തിരുവനന്തപുരം: ഏതു നമ്പറും വഴങ്ങുന്ന കാവ്യഭംഗി. മലയാളിത്വം തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകരെ ഗാനാസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് കൊണ്ടു പോയ സിനിമാ കവി. എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയാണ് വിവടവാങ്ങുന്നത്. ബി.ശിവശങ്കരൻ നായർ എന്ന പേരിൽ ആ സിനിമാ പാട്ടെഴുത്തുകാരനെ ആരും വിളിച്ചില്ല. 80-ാം വയസ്സിൽ വിടവാങ്ങുമ്പോഴും ബിച്ചു തിരുമലയുടെ പാട്ടുകൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതായി തുടരും. ഇന്ന് പുലർച്ചെ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള!!െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. അതിന് ശേഷം പാട്ടുകളുടെ വഴിയേ നീങ്ങി. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്. 'പടകാളി ചണ്ഡി ചങ്കരി പോർക്കലി...', 'കുനുകുനെ ചെറു കുറുനിരകൾ...', 'മാമ്പൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി. മണിച്ചിത്രതാഴിലെ പഴംന്തമിഴ് പാട്ടിഴയും എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വരികളും ബിച്ചു തിരുമലയുടേതാണ്.

നടൻ മധു സംവിധാനം ചെയ്ത 'അക്കൽദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ശ്യാം സംഗീതം നൽകി ബ്രഹ്മാനന്ദൻ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എല്ലാം സൂപ്പർഹിറ്റ്.

ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ദിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. 'ശക്തി' എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. അതിവേഗം സിനിമയുടെ കഥാസന്ദർഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകൾ നടത്തുന്നതിൽ പ്രഗത്ഭനായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു - 1981 ലും (തൃഷ്ണ,- 'ശ്രുതിയിൽനിന്നുയരും...', തേനും വയമ്പും- 'ഒറ്റക്കമ്പി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂൽ കല്യാണം- 'പുലരി വിരിയും മുമ്പേ...', 'മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി-പി ഭാസ്‌കരൻ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അർഹനായി.

1962ൽ അന്തർസർവകലാശാല റേഡിയോ നാടക മത്സരത്തിൽ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് ചെന്നൈയിലേക്ക്. സിനിമാ സംവിധാനമായിരുന്നു മനസ്സിൽ. സംവിധായകൻ എം. കൃഷ്ണൻ നായരുടെ സഹായിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 'ശബരിമല ശ്രീധർമശാസ്താവ്' എന്ന ചിത്രത്തിൽ സംവിധാനസഹായി ആയി.

ആ കാലത്ത് ബിച്ചു ഒരു വാരികയിൽ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷമാണ് പാട്ടെഴുത്തിലേക്ക് മാറുന്നത്. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതൻ കൂടിയായിരുന്ന മുത്തച്ഛൻ വിദ്വാൻ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.

ബിച്ചു തിരുമലയുടെ പ്രശസ്തമായ ചില ഗാനങ്ങൾ

ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ...

നക്ഷത്രദീപങ്ങൾ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി ...

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ ...

തേനും വയമ്പും ...

വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ ...

ആയിരം കണ്ണുമായ് ...

പൂങ്കാറ്റിനോടും കിളികളോടും ...

ആലാപനം തേടും തായ്മനം ...

ആളൊരുങ്ങി അരങ്ങൊരുങ്ങി ...

ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം ...

നക്ഷത്രദീപങ്ങൾ തിളങ്ങി ...

ഒരു മധുരക്കിനാവിൻ ലഹരിയിലേതോ ...

ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ ...

ഓർമയിലൊരു ശിശിരം ...

കണ്ണാംതുമ്പീ പോരാമോ ...

കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി ...

കണ്ണും കണ്ണും കഥകൾ കൈമാറും ...

കിലുകിൽ പമ്പരം ...

കൊഞ്ചി കരയല്ലേ മിഴികൾ നനയല്ലേ ...

നീർപളുങ്കുകൾ ചിതറി വീഴുമീ ...

ആലിപ്പഴം പെറുക്കാം പീലിക്കുട നിവർത്തീ ...

പാതിരാവായി നേരം ...

പാവാട വേണം മേലാട വേണം ...

ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ ...

വെള്ളിച്ചില്ലും വിതറി ...

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി ...

പ്രായം നമ്മിൽ മോഹം നൽകി ...

നീയും നിന്റെ കിളിക്കൊഞ്ചലും ...

മകളേ പാതി മലരേ ...

മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണി ...

മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ ...

മിഴിയോരം നനഞ്ഞൊഴുകും ...

മൈനാകം കടലിൽ നിന്നുയരുന്നുവോ ...

രാകേന്ദു കിരണങ്ങൾ ...

വൈക്കം കായലിൽ ഓളം തല്ലുമ്പോൾ ...

ശാരോനിൽ വിരിയും ശോശന്നപ്പൂവേ ...

സമയരഥങ്ങളിൽ ഞങ്ങൾ ...

സുരഭീയാമങ്ങളേ ...

പാൽനിലാവിനും ഒരു നൊമ്പരം ...

സ്വർണ മീനിന്റെ ചേലൊത്ത ...

പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