില്ലന്ന് കോതമംഗലം സി ഐയും വ്യക്തമാക്കി. അതേ സമയം പദ്ധതി പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചെന്നും പെട്രോളിങ് ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പെരിയാർവാലി അധികൃതർ കത്തുനൽകിയിട്ടുണ്ടെന്നും സി ഐ അറിയിച്ചു. പൊലീസ് പെട്രോളിങ് വിഷയത്തിൽ അസിസ്റ്റന്റ് എഞ്ചിനിയർ കത്ത് നൽകിയതിനു പിന്നാലെ, ഇക്കാര്യത്തിൽ പൊലീസിന്റെ അടിയന്തിരശ്രദ്ധയുണ്ടാവണമെന്ന ലക്ഷ്യത്തിൽ താനും പൊലീസിൽ കത്തുനൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മറുനാടനോട് വ്യക്തമാക്കി.
ഡാം സുരക്ഷക്രമീകരണത്തിന്റെ ഭാഗമായി രാപകലന്യേ ഡാംപരിസരത്ത് വാച്ചർമാർ റോന്തുചുറ്റുന്നുണ്ട്.ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നത് ഇവിടെ നിന്നും അൽപ്പംമാറി ഉയർന്ന ഭാഗത്താണ്.പരിസരമാകെ കാടുപിടിച്ച നിലയിലുമാണ്.ഇവിടെ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പ്രദേശത്തെ അടുത്തറിയാവുന്നവരായിരിക്കാം ഇതിന് ഉത്തരവാദികളെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നഷ്ടപ്പെട്ടതായിപറയപ്പെടുന്ന വസ്തുവകൾക്ക് ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും വിലവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.വാഹനം സ്ഥലത്തെത്തിച്ചായിരിക്കാം ഇത് കടത്തിയതെന്നും സംശയമുയർന്നിട്ടുണ്ട്.മോഷണം പുറത്തായാൽ പെരിയാർവാലി ഉദ്യോഗസ്ഥർ പ്രതിസ്ഥാനത്താവുമെന്നുകണ്ട് അധികൃതർ വിവരം മറച്ചുവച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പദ്ധതിപ്രദേശത്ത് വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നു.ഇതോടെ ഇവിടം തീർത്തുംവിജനമായി.വടാട്ടപാറ ഭാഗത്തേയ്ക്കുള്ള യാത്രക്കാരൊഴിച്ചാൽ ഡാമിന് മുകളിലൂടെയുള്ള റോഡുവഴി വാഹസഞ്ചാരവും കുറവാണ്.നിലവിൽ പെരിയാർവാലി പദ്ധതിയുടെ കീഴിൽ പ്രദേശത്തിന്റെ സുരക്ഷയ്ക്കായി വാച്ചർമാരെ നിയമിച്ചിട്ടുണ്ട്.രാപകലന്യേ ഇവർ ഇവിടെ കർമ്മനിരതരുമാണ്.ഈ സാഹചര്യത്തിൽ ഇവിടെ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ മനസ്സറിവുമുണ്ടാവുമെന്നുതന്നെയാണ് പൊതുവെയുള്ള കണക്കുകൂട്ടൽ.
വസ്തുത ഇതായിരിക്കെ സാമൂഹികവിരുദ്ധ ശല്യംപെരുകുന്നെന്നും പെട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ട്് ഒരു ഒഫീസിൽ നിന്നും രണ്ട് കത്ത് പൊലീസിന് നൽകിയതിനുപിന്നിലെ ഉദ്യേശുദ്ധിയിലും പരക്കെ സംശയമുയരുന്നുണ്ട്.തങ്ങൾ ദിവസവും ഡാം പരിസരത്ത് പെട്രോളിങ് നടത്തിയിരുന്നെന്നും പെരിയാർവാലി ഉദ്യഗസ്ഥരുടെ കത്തിൽ കഴമ്പില്ലന്നും സി ഐ മറുനാടനോട് പ്രതികരിച്ചിരുന്നു.ഇതുംകൂടി കൂട്ടിവായിക്കുമ്പോൾ ഇവിടെ ഇപ്പോൾ ഉയർന്നിട്ടുള്ള മോഷണവിവാദത്തെക്കുറിച്ച് ഉന്നതതലത്തിൽ ശക്തമായ ആന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.