തിരുവനന്തപുരം: ഇന്നലെത്തെ ബിഗ്ബോസ് എപിസോഡിൽ ബഷീർ ബഷി പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിമർശനങ്ങളും എത്തുകയാണ്. പേളിയുടെ സഹായത്താൽ മാത്രം നിലനിന്നു പോരുന്ന ശ്രീനിയെ രക്ഷിച്ചതിലൂടെ ബിഗ്ബോസ് പക്ഷപാതപരമായി ബഷീറിനെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സാബു, അരിസ്റ്റോ സുരേഷ്, പേളി, ശ്രീനിഷ്, അർച്ചന, ബഷീർ എന്നീ ആറു പേരാണ് ഇന്നലെത്തെ നോമിനേഷനിൽ ഉണ്ടായിരുന്നത്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു ബഷീർ ബഷി. ഷോയിൽ നിന്നും ആദ്യം തന്നെ പുറത്താകുമെന്ന് കരുതിയിരുന്നെങ്കിലും പതിയെ ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ ബഷീറിനായിരുന്നു. വളരെ ആക്ടീവ് ആയതുകൊണ്ട് തന്നെ വിജയി ആകുമെന്നും ബഷീറിനെ പലരും വിലയിരുത്തി. എന്നാൽ ശ്രീനിയെയും അർച്ചനയെയും സംരക്ഷിച്ച് ബഷീറിനെ പുറത്താക്കിയത് ഷോയുടെ റേറ്റിങ്ങ് മാത്രം കണക്കുകൂട്ടിയാണ് എന്നാണ് ഇപ്പോൾ വിമർശനം എത്തുന്നത്.

വീട്ടിലെ കാര്യങ്ങളിലും ടാസ്‌കിലും ഒന്നും ആക്ടീവായി ഇടപെടാത്ത ശ്രീനിയെ പേളിയെ പ്രണയിച്ച് കൊണ്ട് ഷോയുടെ റേറ്റിങ്ങ് കൂട്ടുന്നു എന്ന ഒറ്റ കാരണത്താലാണ് പുറത്താക്കാത്തത് എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ബിഗ്ബോസിലെ പ്രണയം കൊണ്ട് മാത്രം ഷോ കാണുന്ന നിരവധി പ്രേക്ഷകരുണ്ട്. ശ്രീനിയെ പുറത്താക്കിയാൽ ഇവർ ഷോ കാണാതാകുമെന്നതാണ് ബഷീറിനെ ബലിയാടാക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത്.

അതുപോലെ തന്നെ ബഷീറിനെക്കാൾ പുറത്തുപോകാൻ യോഗ്യത ഉണ്ടായത് അർച്ചനക്ക് ആയിരുന്നു എന്നും ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീ-പുരുഷ അനുപാതം കുറയും എന്നതുകൊണ്ട് മാത്രമാണ് അർച്ചനയെ സേഫാക്കിയതെന്നാണ് ഇവർ ആരോപിക്കുന്നത്.