- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ് അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച
കോഴിക്കോട്: സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ചാ ബാബുരാജ്(83) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
രാത്രി എട്ടു മണിയോടെ കൊണ്ടോട്ടി തുറയ്ക്കലിലെ മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. മക്കൾ: സാബിറ, ദീദാർ, ഗുൽനാർ, അബ്ദുൾ ജബ്ബാർ, ഷംഷാദ്, സുൽഫീക്കർ, റോസിന , ഫർഹാദ്, ഷംന. മരുമക്കൾ: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദർ അലി, മാമുക്കോയ, റുക്സ, അബ്ദു, സായിറ, അസീസ്, നിഷ, സുൽഫീക്കർ.കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്.
ബാബുരാജിനെക്കുറിച്ച് ബിച്ചയുടെ ഓർമകൾ 'ബാബുക്ക' എന്ന പുസ്തകത്തിൽ എഴുതിയിരുന്നു. ഒരു കല്ല്യാണവീട്ടിൽ പാടാൻ വരുന്ന ബാബുരാജിനെ ജനാലയ്ക്കിടയിലൂടെ നോക്കിനിൽക്കുന്ന ബിച്ചയിലൂടെയാണ് ഓർമക്കുറിപ്പ് ആരംഭിക്കുന്നത്. ജീവിതത്തിന്റെ കയ്‌പ്പുനീർ ഒരുപാട് കുടിച്ചതുകൊണ്ടാവാം അദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം ഒരു വിഷാദം നിറഞ്ഞു നിന്നിരുന്നു എന്ന് ബിച്ച ഓർക്കുന്നു. സിനിമയിൽ നിറഞ്ഞുനിന്ന കാലത്തും വിവാഹവീടുകളിൽ തന്റെ ഹാർമോണിയവുമായി ബാബുരാജ് എത്താറുണ്ടായിരുന്നു
സുഹൃദ്ബന്ധങ്ങളായിരുന്നു ബാബുരാജെന്ന കലാകാരന്റെ ശക്തി. ഓരോരുത്തരേയും തന്നാലാവുംവിധം അദ്ദേഹം സഹായിച്ചു. ഇപ്പോഴത്തെ തലമുറയ്ക്ക് പരിചിതരല്ലാത്ത ആർച്ചി ഹട്ടൻ, സി.എം.വാടിയിൽ, പോസ്റ്റ്മാൻ സെയ്ത്, മെഹബൂബ്, സീറോ ബാബു, തങ്കം റേച്ചൽ, മച്ചാട്ട് വാസന്തി തുടങ്ങിയ നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. കോഴിക്കോട്ട് മുമ്പ് സജീവമായിരുന്നതും ഇപ്പോഴില്ലാത്തതുമായ ഒരുപിടി സംഗീത ക്ലബുകളെക്കുറിച്ചും 'ബാബുക്ക'യിൽ പരാമർശമുണ്ട്.
ബാബുരാജിന്റെ സംഗീത ജീവിതത്തിൽ അദ്ദേഹത്തിനൊപ്പം നിന്ന സുഹൃത്തുക്കളിൽ പി.ഭാസ്‌കരൻ, യേശുദാസ് എന്നിവരെപ്പറ്റി ബിച്ച പ്രത്യേകം പറയുന്നുണ്ട്. ഭാസ്‌കരൻ മാസ്റ്റർ ഇല്ലായിരുന്നെങ്കിൽ ബാബുരാജ് എന്നൊരു സംഗീതസംവിധായകൻ ഉണ്ടാകുമായിരുന്നില്ല എന്നാണവർ പറയുന്നത്. ബാബുരാജിന്റെ വിയോഗത്തിന് ശേഷം ഹജ്ജിന് പോകാനടക്കം പലതവണ യേശുദാസ് സഹായിച്ചിട്ടുണ്ടെന്നും ബിച്ച പുസ്തകത്തിൽ എഴുതി.