വാഷിങ്ടൻ : ഭരണത്തിന്റെ സാരഥ്യം ഏറ്റെടുത്ത് 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റുവാൻ കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ ഏപ്രിൽ 27 ബുധനാഴ്ച രാത്രി 8 മണിക്ക് (ടെക്സസ്) യുഎസ് കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ബൈഡൻ തന്റെ നേട്ടങ്ങൾ അക്കമിട്ടു വിശദീകരിച്ചത്. ഓരോ ദിവസവും അമേരിക്ക മുന്നോട്ടു കുതിക്കുകയാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

ഒരുമണിക്കൂറും 5 മിനിട്ടും നീണ്ടുനിന്ന പ്രസംഗം ഡമോക്രാറ്റിക് അംഗങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനും സ്പീക്കർ നാൻസി പെലോസിക്കും മധ്യേ നിന്ന് നടത്തിയ പ്രസംഗം ലക്ഷകണക്കിനു പ്രേക്ഷകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ശ്രവിച്ചത്.

നൂറു ദിവസത്തിനുള്ളിൽ 100 മില്യൺ അമേരിക്കൻ ജനതയെ വാക്സിനേറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും 220 മില്യൻ പേരെ വാക്സിനേറ്റ് ചെയ്തത് നേട്ടമായി ബൈഡൻ ചൂണ്ടിക്കാട്ടി.

ഈയിടെ പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്നു പൊതുജനങ്ങൾക്ക് നിയമപാലകരിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുവാൻ നാം ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് ബൈഡൻ അഭ്യർത്ഥിച്ചു.

തൊഴിൽ നഷ്ടപ്പെട്ട പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്നതിന് 100 ദിവസത്തിനുള്ളിൽ കഴിഞ്ഞുവെന്നും ബൈഡൻ അവകാശപ്പെട്ടു. ഗൺവയലൻസ് മഹാമാരി കണക്കെ പടർന്നു പിടിച്ചിരിക്കുന്ന ഇതിന് പരിഹാരം കണ്ടെത്തുന്നതിനു പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും മുന്നോട്ടു വരണമെന്ന് ബൈഡൻ അഭ്യർത്ഥിച്ചു.

400,000 ഡോളറിനു താഴെ വാർഷിക വരുമാനമുള്ളവരുടെ ടാക്സ് വർധിപ്പിക്കുകയില്ലെങ്കിലും സമ്പന്നരുടേയും കോർപറേറ്റുകളുടേയും ടാക്സ് വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു.

കഴിഞ്ഞ മുപ്പതുവർഷമായി ഇമ്മിഗ്രേഷൻ നയം പുതുക്കുമെന്നു രാഷ്ട്രീയക്കാർ ആണയിടുന്നുണ്ടെങ്കിലും കൃത്യമായ ഇമ്മിഗ്രേഷൻ നയം നടപ്പാക്കുമെന്നും ബൈഡൻ ഉറപ്പു നൽകി.