ദുബായ്: നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ലോട്ടറിയുടെ കാര്യത്തിൽ മലയാളികൾ മുമ്പിലാണ്. ലോട്ടറി എടുക്കുന്നതും അടിക്കുന്നതുമൊക്കെ നമുക്കിടയിലെ പതിവു സംഭവമാണ്. എന്നാൽ, ഗൾഫ് നാടുകളിൽ വെച്ചു നടക്കുന്ന നറുക്കെടുപ്പുകളിൽ വിജയികളായ മലായാളികളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിക്ക തവണയും ഭാഗ്യം കടാക്ഷിക്കുന്നത് മലയാളികളെയാണ്. ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പുകളിലും കഥ മാറിയില്ല. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മെഗാ സമ്മാനമായ 1.2 കോടി ദിർഹം (21 കോടിയോളം രൂപ) സ്വന്തമാക്കിയത് മലയാളി സുഹൃത്തുക്കളായിരുന്നു.

പത്തനംതിട്ട ആറന്മുള സ്വദേശി ജോൺ വർഗീസ് നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ആ ഭാഗ്യം. ഇതിനു പിന്നാലെ, വീണ്ടും ജോൺ വർഗീസ് ബിഗ് ടിക്കറ്റ് വേദിയിൽ എത്തി. സൂപ്പർ സെവൻ സീരീസ് 191 നറുക്കെടുപ്പിലെ വിജയിയെ തിരഞ്ഞെടുക്കാനായിരുന്നു അവസരം. മലയാളിയായ ജോൺ വർഗീസ് നറുക്കെടുത്ത ടിക്കറ്റിലൂടെ കോടീശ്വരനായത് മറ്റൊരു മലയാളിയായി എന്നത് അപൂർവ്വ സംഭവമായി മാറി! ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പിൽ 12 കോടിയോളം രൂപ സ്വന്തമാക്കിയ കുവൈത്തിൽ ജോലി ചെയ്യുന്ന മറ്റൊരു പത്തനംതിട്ട സ്വദേശി അനിൽ വർഗീസ് തേവര ആയിരുന്നു ആ ഭാഗ്യവാൻ. രണ്ടു പേരും പത്തനംതിട്ടക്കാരായിരുന്നു എന്നതും ശ്രദ്ധേയമായി.

കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് ജോൺ വർഗീസ് 12 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞെടുത്തത്. തൊട്ടു മുൻപത്തെ നറുക്കെടുപ്പിലെ വിജയിയാണ് പുതിയ വിജയിയെ തിരഞ്ഞെടുക്കേണ്ടത്. ഈ അവസരത്തിലാണ് ജോൺ വർഗീസ് മറ്റൊരു മലയാളിക്ക് ഭാഗ്യമെത്തിച്ചത്. നറുക്കെടുപ്പിനായി എത്തിയ ജോൺ വർഗീസ് വമ്പൻ സമ്മാനം ലഭിച്ചതിനുശേഷമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ഇത്രയും വലിയ തുക സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. തനിക്ക് ലഭിച്ച പണം എന്തു ചെയ്യണമെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഈ നാട് വിട്ട് എങ്ങോട്ടും പോകുന്നില്ലെന്നും ജോൺ മറുപടി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം തുടർച്ചയായി അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, ആയിരക്കണക്കിന് ടിക്കറ്റുകളിൽ നിന്ന് അവതാരകൻ ഒൻപത് ടിക്കറ്റുകൾ എടുക്കുകയും ഇതിൽ ഏതാണ് 12 കോടിയുടെ ഭാഗ്യവാൻ എന്നു ജോണിനോട് ചോദിക്കുകയും ചെയ്തു. ജോൺ ഒരു ടിക്കറ്റ് തിരഞ്ഞെടുത്തു. അൽപം ആകാംഷ നിലനിർത്തിക്കൊണ്ട് അവതാരകൻ ഭാഗ്യവാന്റെ ടിക്കറ്റ് നമ്പർ പറഞ്ഞു: 11197. പിന്നെ പേര്: അനിൽ വർഗീസ് തേവര. രാജ്യം: ഇന്ത്യ. കയ്യടികൾക്കൊടുവിൽ വിജയിയെ ഫോണിൽ ബന്ധപ്പെട്ട് അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. നറുക്കെടുത്തതും സമ്മാനം ലഭിച്ചതും മലയാളിക്ക്!

ദുബായ് ജുമൈറ ലെയ്ക് ടവേഴ്‌സിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ പത്തനംതിട്ട ആറന്മുള പീടികയിൽ വീട്ടിൽ ജോൺ വർഗീസിന്റെയും കൂട്ടുകാരുടെയും ജീവിതം മാറി മറഞ്ഞത് ഈ വർഷം ഏപ്രിൽ മൂന്നിന് നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റാണ്. തൊട്ടടുത്തെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ കാസർകോട് ഉദുമ സ്വദേശി അനീഷ് കുമാറും മറ്റു ജീവനക്കാർക്കും ഒപ്പമാണ് ടിക്കറ്റ് എടുത്തത്.സമ്മാനം ലഭിച്ചതോ 21 കോടിയോളം രൂപ.

