- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോ ബിഡനുമായുള്ള വ്യത്യാസം കുറഞ്ഞു; 15 പ്രധാന സംസ്ഥാനങ്ങളിൽ ബിഡനും ട്രംപും തമ്മിലുള്ള വ്യത്യാസം കേവലം ഒരു പോയിന്റ് മാത്രം; ദേശീയ തലത്തിൽ വ്യത്യാസം 4 പോയിന്റും; കമല ഹാരിസ് കളത്തിലെത്തിയിട്ടും ട്രംപ് ഒരു ഫിനീക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്നു
വാഷിങ്ടൺ: അമേരിക്കയുടെ സാമ്പത്തിക നില ഉയർത്തിക്കൊണ്ടു വന്നതായിരുന്നു ഡൊണൾഡ് ട്രംപ്. അതുതന്നെയായിരുന്നു അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപിന്റെ തുറുപ്പുചീട്ടും. പക്ഷെ കൊറോണ ട്രംപിന്റെ പ്രതീക്ഷകളാകെ തകർത്തു. തകർന്നടിയുന്ന സാമ്പത്തിക വ്യവസ്ഥയും കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ വന്ന വീഴ്ച്ചയുമെല്ലാം ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിച്ചു. ഇനിയൊരു തിരിച്ച് വരവില്ലാത്തവണ്ണം താഴേക്ക് പോയിരുന്നു ട്രംപിന്റെ ജനപ്രീതി. കഴിഞ്ഞ മാസങ്ങളിൽ നടന്ന അഭിപ്രായ സർവ്വേകളിലെല്ലാം അത് വ്യക്തമായിരുന്നു താനും.
എന്നാൽ പുതിയ അഭിപ്രായ സർവ്വേകൾ കാണിക്കുന്നത് ട്രംപ് സർവ്വനാശത്തിൽ നിന്നും ഒരു ഫിനീക്സ് പക്ഷിയേപ്പോലെ ഉയർത്തെഴുന്നേൽക്കുന്നു എന്നാണ്. കുത്തനെ താഴോട്ട് പോയ ജനപ്രീതി ഏറെ തിരികെ നേടാനായിരിക്കുന്നു ട്രംപിന്. ഓഗസ്റ്റ് 12 മുതൽ 15 വരെ നടത്തിയ അഭിപ്രായ സർവ്വേയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡനും വൈസ്പ്രസിഡന്റ് സ്ഥാനർത്ഥി കമലാ ഹാരിസിനും തൊട്ടടുത്തെത്താനായി ട്രംപിനും വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി മൈക്ക് പെൻസിനും. ദേശീയതലത്തിൽ ഇവർ തമ്മിലുള്ള വ്യത്യാസം കേവലം 4 പോയിന്റുകളായി കുറഞ്ഞു. ഈ 4 ശതമാനം തന്നെ, അഭിപ്രായ സർവ്വേയിൽ സാധാരണ ഉണ്ടാകാറുള്ള ചില തെറ്റുകൾ കണക്കിലെടുക്കുമ്പോൾ ലഭിക്കുന്നതാണ്.
സി. എൻ. എൻ നടത്തിയ സർവ്വേയിലേതാണ് ഈ ഫലം. എന്നാൽ, എ ബി സി ന്യുസും വാഷിങ്ടൺ പോസ്റ്റും നടത്തിയ സർവ്വേയിൽ ട്രംപ് ഇപ്പോഴും 12 പോയിന്റുകൾക്ക് പുറകിലാണ് എൻ ബി സി സർവ്വേയിൽ 9 പോയിന്റുകൾക്കും. സി എൻ എൻ സർവ്വേയിൽ പ്രധാനപ്പെട്ട 15 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചായ്വ് സസൂക്ഷം നിരീക്ഷിക്കുകയുണ്ടായി. ഇവിടങ്ങളിൽ ട്രംപും ബിഡനും തമ്മിലുള്ള വ്യത്യാസം കേവലം ഒരു പോയിന്റ് മാത്രമാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
നേരത്തേ എതിർത്തിരുന്ന പലരും ഇപ്പോൾ ട്രംപിന്റെ പക്ഷത്തേക്ക് ഒഴുകിയെത്താൻ തുടങ്ങി എന്നാണ് ഈ ഫലം കാണിക്കുന്നത്. ജൂൺ മുതലാണ് ഈ ഒഴുക്ക് ആരംഭിച്ചതെന്നാണ് സൂചനകൾ. 35 നും 64 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് കൂടുതലായി ട്രംപിനെ പിന്തുണച്ചെത്തുന്നത്. സർവ്വേയിൽ കാണുന്നത് പുരുഷന്മാർക്കിടയിൽ ട്രംപിന് 16 ശതമാനം മേല്ക്കൈ ഉണ്ടെന്നാണ്. അതേ സമയം സ്ത്രീ വോട്ടർമാർക്കിടയിൽ 13 ശതമാനത്തിന്റെ കുറവും ഉണ്ട്. അതുപോലെ വെള്ളക്കാർക്കിടയിൽ ട്രംപ് 16 ശതമാനത്തിന്റെ മേൽക്കൈ നേടിയപ്പോൾ, മറ്റ് വിഭാഗങ്ങൾക്കിടയിൽ 32 പോയിന്റുകൾക്ക് പുറകിലാണ്.
