വാഷിംങ്ടൻ ഡിസി: ഡിഫേർഡ് ആക്ഷൻ ഫോൾ ചൈൽഡ് ഹുഡ് (ഡാകാ) പദ്ധതി നിയമവിരുദ്ധമാണെന്നും ഈ പദ്ധതിയനുസരിച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കരുതെന്നും നിർദ്ദേശം നൽകിയ ടെക്സസ് ഫെഡറൽ ജഡ്ജി ആൻഡ്രു ഹാനന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾ ഇവിടെ പഠിച്ചു ജോലി ചെയ്യുന്നതിന് നിയമ സാധുത നൽകുന്ന ഡിഫേർഡ് ആക്ഷൻ ഫോൾ ചൈൽഡ് ഹുഡ് (ഉഅഇഅ) 2012 ൽ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് എക്സികൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത്.

ഈ പദ്ധതി കാത്തുസൂക്ഷിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വെള്ളിയാഴ്ചയുണ്ടായ വിധി വളരെ നിരാശാജനകമാണെന്നും പ്രസിഡന്റ് പറഞ്ഞു. മാത്രമല്ല കോൺഗ്രസിൽ ഇതിനാവശ്യമായ നിയമ നിർമ്മാണം നടത്തി ഇവർക്ക് അമേരിക്കൻ പൗരത്വം ഉറപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് ഇതിനാവശ്യമായ അടിയന്തിര നിർദ്ദേശം നൽകി കഴിഞ്ഞതായും, ഡാകാ പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനാവശ്യമായ പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഹോംലാന്റ് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് മാത്രമേ ഇതിനാവശ്യമായ ശ്വാശതപരിഹാരം കണ്ടെത്താനാകൂവെന്നും, എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സെനറ്റിൽ ഇതിനാവശ്യമായ അംഗങ്ങളുടെ പിന്തുണ ലഭിക്കണമെന്നും ബൈഡൻ പറഞ്ഞു. ഇപ്പോൾ സെനറ്റിനു 50 -50 എന്ന അംഗങ്ങളാണ് ഇരുപാർട്ടികൾക്കും ഉള്ളത്. ഇതു കാര്യങ്ങൾ അത്രസുഗമമാക്കുകയില്ലെന്നും ബൈഡൻ പറഞ്ഞു.