മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ സൗത്ത്-ഈസ്റ്റ് ഇടവകയുടെ ന്യൂസ് ബുള്ളറ്റിൻ 'മാർ തോമാ ശബ്ദം' പ്രസിദ്ധീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ബൈബിൾ വിജ്ഞാന മത്സരം 2015' സമാപിച്ചു. ഡിസംബർ 6 (ഞായറാഴ്ച) നടന്ന മത്സരത്തിൽ ഇടവകയിലെ 15 കുടുംബ കൂട്ടായ്മകളിൽ നിന്നായി 45 അംഗങ്ങൾ പങ്കെടുത്തു. ഇടവക വികാരിയും 'മാർ തോമാ ശബ്ദ'ത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. എബ്രഹാം കുന്നത്തോളി മത്സരം ഉത്ഘാടനം ചെയ്തു. വചനം ആഴത്തിൽ പഠിക്കുന്നതിനും വചനാധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനും കുടുംബ കൂട്ടായ്മകളുടെ വളർച്ചയ്ക്കും ബൈബിൾ വിജ്ഞാന മത്സരങ്ങൾ ഏറെ സഹായിക്കുമെന്ന് ഫാ. എബ്രഹാം അഭിപ്രായപ്പെട്ടു.

വി.മത്തായിയുടെ സുവിശേഷം ആസ്പ്ദമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ മുഖ്യമായും ഉൾകൊള്ളിച്ചിരുന്നത്. ഡീക്കൻ ബൈജു തോമസ് ബൈബിൾ വിജ്ഞാന മത്സരത്തിന് നേതൃത്വം നല്കി. മത്സരത്തിൽ ലിൻഹേർസ്റ്റ് കുടുംബ കൂട്ടായ്മ ഒന്നാംസ്ഥാനവും ബെറിക്ക്, ലാങ്ങ്‌വാരൻ കുടുംബ കൂട്ടായ്മകൾ രണ്ടാം സ്ഥാനവും മാൽവേൺ കുടുംബ കൂട്ടായ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും ക്രിസ്മസ്സ് ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്തവരെയും മത്സരം സംഘടിപ്പിക്കാൻ നേതൃത്വം നല്കിയവരെയും വികാരി ഫാ. എബ്രഹാം കുന്നത്തോളി അഭിനന്ദിച്ചു. ഡീക്കൻ ബൈജു തോമസിന്റെ സമാപന പ്രാർത്ഥനയോടെ ബൈബിൾ വിജ്ഞാന മത്സരം അവസാനിച്ചു.