കോളേജ് ഗ്രാഡ്വേറ്റുകൾക്കിടയിൽ ബിഡൻ മുൻതൂക്കം ഉള്ളപ്പോൾ (6235) അത്ര വലിയ വ്യത്യാസമില്ലെങ്കിൽ കൂടി നോൺ ഗ്രാഡ്വേറ്റുകൾക്കിടയിൽ ട്രംപിനാണ് (5143) മുൻതൂക്കം. അതുപോലെ, ദേശീയതലത്തിൽ ഫലം നിർണ്ണയിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന 15 സംസ്ഥാനങ്ങളിൽ 61 ശതമാനം പുരുഷ വോട്ടർമാർ ട്രംപിനെ പിന്തുണയ്ക്കുമ്പോൾ 60 ശതമാനം സ്ത്രീ വോട്ടർമാർ ബിഡനെയാണ് പിന്തുണയ്ക്കുന്നത്.
ജൂണിൽ സി എൻ എൻ നടത്തിയ അഭിപ്രായ സർവ്വേയിൽ ബിഡൻ 14 പോയിന്റുകൾക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്. രണ്ട് പാർട്ടികളുടേയും പ്രധാന സമ്മേളനങ്ങൾ നടക്കാനിരിക്കെയാണ് ഈ ഫലം പുറത്തുവന്നത്. തെരഞ്ഞെടുപ്പിനെ ആവേശത്തോടെ കാണുന്ന 72% ആളുകൾക്കിടയിൽ ബിഡന് 53 ശതമാനത്തിന്റെ പിന്തുണയുള്ളപ്പോൾ ട്രംപിനുള്ളത് വെറും 46 ശതമാനത്തിന്റെ പിന്തുണമാത്രം. അതേ സമയം, തെരഞ്ഞെടുപ്പിന്റെ ഗതി നിയന്ത്രിക്കാൻ കഴിവുള്ള 15 സംസ്ഥാനങ്ങളിൽ ഇവരുടെ നില 49 : 48 എന്നാണ്.
പാർട്ടി അനുഭാവികൾക്കിടയിലും സ്വതന്ത്രർക്കിടയിലും ട്രംപിന് അംഗീകാരം വർദ്ധിച്ചിട്ടുണ്ട്. ജൂണിൽ 8 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളും റിപ്പബ്ലിക്കൻ പാർട്ടിയോട് അടുപ്പമുള്ള സ്വതന്ത്രരും ബിഡന് വോട്ടുചെയ്യുമെന്ന് പറഞ്ഞപ്പോൾ, പുതിയ സർവ്വേയിൽ അവരുടെ എണ്ണം 4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ട്രംപിനെ പിന്തുണക്കുന്നവരിൽ 12%, നവംബറിന് മുൻപായി തങ്ങളുടെ തീരുമാനം മാറിയേക്കാം എന്ന് പറയുമ്പോൾ ബിഡനെ പിന്തുണയ്ക്കുന്നവരിൽ 7 ശതമാനം മാത്രമാണ് അങ്ങനെ പറയുന്നത്.
മറ്റൊരു പ്രധാന കാര്യം, ജൂണിൽ ബിഡനെ പിന്തുണച്ചിരുന്ന, 35 നും 64 നും ഇടയിൽ പ്രായമുള്ള വോട്ടർമാർ ഇപ്പോൾ ട്രംപിനൊപ്പമാണെന്നതാണ്. മൊത്തത്തിൽ കൺസർവേറ്റീവ്സിനിടയിൽ ട്രംപിന്റെ ജനപ്രീതി 76 ശതമാനത്തിൽ നിന്നും 85 ശതമാനമായി ഉയർന്നിട്ടുണ്ട്. കമലാ ഹാരിസിനെ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കിയതിനെ 52 ശതമാനം പേർ പിന്തുണയ്ക്കുന്നു. പ്രസിഡണ്ട് എന്ന നിലയിൽ ബിഡന് സുപ്രധാന തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവിന്റെ സൂചനയാണ് കമലയെ തെരഞ്ഞെടുത്തതിലൂടെ പ്രകടമാകുന്നത് എന്നാണ് പൊതുവേയുള്ള അഭിപ്രായം.
മറ്റു സർവ്വേകളിൽ, ബിഡൻ ട്രംപിനെക്കാൾ ഏറെ മുന്നിലാണെങ്കിലും, ശ്രദ്ധേയമായ കാര്യം ബിഡന്റെ പോസിറ്റീവ് റേറ്റിങ് കാര്യമായൊന്നും കൂട്ടാനായിട്ടില്ലെന്നാണ്. കഴിഞ്ഞ മാസത്തേക്കാൾ 5 പോയിന്റിന്റെ വർദ്ധനവ് മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത്, ബിഡന് ജനങ്ങളുടെ മനസ്സിൽ വലിയ സ്വാധീനമൊന്നും ഉണ്ടാക്കാനായിട്ടില്ല എന്നു തന്നെയാണ്. ഈ ഫലങ്ങൾ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ഒരു മുന്നറിയിപ്പാണെന്നാണ് പല നേതാക്കളും പറയുന്നത്.
മറുനാടന് ഡെസ്ക്