നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതു കൊണ്ട് തന്നെ ഇത് വിവാദത്തിലാവുന്നതും ഇതാദ്യമല്ല. ഷോയ്ക്കിടെ മത്സരാർത്ഥികൾ പരിസരം മറന്ന് പെരുമാറിയപ്പോൾ ഈ സൂപ്പർ റിയാലിറ്റി ഷോ വീണ്ടും കോടതി കയറുകയാണ്. ബിഗ് ബോസിന്റെ മറാഠി പതിപ്പാണ് ഇപ്പോൾ കോടതി കയറുന്നത്.

ഷോയിലെ മത്സരാർത്ഥികളുടെ നാണംകെട്ട പെരുമാറ്റം അതിരു വിട്ടതോടെ നാസിക്കിലെ വിദ്യാർത്ഥിയായ ഋഷികേശ് ദേശ്മുഖ് ബിഗ് ബോസിനെതിരേ പരാതി നൽകിയത്. മത്സരാർഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ചിപ്നിസും മര്യാദയുടെ സീമ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നൽകിയത്.

വിവാഹിതനാണ് രാജേഷ്. എന്നാൽ ചിപ്‌നിസുമായി ഇയാൾ അതിരുവിട്ട കൊഞ്ചിക്കുഴയലാണ് നടത്തുന്നത്. ഇരുവരും ടെലിവിഷനിൽ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയുമെല്ലാം ചെയ്യുകയാണെന്നും പരാതിയിൽ പറഞ്ഞു.

292, 293 294 വകുപ്പുകൾ അനുസരിച്ച് മത്സരാർഥികൾക്കും കളേഴ്‌സ് ടിവി, വിയാക്കോം 18 എന്നിവയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷോയിൽ രാജേഷ് ചിപ്നിസിന്റെ പ്രണയാഭ്യർഥന സ്വീകരിക്കുകയും ഇത് തന്റെ ഭാര്യ അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് രാജേഷിന്റെ ഭാര്യയെ ഭയമാണെന്ന് ചിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ രാജേഷിന്റെ ഭാര്യയോട് അഭിപ്രായമാരാഞ്ഞെങ്കിലും അവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. ട്വിറ്ററിലും വലിയ ചർച്ചയാണ് ഇതിനെക്കുറിച്ച് നടക്കുന്നത്. ഇതിനിടെയാണ് ഷോയ്‌ക്കെതിരേ പരാതി വന്നിരിക്കുന്നത്.