- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
വാഷിങ്ടൺ: ഒരു മനുഷ്യന് തരം താഴാവുന്നതിന്റെ പരമാവധി തരംതാഴാൻ തനിക്കാവുമെന്ന് ട്രംപ് വീണ്ടും ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കാലാകാലങ്ങളായി അമേരിക്കയിൽ നടന്നുവരുന്ന ഒരു കാര്യമുണ്ട്. നിയുക്ത പ്രസിഡണ്ടിനെ സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്ത് എത്തിക്കാൻ, അമേരിക്കൻ എയർഫോഴ്സ് വിമാനമാണ് അയക്കാറുള്ളത്. ഇത് ഏർപ്പാടാക്കേണ്ടത് നിലവിലെ പ്രസിഡണ്ടാണ്. എന്നാൽ ട്രംപ് അതിനു തയ്യാറാകാത്തതിനാൽ ചാർട്ടർ വിമാനത്തിലാണ് ജോ ബൈഡൻ വാഷിങ്ടണിൽ എത്തിയത്.
തെരഞ്ഞെടുപ്പിലെ തോൽവി ഇനിയും അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ലെന്നു തന്നെയാണ് ഈ സംഭവവും കാണിക്കുന്നത്. നേരത്തേ ഒരു പോഡ്കാസ്റ്റിൽ ഹിലാരി ക്ലിന്റൺ സൂചിപ്പിച്ചതുപോലെ ജനാധിപത്യത്തോടുള്ള ട്രംപിന്റെ പുച്ഛമാണ് ഈ നടപടിയിലും നിഴലിക്കുന്നത്. 2017 ജനുവരിയിൽ സത്യപ്രതിജ്ഞയ്ക്കെത്താൻ, ട്രംപിനായി എയർഫോഴ്സ് വിമാനം അന്ന് പ്രസിഡണ്ടായിരുന്ന ഒബാമ അയച്ചു കൊടുത്തിരുന്നു. ആ സാമാന്യ മര്യാദപോലും പാലിക്കാൻ കൂട്ടാക്കാതെ ട്രംപ് തന്റെ നിലവാരം ലോകത്തിനു കാണിച്ചു കൊടുത്തു.
തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പോലും ട്രംപ് തന്റെ പിൻഗാമിയെ കുറിച്ച് പരാമർശിച്ചില്ല. അഭിനന്ദിക്കുവാനോ, ആശിർവദിക്കുവാനോ നിൽക്കാതെ, തന്റെ പിൻഗാമിയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ ട്രംപ് വൈറ്റ്ഹൗസിൽ നിന്നും യാത്രതിരിക്കും. അതേസമയം, 2015-ൽ കാൻസറിന് കീഴടങ്ങി മരണമടഞ്ഞ സന്തം പുത്രൻ ബോവിനെ ഓർത്തുകൊണ്ടായിരുന്നു ജോ ബൈഡൻ തന്റെ ജന്മനാട്ടിൽ നിന്നും അമേരിക്കയുടെ സാരഥ്യമേറ്റെടുക്കാൻ വാഷിങ്ടണിലേക്ക് യാത്ര തിരിച്ചത്. വളരെ വികാരാധീനനായി, നിറകണ്ണുകളോടെയായിരുന്നു ബൈഡൻ അദ്ദേഹത്തിന്റെ മകനെ ഓർത്തത്.
2009 -ൽ ഒബാമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പൊൾ അദ്ദേഹം ട്രെയിൻ മാർഗം ഫിലാഡല്ഫിയയിലെത്തി, അവിടെ നിന്നും അന്ന് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയും കൂട്ടിയാണ് വാഷിങ്ടണിലേക്ക് പുറപ്പെട്ടത്. ആ ദിവസം ബൈഡൻ പ്രത്യേകം സ്മരിച്ചു. മാത്രമല്ല, ഒരു കറുത്തവർഗ്ഗക്കാരൻ അമേരിക്കൻ പ്രസിഡണ്ടായ ആ ദിവസം അമേരിക്കയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും തിളങ്ങുന്ന ലിപികളിൽ കുറിച്ചിടേണ്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യൻ വംശജയും, കറുത്തവർഗ്ഗ പാരമ്പര്യമുൾക്കൊള്ളുന്ന ആളുമായ ഒരു വനിത വൈസ് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതാണ് നാളത്തെ ദിവസത്തിന്റെ ഏറ്റവും വലിയ ചരിത്ര പ്രാധാന്യം എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വർണ-വംശ-ലിംഗവിവേചനം ഈ മഹത്തായ ജനാധിപത്യ രാജ്യത്ത് ഇല്ല എന്നതിന്റെ ഉദാഹരണമാണ് ഓരോ വിഭാഗങ്ങളും കൈവരിക്കുന്ന നേട്ടങ്ങളെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
മറുനാടന് ഡെസ്ക്