കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റിഷോ ആയ ബിഗ്ബോസ് സീസൺ 4ൽ വോട്ടിങ്ങ് വിവാദവും. റിയാസ് കരീം എന്ന ഒരു മത്സരാർഥിയെ പുറത്താക്കാനായി, നേരത്തെ പുറത്തുപോയ ഡോ. റോബിൻ രാധാകൃഷ്ണന്റെ ഫാൻസ് വോട്ടിങ്ങ് അട്ടിമറിക്കുകയും, അതുവഴി മറ്റൊരു മികച്ച മത്സരാർഥിയായ അഖിൽ പുറത്തുപോയതുമാണ് വിവാദത്തിന് ഇടയാക്കുന്നത്. അതുകൊണ്ടുതന്നെ ബിഗ്ബോസിലെ വോട്ടിങ്ങ് കുററ്റമറ്റതാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

എൻഡമോൾഷൈൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നെതർലാൻഡിൽ ആരംഭിച്ച 'ബിഗ് ബ്രദർ' എന്ന ടിവി ഷോയുടെ ഇന്ത്യൻ രൂപമാണ് 'ബിഗ് ബോസ്'. ലോകത്തിലെ പല ഭാഷകളിലും ഹിറ്റായി മാറിയ ഈ ടിവി ഷോ ഇപ്പോൾ ഇന്ത്യയിൽ വിവിധ ഭാഷകളിലും ഹിറ്റാണ്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് മലയാളത്തിന്റെ മൂന്ന് സീസണുകളും റേറ്റിങ്ങിൽ ഒന്നാമത് എത്തിയിരുന്നു. നാലാം സീസണും നന്നായി നടന്നുവരവേ, ഷോയിലെ ഏറ്റവും ജനപ്രിയ താരമായ ഡോ റോബിന്റെ പുറത്താകലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

റോബിൻ പുറത്താവുന്നു

വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ് എന്ന മത്സരാർഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് റോബിൻ പുറത്തായത്. ഒരു ടാസ്‌ക്കിനിടയിൽ വന്ന പ്രശ്‌നത്തിന്റെ ഭാഗമായി റോബിൻ, റിയാസിനെ തള്ളിനീക്കിയപ്പോൾ മുഖത്ത് ശക്തമായി കൈകൾ കൊള്ളുകയായിരുന്നു. ഇതിന് ശിക്ഷയെന്നോണം മൂന്ന് ദിവസം ബിഗ്ബോസ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റി.

അത്രയധികം ആരാധകർ ഉള്ള റോബിനെ പുറത്താക്കാൻ സത്യത്തിൽ ബിഗ്ബോസിനും ഇഷ്ടമുണ്ടായിരുന്നില്ല, എന്ന രീതിയിലാണ് പിന്നീട് സൂചനകൾ പോയത്. മറ്റ് മത്സരാർഥികൾ ഭൂരിഭാഗവും, ശാരീരിക ആക്രമണത്തിന് ഇരയായ റിയാസിന് ഒപ്പമല്ല, റോബിനൊപ്പമാണ് നിന്നത്. ബിഗ്ബോസ് അഭിപ്രായം ചോദിച്ചപ്പോൾ റോബിന്റെ കടുത്ത എതിരാളിയും ബിഗ്ബോസിലെ പെൺപുലിയുമായ ജാസ്മിൻ എം മൂസയും, റിയാസും ഒഴികെയുള്ളവർ, ഈ നിലപാടാണ് എടുത്തത്. റോബിൻ തിരിച്ചുവരും എന്ന് സന്തോഷിച്ചിരിക്കയായിരുന്നു, അദ്ദേഹത്തെ അനുകൂലിക്കുന്ന ദിൽഷയും കൂട്ടരുമൊക്കെ. എന്നാൽ ജാസ്മിൻ മാത്രം വഴങ്ങിയില്ല. 'ജാസ്മിൻ മൂസ ഈ മത്സരത്തിൽനിന്ന് പുറത്താവുകയാണെങ്കിൽ, തൊട്ടടുത്ത ദിവസം തന്നെ പെട്ടിയും തൂക്കി റോബിനും ഇവിടം വിടുമെന്ന' അവളുടെ വാക്കുകൾ ശരിയാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മർദനമേറ്റ ഇരക്കൊപ്പം നിൽക്കാത്ത, മറ്റ് മത്സരാർഥികളുടെ നിലപാടിൽ പ്രതിഷേധിച്ചും, തന്റെ മാനസിക- ശാരീരിക അവസ്ഥകൾ വളരെ മോശമാണെന്ന് പറഞ്ഞും, ജാസ്മിൻ ഷോ ക്വിറ്റ് ചെയ്തു. ബിഗ്ബോസ് ഷോയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇതുപോലെയുള്ള ഒരു നടപടി. റോബിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അയാളുടെ പൂച്ചെട്ടിയും, തന്റെ പൂച്ചെട്ടിയും എറിഞ്ഞുടച്ച്, ഹൗസിലെ സ്ത്രീവിരുദ്ധരോടുള്ള പ്രതികാരം എന്നോണം, പരസ്യമായി സിഗരറ്റ് വലിച്ച് രണ്ട് ചാൺ നടന്ന് സിനിമാ സ്റ്റെലിൽ ആണ് ജാസ്മിൻ ഷോ ഉപേക്ഷിച്ച് പോയത്. എല്ലാം നിയമങ്ങളും തെറ്റിച്ച് ശാരീരികമായി ഉപദ്രവിച്ചയാളെ, ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ 'ഒരു തെണ്ടിയെ' ബിഗ്ബോസ് ഹൗസിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ പ്രതിഷേധമായാണ് ആ ഇറങ്ങിപ്പോക്ക് വിലയിരുത്തപ്പെട്ടത്.