50, 100 ദിർഹം വീതം മുടക്കിയാണ് എല്ലാവരും ചേർന്ന് ടിക്കറ്റെടുത്തത്. എല്ലാ മാസവും തത്സമയം നറുക്കെടുപ്പ് കാണാറുണ്ട്. ഇത്തവണ ഞങ്ങൾ വിജയികളാകുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. 093395 ആയിരുന്നു ടിക്കറ്റ് നമ്പർ. സമ്മാനം നേടിയ ഉടനെ നാട്ടിലെ കുടുംബത്തിനെ വിളിച്ച് അറിയിച്ചു. കോടികൾ നേടിയതിനെ തുടർന്ന് ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകാനൊന്നും തീരുമാനിച്ചിട്ടില്ല. നാട്ടിലെ ഭാര്യക്കും രണ്ടു കുട്ടികളുടെ ഭാവിക്കും വേണ്ടി എന്തെങ്കിലും ചെയ്യണം. മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിനെക്കാളും മറ്റൊരു നല്ല കാര്യമില്ലെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വളരെ കഷ്ടപ്പെട്ടാണ് ദുബായിൽ പിടിച്ചുനിന്നത്. അതുകൊണ്ട് ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ ഒരിക്കലും മറക്കില്ലെന്നും സമ്മാനം ലഭിച്ചപ്പോൾ ജോൺ പ്രതികരിച്ചു.

ഏറ്റവും ഒടുവിൽ നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഏഴ് മില്യൺ ദിർഹം (ഏതാണ്ട് 12 കോടി രൂപ) സ്വന്തമാക്കിയ അനിൽ വർഗീസ് തേവേരക്ക് ഭാഗ്യം കൊണ്ടുവന്നത് മകന്റെ ജനന തിയതിയുള്ള നമ്പർ ആണ്. 11197 എന്ന നമ്പരിനായിരുന്നു നറുക്ക് വീണത്. മകൻ രോഹിത്തിന്റെ ജനന തിയതിയുമായി സാമ്യമുള്ള നമ്പർ ആയിരുന്നു ഇത്. 11/ 97 ആണ് മകന്റെ ജനന തിയതി. ഇവൻ എന്റെ ഭാഗ്യമാണ് രോഹിത്തിനെ ചേർത്തു പിടിച്ച് അനിൽ പറഞ്ഞു. സമ്മാനം ലഭിച്ചുവെന്നത് വളരെ അദ്ഭുതപ്പെടുത്തിയ വാർത്തയായിരുന്നു. ബിഗ് ടിക്കറ്റിന്റെ ഗ്രാൻഡ് വിജയി ആയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറിയടിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതു പോലെ അടുത്തവർഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനാണു പരിപാടിയെന്ന് അനിൽ തോമസ് പറഞ്ഞു. മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 26 വർഷമായി കുവൈത്തിലുള്ള അനിൽ വർഗീസ് ഖറാഫി നാഷനൽ കമ്പനി ഉദ്യോഗസ്ഥനാണ്. ഏപ്രിൽ നാലിന് ഓൺലൈൻ വഴിയാണ് ടിക്കറ്റ് എടുത്തത്. ഇത് രണ്ടാം തവണയായിരുന്നു ഭാഗ്യപരീക്ഷണം. കുവൈത്തിൽ ബദൂർ ട്രാവൽസിൽ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ. മകൻ രോഹിത് തേവര കോളജ് ബികോം വിദ്യാർത്ഥി.

മാസത്തിലൊരിക്കൽ ആണ് ബിഗ് ടിക്കറ്റ് മില്ല്യണയർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിൽ കൂടുതലും സമ്മാനം നേടിയിട്ടുള്ളത് ഇന്ത്യക്കാരാണ്. ജാക്ക്പോട്ട് വിജയികളിൽ ഭൂരിപക്ഷം പേരും മലയാളികളാണ്. തുടർച്ചയായി ഇന്ത്യക്കാർക്കും മലയാളികൾക്കും നറുക്കുവീഴുന്ന പശ്ചാത്തലത്തിൽ പലരും ബിഗ് ടിക്കറ്റെടുക്കുന്നത് പതിവാണ്. അഞ്ഞൂറ്് ദിർഹത്തിന്റെ ടിക്കറ്റ് ഒറ്റയ്‌ക്കെടുത്ത് ബാധ്യതയാക്കാതെ നാലോ അഞ്ചോ ആളുകൾ ചേർന്നും ടിക്കറ്റെടുക്കുന്നുണ്ട്. രണ്ട് ടിക്കറ്റെടുത്താൽ ഒന്ന് കൂടി സൗജന്യമായി ലഭിക്കുമെന്നതിനാൽ രണ്ടെണ്ണം എടുക്കുന്നവരും കുറവല്ല.

കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു. ദേവനന്ദൻ പുതുമനം പറമ്പത്ത് എ്‌നായാളും കഴിഞ്ഞ വർഷം ബിഗ് ടിക്കറ്റ് വിജയിയായിരുന്നു. അന്ന് ഏകദേശം 8.76 കോടി ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന് സഭി്ച സമ്മാനത്തുക

തുച്ഛ വരുമാനമുള്ളവർ പോലും ബിഗ് ടിക്കറ്റെന്ന സ്വപ്നം കണ്ട് ടിക്കറ്റെടുക്കുന്നു. സീസണനുസരിച്ച് അഞ്ചും ഏഴും പത്തും ദശലക്ഷം ദിർഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. നറുക്കെടുപ്പിൽ പലപ്പോഴും ഇന്ത്യക്കാർക്കാണ് വീഴുന്നതെന്നതിനാൽ കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലോ അബുദാബി നഗരത്തിലുള്ള ടെർമിനലിലോ ഓൺലൈനായോ പാസ്‌പോർട്ടുള്ള ആർക്കും ടിക്കറ്റ് സ്വന്തമാക്കാം.