കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 3 ടൈറ്റിൽ വിജയിയെ തീരുമാനിക്കാനുള്ള പ്രേക്ഷക വോട്ടിങ് അവസാനിച്ചു. ശനിയാഴ്ച അർധരാത്രി 12 മണി വരെയാണ് ഇഷ്ട മത്സരാർഥികൾക്കായി വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് വോട്ടിങ് ആരംഭിച്ചത്. ഇനി വിജയിയെ അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. വോട്ടിങ്ങിൽ മുന്നിൽ നിൽക്കുന്നവരുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.എന്നാൽ അതൊന്നുമായിരിക്കില്ലെന്നും പ്രേക്ഷകരുടെ വോട്ട് മാത്രം നോക്കിയാണ് വിജയിയെ കണ്ടെത്തുന്നതെന്നുമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ട വിവരം.

എന്നാൽ ഗ്രാന്റ്ഫിനാലെയെക്കുറിച്ചോ വിജയിയെപ്രഖ്യാപിക്കുന്ന ദിവസത്തെക്കുറിച്ചോ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഒരു സൂചനയും നൽകിയിട്ടില്ല.അതുകൊണ്ട് തന്നെ എങ്ങിനെയാവും ഈ സീസൺ അവസാനിപ്പിക്കുക എന്ന ആകാംഷയും പ്രേക്ഷകർക്കുണ്ട്.
രണ്ടാം സീസൺ പോലെ ചെന്നൈ ആയിരുന്നു ഇത്തവണയും ബിഗ് ബോസ് മലയാളത്തിന്റെ വേദി. തമിഴ്‌നാട്ടിലെ കോവിഡ് ലോക്ക് ഡൗൺ സാഹചര്യങ്ങളിൽ 95-ാം ദിവസം ഷോ അവസാനിപ്പിക്കേണ്ടിവരുകയായിരുന്നു.

എന്നാൽ ചിത്രീകരണം അവസാനിപ്പിച്ചതിനു ശേഷവും ഇഷ്ട മത്സരാർഥികൾക്ക് ഒരാഴ്ച വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം നൽകിക്കൊണ്ട് അന്തിമ വിജയിയെ തീരുമാനിക്കാനായിരുന്നു നടത്തിപ്പുകാരുടെ തീരുമാനം. മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്ണൻ, റിതു മന്ത്ര, റംസാൻ മുഹമ്മദ്, നോബി മാർക്കോസ് എന്നിവരായിരുന്നു അവസാന എട്ടിൽ ഇടംപിടിച്ച മത്സരാർഥികൾ.

ദിവസങ്ങൾക്കു മുൻപ് കേരളത്തിലെത്തിയ മത്സരാർഥികൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ വോട്ടിങ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകർക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.

'ഒരുപാട് പരീക്ഷണങ്ങൾ വരും, ഒരു പുഞ്ചിരിയോടെ നേരിടണം. ദി ഷോ മസ്റ്റ് ഗോ ഓൺ. ജീവിതവും മുന്നോട്ടുപോയേ പറ്റൂ. നിങ്ങളുടെ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി സുഹൃത്തുക്കളേ', എന്നാണ് ഇൻസ്റ്റഗ്രാമിൽ മണിക്കുട്ടൻ കുറിച്ചത്.

'സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. എന്നെ സ്വീകരിച്ചതിന് നന്ദി. എനിക്കൊപ്പം നിന്നതിന് നന്ദി. എനിക്കായി വോട്ട് ചെയ്തതിന് നന്ദി', ഡിംപൽ ഭാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നന്ദി! എനിക്കുവേണ്ടി ചെയ്ത ഓരോ വോട്ടിനും നന്ദി.. എന്നിലേക്ക് ഇപ്പോളും നിർത്താതെ വന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ ഓരോ നല്ല വാക്കുകൾക്കും നന്ദി..എനിക്കു വേണ്ടി മാറ്റി വെച്ച നിങ്ങളുടെ സമയത്തിന് നന്ദി.. നിറകണ്ണുകളോടെ അല്ലാതെ എനിക്ക് ഓർക്കാൻ പറ്റാത്ത നിങ്ങളുടെ സ്‌നേഹത്തിന് നന്ദി.. ഒറ്റയ്ക്ക് പൊരുതിയ ഒരുവന്റെ ജീവിതത്തിൽ ഒറ്റക്കെട്ടായി കൂടെ വന്നു നിന്നതിന് നന്ദി.. എന്നിൽ നിങ്ങളെ കണ്ടു എന്ന് പറഞ്ഞതിന് നന്ദി.. നിങ്ങളിൽ ഒരാളായി ചേർത്ത് നിർത്തുന്നതിനു നന്ദി.. എല്ലാത്തിലുമുപരി നിങ്ങളുടെ സ്വപ്നങ്ങളെ പറ്റി എന്നോട് അഭിമാനത്തോടെ വന്നു പറയുന്നതിനും, ആ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വസിക്കാൻ ഞാൻ ഒരു കാരണമാകുന്നു എന്ന് അറിയുന്നതിനും നന്ദി..', എന്നായിരുന്നു സായ് വിഷ്ണുവിന്റെ പ്രതികരണം.

'മനസിലാക്കിയതിനും കൂടെ നിന്നതിനും നന്ദി' എന്നാണ് റംസാന്റെ വാക്കുകൾ.

'ഒരുപാട് നന്ദിയുണ്ട്. ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വോട്ട് ചെയ്തതിന്. ഏറ്റവും അർഹിക്കുന്ന ഒരാൾ വിജയി ആയി മാറട്ടെ. ബിഗ് ബോസ് സീസൺ 3ന്റെ ടൈറ്റിൽ ഈ എട്ടുപേരിൽ ഒരാൾക്ക് കിട്ടട്ടെ', വീഡിയോ സന്ദേശത്തിലൂടെ അനൂപ് കൃഷ്ണൻ പറഞ്ഞു.

'എല്ലാവർക്കും നന്ദി. എല്ലാവരും നന്നായിരിക്കുന്നെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്റെ ജീവിതത്തിലെ വിലപിടിച്ച മനുഷ്യർ. നിങ്ങളെക്കൂടാതെ എനിക്ക് ഇവിടെവരെ എത്താൻ കഴിയില്ലായിരുന്നു. ഈ യാത്രയിൽ ഒപ്പമുണ്ടായതിന് നന്ദി', റിതു മന്ത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മത്സരം പൂർത്തിയാക്കാൻ അണിയറപ്രവർത്തകർ പരമാവധി ശ്രമിച്ചിരുന്നു.കൊച്ചിയിൽ ബറോസിന്റെ ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽപ്പോലും ചെന്നൈയിലെത്തിയാണ് ഷോ ചിത്രീകരിച്ചത്.ഒടുവിൽ അണിയറപ്രവർത്തകർക്ക് തന്നെ കോവിഡ് ബാധയുണ്ടായത് പരിപാടിക്ക് തിരിച്ചടിയായത്.