അതോടെ ഏഷ്യാനെറ്റും എൻഡമോൾഷൈൻ ഗ്രൂപ്പുമെല്ലാം കടുത്ത സമ്മർദത്തിലായി. അവർക്ക് റോബിനെയും പുറത്താക്കേണ്ടി വന്നു. സത്യത്തിൽ ജാസ്മിൻ അനുഷ്ഠിച്ച ഈ 'സതി' ഇല്ലായിരുന്നെങ്കിൽ റോബിൻ തിരിച്ചുവന്നേനെ എന്നാണ്, ബിഗ്ബോസ് അനലിസ്റ്റുകൾ പറയുന്നത്. റോബിന്റെ അടുത്ത സുഹൃത്തായ ദിൽഷയും പിന്നീട് ഇതുതന്നെ പറഞ്ഞു.

ആർമിയുടെ പ്രതികാരം

പുറത്തായ റോബിന് അയാളെപ്പോലും ഞെട്ടിക്കുന്ന സ്വീകരണമാണ് കിട്ടിയത്. 52000 പേർ, അംഗങ്ങളുള്ള ഫേസ്‌ബുക്ക് കൂട്ടായ്മയാണ് റോബിൻ ആർമി എന്ന പേരിൽ അയാൾക്ക് വേണ്ടി ഉണ്ടാക്കിയത്. ഇവർ മോഹൻലാലിനെയും ബിഗ്ബോസിനെയും ഏഷ്യാനെറ്റിനെയും നിരന്തരം അപഹസിക്കുന്ന രീതിയാണ് സ്വീകരിച്ചത്. നേരത്തെ ബിഗ്ബോസ് രണ്ടാം സീസണിൽ രജിത്കുമാർ പുറത്തായപ്പോഴും സമാനമായ അവസ്ഥ ഉണ്ടായിരുന്നു. രജിത്ത് ആർമി ടീവി തല്ലിപ്പൊട്ടിക്കയും ഹോട്ട് സ്്റ്റാർ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുമാണ് പ്രതിഷേധിച്ചത്. സമാനമായ പ്രതിഷേധമാണ് ഇപ്പോഴും ഉണ്ടായത്.

തലൈവർ പുറത്തായതോടെ റോബിൻ ആർമിക്കാരുടെ ലക്ഷ്യം, റിയാസിനെ പുറത്താക്കുക എന്നതായി. ഹോട്ട്സ്റ്റാർ ആപ്പിലാണ് ബിഗ്ബോസ് മത്സരാർഥികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉള്ളത്. ഒരാൾക്ക് 50 വോട്ടുകൾ വീതം, 250 വോട്ടുകൾ ഒരാഴ്ച ചെയ്യാം. ഇതിൽ ഏറ്റവും കുറഞ്ഞ് വോട്ട് കിട്ടുന്ന ആളാണ് പുറത്താവുക. റിയാസിനെ ഇത്തവണ പുറത്താക്കുമെന്ന് റോബിൻ ആർമിക്കാർ വെല്ലുവിളിച്ചിരുന്നു. അതിനായി അവർ കണ്ടെത്തിയ മാർഗം, മറ്റുള്ളവർക്ക് വോട്ട് കൊടുത്ത് റിയാസിനെ ഏറ്റവും അവസാനത്തേക്കായി മാറ്റുക എന്നത് ആയിരുന്നു. അങ്ങനെയാണ് 'വിനയ് മാധവിന് 25 വോട്ട്, റോണസന് 15 വോട്ട്, സൂരജിന് 10 വോട്ട്' എന്ന സമവാക്യം അവർ രൂപപ്പെടുത്തിയത്. ഇങ്ങനെ വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന വീഡിയോകളും, പോസ്റ്റുകളും റോബിൻ ആർമിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു.

പക്ഷേ അപ്പോൾ റിയാസിന്റെ ജനപ്രീതിയും കൂടുകയായിരുന്നു. പോയ വാരത്തിൽ എൽജിബിടി കമ്യൂണിറ്റി എന്താണെന്ന് റിയാസ് വിശദീകരിക്കുന്ന വീഡിയോ വൈറലായി. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച്, ഉമ്മ വീട്ടുപണിക്ക് പോയി പഠിപ്പിച്ച മകൻ എന്ന റിയാസിന്റെ വീട്ടുകാരെ കുറിച്ച് ചെയ്ത വീഡിയോയും ലക്ഷങ്ങൾ കണ്ടു.

ഒപ്പം റോബിൻ ആർമി ശാരീരിക പ്രത്യേകതകൾ വെച്ചുകൊണ്ട്, ഹോമോഫോബിക്ക് ആയി സൈബർ ലിഞ്ച് ചെയ്തതും, റിയാസിന് അനുകൂലമായ തരംഗം ഉണ്ടാക്കി. മാത്രമല്ല നേരത്തെ പുറത്തായ ജാസ്മിൻ എം മൂസയുടെ ഫാൻസിന്റെ വലിയ പിന്തുണയും റിയാസിന് ഒപ്പം വന്നു. അതുകൊണ്ടുതന്നെ റിയാസ് എലിമിനേഷനിൽ നിന്ന് രക്ഷപെട്ടു എന്ന് മാത്രമല്ല ലക്ഷങ്ങളുടെ പിന്തുണയോടെ രണ്ടാം സ്ഥാനത്തുമെത്തി.ഈ രീതിയിൽ പോവുകയാണെങ്കിൽ ബിഗ്ബോസിലെ വിന്നറും ഈ 24കാരൻ ആവുമെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

പക്ഷേ റോബിൻ ആർമിയുടെ വോട്ടെടുപ്പ് അട്ടിമറിയോടെ പുറത്തായത് മൂന്ന് തവണ ക്യാപ്റ്റൻ ആവുകയും, ബിഗ്ബോസിലെ ടോപ്പ് ഫൈവിൽ ഉണ്ടാവുമെന്ന് ഏവരും കരുതുകയും ചെയ്ത 'കുട്ടി അഖിൽ' എന്ന് അറിയപ്പെടുന്ന നടനും മിമിമിക്രി താരവുമായ അഖിൽ ആയിരുന്നു. റോബിൻ ആർമി വോട്ട് മറിച്ചില്ലായിരുന്നെങ്കിൽ വിനയ് മാധവ്, റോൺസൻ എന്നീ രണ്ടുപേരിൽ ആരെങ്കിലും ഒന്ന് ആയിരുന്നു പുറത്തുപോവുക. നോമിനേഷൻ ഫ്രീ കാർഡ് ലഭിച്ചതിനാൽ ഈ ആഴ്ചയും റിയാസിനെ പുറത്താക്കാൻ കഴിയില്ല. റോബിൻ ആർമി ശരിക്കും പെട്ട് എന്ന് ചുരുക്കം

.

റോബിൻ ആർമിക്കെതിരെ പ്രതിഷേധം

അഖിൽ പുറത്തായതോടെ റോബിൻ ആർമിക്കെതിരെ ശക്തമായ പ്രതിഷേധവും ബിഗ്ബോസ് ആരാധകർക്ക് ഇടയിൽ നിന്ന് ഉയരുന്നുണ്ട്. അന്തം ഫാൻസിന്റെ അട്ടിമറിയില്ലായിരുന്നെങ്കിൽ ഈ മികച്ച കണ്ടസ്റ്റെന്റ് പുറത്താവില്ലായിരുന്നുവെന്ന് പലരും പറയുന്നു. നർമ്മവും, മികച്ച വാക്ചാതുരിയും കൊണ്ട് ഹൗസിനെ നിറച്ച മികച്ച ഒരു മത്സരാർഥി ചിലരുടെ വിവരക്കേടുകൊണ്ട് പുറത്താവുന്നു എന്ന കമന്റ് ബിഗ്ബോസ് ഫാൻ പേജുകളിൽ വ്യാപകമാണ്.

അതോടൊപ്പം ബിഗ്ബോസിലെ വോട്ടിങ്ങ് ശാസ്ത്രീയമാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. ഒരാൾക്ക് ഒരു വോട്ട് എന്ന രീതിയിൽ ക്രമീകരിച്ചാൽ ഈ രീതിയിലുള്ള അട്ടിമറികൾ നടക്കില്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 18 പേരുമായി തുടങ്ങിയ ബിഗ്ബോസ് നാലാം സീസണിൽ ഫിനാലെ അടുക്കവേ ഇപ്പോൾ, എട്ട് മത്സരാർഥികൾ മാത്രമാണ് ബാക്കിയുള്ളത്. ബ്ലെസ്ലി, ദിൽഷ, ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, റിയാസ്, വിനയ്മാധവ്, റോൺസൻ എന്നിവരാണ് മൂന്ന് ആഴ്ചകൂടി നീളുന്ന മത്സരത്തിൽ അവശേഷിക്കുന്നത്.