വാഷിങ്ടൺ ഡി.സി.: ബൈഡൻ കാമ്പിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാൻഡറിന് സെനറ്റിന്റെ അംഗീകാരം. മെയ് 28 വെള്ളിയാഴ്ച ചേർന്ന സെനറ്റാണ് ഐക്യകണ്ഠേന അംഗീകാരം നൽകിയത്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന് ലഭിക്കുക.ചരിത്രത്തിലാദ്യമായാണ് ഒ.എസ്.റ്റി.പി.യുടെ അദ്ധ്യക്ഷന് കാമ്പിനറ്റ് പദവി ബൈഡൻ അനുവദിച്ചത്.

ബൈഡൻ സത്യ പ്രതിജ്ഞ ചെയ്ത ജനുവരിമാസമാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നതെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടി എതിർപ്പിനെ തുടർന്നാണ് നിയമനം ഇത്രയും വൈകിയത്. ടെന്നിസ്സിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗം മാർഷാ ബ്ളാക്ക് ബേൺ എപ്സ്റ്റെയ്നുമായുള്ള ലാന്ററിന്റെബന്ധത്തെ ചോദ്യം ചെയ്തിരുന്നു.

ഒബാമ ഭരണത്തിൽ സയൻസ് ആൻഡ് ടെക്നോളജി പ്രസിഡൻഷ്യൽ കൗൺസിൽ ഓഫ് അഡ് വൈസേഴ്സ് ഉപാദ്ധ്യക്ഷനായിരുന്നു.മോളിള്ളർ ബയോളജിസ്റ്റായി അറിയപ്പെടുന്ന ലാന്റർ ഇന്റർനാഷ്ണൽ ഹൂമൺ ജെനോം പ്രോജക്റ്റിന്റെ പ്രവർത്തനത്തിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

ഹൂമൺ ഹിസ്റ്ററി തന്നെ മാറ്റി എഴുതുന്നതിന് ലാന്ററിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.