അബൂദാബി: വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ പാതിവഴിയിൽ പഞ്ചാബ് കിങ്‌സ് വിടാനുള്ള കാരണം വ്യക്തമാക്കി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ. ഗെയ്‌ലിനെ പോലൊരു സൂപ്പർ താരത്തെ അദ്ദേഹം അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ പഞ്ചാബ് കിങ്സ് ടീമിന് കഴിഞ്ഞില്ലെന്ന് പിറ്റേഴ്‌സൺ പറഞ്ഞു.

ജന്മദിനത്തിന്റെ അന്നുപോലും ഗെയ്ലിനെ കളത്തിലിറക്കിയില്ലെന്നും അതുകൊണ്ടാണ് ഗെയ്ൽ ഐപിഎൽ ഉപേക്ഷിച്ച് മടങ്ങിയതെന്നും പീറ്റേഴ്സൺ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലിലെ ബയോ ബബ്ൾ സംവിധാനം മടുത്തെന്നും ട്വന്റി-20 ലോകകപ്പിൽ വെസ്റ്റിൻഡീസിനായി കളത്തിലിറങ്ങും മുമ്പ് വിശ്രമം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗെയ്ൽ ടീം വിട്ടത്. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് പഞ്ചാബിനായി 193 റൺസാണ് ഗെയ്ൽ നേടിയത്.

ഐപിഎൽ രണ്ടാം ഘട്ടം യു.എ.ഇയിൽ തുടങ്ങിയശേഷം ഗെയ്ലിന്റെ ജന്മദിനത്തിലായിരുന്നു പഞ്ചാബിന്റെ ആദ്യ മത്സരം. അന്ന് ഗെയ്ലിന് കളിക്കാൻ അവസരം ലഭിച്ചില്ല.

'പഞ്ചാബ് കിങ്സ് ഗെയ്ലിനെ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. തന്നെ ഉപയോഗിച്ച ശേഷം അകലം പാലിക്കുന്നതായി ഗെയ്ലിന് തോന്നാൻ സാധ്യതയുണ്ട്. ജന്മദിനത്തിന്റെ അന്നുപോലും ഗെയ്ലിനെ കളത്തിലിറക്കിയില്ല. അദ്ദേഹത്തിന് ഇപ്പോൾ 42 വയസ്സ് ആയില്ലേ, സന്തോഷം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയിലേക്ക് വിട്ടേക്കുക'-പീറ്റേഴ്സൺ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ലീഗിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവസാന മൂന്നു മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഗെയ്ൽ പഞ്ചാബ് വിട്ടത്. ഐ.പി.എല്ലിനായി ബയോബബിളിൽ തുടരുന്നത് തന്റെ മാനസിക നിലയിൽ പ്രശ്്നങ്ങൾ സൃഷ്ടിക്കുന്നതായും ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുമ്പ് മാനസിക ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയാണ് താൻ പിന്മാറുന്നതെന്നും ഗെയ്ൽ വ്യക്തമാക്കി. ''കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റിൻഡീസ് ടീമിന്റെ ബബിളിലും, കരീബിയൻ പ്രീമിയർ ലീഗ് ബബിളിലും, ഐ.പി.എൽ ബബിളിലും തങ്ങുകയാണ്. ഇതു മാനസകിമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനും, സ്വയം ഉന്മേഷവാനാവുന്നതിനും വേണ്ടിയാണ് ഇപ്പോൾ ഐ.പി.എല്ലിൽ നിന്ന് പിന്മാറുന്നത്. ''- എന്നായിരുന്നു ഗെയ്‌ലിന്റെ വിശദീകരണം.

2019 സീസണിൽ പഞ്ചാബിനായി വെസ്റ്റിൻഡീസ് താരം അടിച്ചുകൂട്ടിയത് 490 റൺസാണ്. എന്നാൽ കഴിഞ്ഞ സീസണിലെ ആദ്യ ഏഴു മത്സരങ്ങളിൽ താരത്തെ പുറത്തിരുത്തി. അതിൽ ആറു മത്സരങ്ങളിലും ടീം തോറ്റു. പിന്നീട് കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് 288 റൺസ് അടിച്ചുകൂട്ടി.