വാഷിങ്ടൻ : ഓരോ വർഷവും അമേരിക്കയിൽ പ്രവേശിപ്പിക്കുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡൻ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി പ്രതിവർഷം 15,000 ത്തിൽ നിന്നും 62,500 ആയി ഉയർത്തുന്നതിനാണു ബൈഡന്റെ തീരുമാനം.

ട്രംപിന്റെ ഭരണത്തിൽ അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ കർശന നിയന്ത്രണവും എണ്ണത്തിൽ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു. 15,000 പേർക്കു മാത്രമേ ട്രംപ് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

ബൈഡൻ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ അനുകൂല തീരുമാനം സ്വീകരിക്കാത്തതിൽ ഡമോക്രാറ്റിക് സെനറ്റർമാർ പ്രതിഷേധം അറിയിച്ചിരുന്നു.

അഭയാർഥികളെ സ്വീകരിക്കുന്നതിൽ ഇതുവരെ രാഷ്ട്രം മൂല്യാധിഷ്ഠിത തീരുമാനമാണ് സ്വീകരിച്ചിരുന്നുതെന്നും അതു തുടർന്നു കൊണ്ടുപോകുക എന്നതാണ് നയമെന്നും ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ പ്രസിഡന്റുമാർ ഇത് കാത്തു സൂക്ഷിച്ചിരുന്നതായും ബൈഡൻ പറഞ്ഞു.

അതേ സമയം അതിർത്തിയിൽ വർധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടുവെന്നു ടെക്സസ് ഉൾപ്പെടെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാർ ആരോപിച്ചു. ഇതിന് പരിഹാരം കണ്ടെത്തുന്നില്ലെങ്കിൽ പ്രതിഷേധവുമായി എത്തുമെന്നും ഇവർ മുന്നറിയിപ്പു നൽകി.

അഭയാർഥികളുടെ പ്രശ്നം പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് ബൈഡൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നയതന്ത്രതലത്തിൽ വിഷയം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു