തിരുവനന്തപുരം: ബിഗ് ബോസ് മിനി സ്‌ക്രീൻ പ്രേക്ഷകർ കാണാനുള്ള പ്രധാന കാരണം എന്താണെന്ന് ചോദിച്ചാൽ അതിന് ഉത്തരം മോഹൻലാൽ എന്നാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ അവതാരകനായി എത്തിയത് ബിഗ്ബോസിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ലാൽ അവതാരകാനായി എത്തിയപ്പോൾ സ്വാഭാവികമായി ഉയർന്ന ചോദ്യമാണ് മോഹൻലാലിന് ഇതൊക്കെ കാണാൻ സമയമുണ്ടോ എന്നത്. എന്നാൽ ഇതിന്റെ രഹസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ബിഗ്ബോസിന്റെ ആഴ്ച അവസാന എപിസോഡുകക്കായി മുംബൈയിലെത്തിയാണ് മോഹൻലാൽ അവതാരകനാകുന്നത്. രണ്ടു ദിവസം ഇതിനായി നീക്കി വയ്ക്കുന്നതിന് കോടികളാണ് മോഹൻലാൽ വാങ്ങുന്നത്. അതേസമയം കൃത്യമായ ചോദ്യങ്ങളും കുറിക്ക് കൊള്ളുന്ന മറുപടികളുമായി ബിഗ്ബോസ് മത്സരാർഥികളോട് സംവദിക്കുന്ന മോഹൻലാൽ ബിഗ്ബോസ് ഷോ കാണാറില്ലെന്നതാണ് സത്യം.

സിനിമാ ഷൂട്ടിങ്ങും മറ്റുമായി ഷോ മുഴുവൻ കാണാൻ ലാലിന് സമയമുണ്ടാകാറില്ല. എന്നാൽ ബിഗ്ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം ലാലിനെ കൃത്യമായി അറിയാമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ബിഗ്ബോസിന്റെ തിരക്കഥാകൃത്താണ് ഇതിനായി മോഹൻ ലാലിനെ സഹായിക്കുന്നത്. ഓരോ എപിസോഡിന്റെയും വീഡിയോ തിരക്കഥാകൃത്തിന് ലഭിക്കും. ഇദ്ദേഹം ഷോ മുഴുവൻ കണ്ട ശേഷമാണ് മോഹൻലാലിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്.

എന്തൊക്കെയാണ് പ്രധാന സംഭവങ്ങളെന്നും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നും എല്ലാം ഇദ്ദേഹം സ്‌ക്രിപ്റ്റുണ്ടാക്കി മോഹൻലാലിനെ ധരിപ്പിക്കും. ബിഗ്ബോസിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി എന്തിനൊക്കെ ബിഗ്ബോസ് അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കണമെന്നും അഭിനന്ദിക്കണമെന്നും എന്തൊക്കെ ഭാവങ്ങളാണ് അപ്പോൾ മുഖത്ത് വരുത്തേണ്ടത് എന്നൊക്കെ തിരക്കഥാകൃത്ത് കൃത്യമായി മോഹൻലാലിനെ അറിയിക്കും. ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ച് അഭിനയിക്കുന്ന ലാലേട്ടന് അവതരണവും പൂ പറിക്കുന്ന പോലെ എളുപ്പമാണ്. ഇങ്ങനെയാണ് മികച്ച നടനും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ ലാലേട്ടൻ തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ബിഗ്ബോസ് അവതരണം മികവുറ്റതാക്കുകയും ചെയ്യുന്നത്.