ന്യൂയോർക്ക്: ഭൂമിയിലേക്ക് ശക്തമായ സൗരക്കാറ്റും റേഡിയേഷനും വമിപ്പിക്കാൻ ശേഷിയുള്ള ഭീമാകാരമായ വിള്ളൽ സൂര്യനിൽ നാസ കണ്ടെത്തി. ഒന്നേകാൽ ലക്ഷം കിലോമീറ്റർ വീതിയുള്ള ഈ വിള്ളൽ ഭൂമിയിൽനിന്ന് നോക്കിയാൽക്കാണാവുന്നത്ര വലുതാണ്. എആർ2665 എന്ന് പേരിട്ടിരിക്കുന്ന ഈ സൺസ്‌പോട്ട്് ഭൂമിയിലെ വാർത്താവിനിമയ ഉപഗ്രഹങ്ങളെയാകെ തകരാറിലാക്കാൻ പോന്നതാണെന്നും നാസ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞയാഴ്ചയാണ് നാസയുടെ സൗര ദൂരദർശിനി ഈ സ്‌പോട്ട് കണ്ടെത്തിയത്. അതിന്റെ വിശദാംശങ്ങൾ കഴിഞ്ഞദിവസമാണ് ലഭ്യമായത്. സൂര്യനിലെ കാന്തികമേഖലൾ തമ്മിലുള്ള പ്രതിപ്രവർത്തനം കൊണ്ടാണ് ഇത്തരം സ്‌പോട്ടുകൾ ഉണ്ടാകുന്നത്. ഇരുണ്ടതും ചൂടുകുറഞ്ഞതുമായ മേഖലകളാണിവ. ഉയർന്ന കാന്തിക മേഖലകളിലാണ് ഇത്തരം സ്‌പോട്ടുകൾ കാണപ്പെടാറ്. ഇത്തരം സ്‌പോട്ടുകളിൽനിന്നാണ് വൻതോതിലുള്ള സൗരക്കാറ്റ് വമിക്കാറുള്ളത്.

ഇങ്ങനെ വമിക്കുന്ന സൗരക്കാറ്റ് ഭൂമിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പോന്നതാണ്. ബഹിരാകാശത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളാണ് ഇതുമൂലം തകരാറിലാവുക. ഭൂമിയുടെ കാന്തികമേഖലയ്ക്ക് ഭീഷണിയാണെന്നതിനാൽ, വ്യോമ ഗതാഗതത്തെയും ഇത് ബാധിച്ചേക്കാം. ശക്തമായ സൗരക്കാറ്റ് വൈദ്യുതി വിതരണത്തെയും താറുമാറാക്കും. എന്നാൽ, ഇത്തരം ഭീഷണികൾ പെട്ടെന്നൊന്നും നേരിടേണ്ടിവരില്ലെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന.

ഭൂമിയെ നേരിട്ട് അഭിമുഖീകരിക്കുന്ന നിലയിലാണ് ഈ സൺസ്‌പോട്ടുള്ളത്. അത് ഭീഷണി കൂടുതലായി ഉയർത്തുന്നുണ്ട്. സൗരക്കാറ്റ് എന്നുണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവാത്തതിനാൽ, അതിന്റെ ഭീഷണി സ്ഥിരമായി ഭൂമിയെ ഉറ്റുനോക്കുന്നതായും ഗവേഷകർ പറയുന്നു. പുതിയ സൺസ്‌പോട്ടിനെക്കുറിച്ച് നാസ പുറത്തുവിട്ടതോടെ, സൂര്യചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാർക്ക് ഇത് വലിയ ആവേശമായും മാറിയിട്ടുണ്ട്.