ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മൂന്നാം സീസണിൽ രണ്ടാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്. നടി മിഷേൽ ആണ് ഇത്തവണ പുറത്തായത്. വൈൽഡ് കാർഡ് എൻട്രി വഴിയായിരുന്നു താരം ഷോയിൽ എത്തിയത്. സങ്കടം ഉണ്ട് പോകാൻ എന്നാണ് മോഹൻലാലിനോട് മിഷേൽ പറയുന്നത്. മാത്രമല്ല വൈൽഡ് കാർഡ് എൻട്രി ഉണ്ടെങ്കിൽ തനിക്ക് ഒരു അവസരം കൂടി തരണം എന്നും മിഷേൽ ലാലിനോട് അഭ്യർത്ഥിച്ചു. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ വീട്ടിൽ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി, അഞ്ചല് തുടങ്ങിയവരെ മിസ് ചെയ്യും എന്നും മിഷേൽ വ്യക്തമാക്കി.

ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേൽ ആൻ ഡാനിയൽ സിനിമയിലേക്ക് എത്തുന്നത്. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ചിത്രത്തിൽ വിദ്യാർത്ഥി ആയിട്ടാണ് മിഷേൽ അഭിനയിച്ചത്. ധമാക്ക എന്ന സിനിമയിലും മിഷേൽ അഭിനയിച്ചു. മിഷേലിന് കുറെ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മോഹൻലാൽ നടിയെ ഷോയിൽ നിന്നും പറഞ്ഞയച്ചത്.

ബി​ഗ് ബോസ് വീട്ടിലെ 21-ാം ദിവസം മത്സരാർഥികളോട് സംസാരിക്കുന്നതിനായി അവതാരകൻ മോഹൻലാൽ പ്രണയാക്ഷരങ്ങളുമായാണ് എത്തിയത്. വീട്ടിലുള്ളവരോട് പ്രണയത്തെ കുറിച്ചായിരുന്നു ലാൽ കൂടുതൽ സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നങ്ങളെ കുറിച്ചായിരുന്നു സംസാരമെങ്കിൽ ഇന്ന് വീട്ടിലെ സൗഹൃദ കാഴ്ചകളിലേക്ക് ഒന്നു നോക്കാമെന്ന് പറഞ്ഞായിരുന്നു ലാൽ തുടങ്ങിയത്. ആദ്യമേ ഏയ്ഞ്ചൽ തോമസിനെയാണ് ലാൽ നോക്കിയത്. ആരോടെങ്കിലും എന്തെങ്കിലുമുണ്ടോ എന്നാണ് ലാൽ ഏയ്ഞ്ചലിനോട് ചോദിച്ചത്.

എന്നോടാണോ പ്രണയമെന്നാണ് ലാൽ ചോദിച്ചത്, അല്ലെങ്കിൽ പച്ചയുടുപ്പിട്ട വേറെയാരെയെങ്കിലുമാണോ എന്നും ലാൽ ചോദിച്ചു. പിന്നീട് അഡോണിയെയാണ് എഴുന്നേൽപ്പിക്കുകയുണ്ടായത്. ലാലും അഡോണിയും പച്ച നിറത്തിലുള്ള ഷെർട്ട് ആയിരുന്നു ധരിച്ചിരുന്നത്. അഡോണിയോട് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ പക്ഷേ ഉത്തരങ്ങൾ അത്ര വ്യക്തമായിരുന്നില്ല. ഞങ്ങൾക്കിടയിൽ നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് ലാലിനോട് അഡോണി പറഞ്ഞത്.

ഏയ്ഞ്ചലിനെ നോക്കി ഐ ലവ് യു എന്ന് പറയാനാണ് ലാൽ പിന്നീട് അഡോണിയോട് പറഞ്ഞത്. തെല്ല് നാണത്തോടെയെങ്കിലും അഡോണി അത് പറയുകയുണ്ടായി. ഇനി എന്നെ നോക്കി പറയാമോ എന്ന് ലാൽ ചോദിച്ചപ്പോൾ അഡോണിയും ഏയ്ഞ്ചലും ഒന്നു ചേർന്നാണ് ലാലിനോട് ഐ ലവ് യു പറഞ്ഞത്. പിന്നീട് സജ്നയോട് ഐ ലവ് യു പറയാനാണ് ലാൽ പറഞ്ഞത്. ഉടൻ ഫിറോസ് ഖാനോട് സജ്ന ഐ ലവ് യൂ പറയുകയുണ്ടായി.

പിന്നീട് മണിക്കുട്ടനോടാണ് ലാൽ കാര്യങ്ങൾ ചോദിച്ചത്. ഒന്നും ആയില്ലെന്നാണ് അപ്പോൾ മണിക്കുട്ടൻ പറഞ്ഞത്. പറ്റിയൊരാളെ നോക്കുന്നുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു. നേരെ ലാൽ ഋതുവിനെയാണ് എഴുന്നേൽപ്പിച്ചത്. മണിക്കുട്ടനെ പറ്റിയാണ് ഋതുവിനോട് ചോദിച്ചത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും എന്നെക്കാളും ബെറ്ററായിട്ടുള്ള വ്യക്തികളെ കിട്ടും, ഞാൻ ജീവിച്ചുപൊയ്ക്കോട്ടെയെന്നാണ് ഋതു പറഞ്ഞത്. . പിന്നീട് നോബിയിലേക്കാണ് ലാൽ എത്തിയത്. വീട്ടിൽ ചെല്ലുമ്പോൾ നല്ല സ്വീകരണമാകുമോ എന്നാണ് തമാശരൂപേണ ചോദിച്ചത്. ഡിംപലിന്റെ വേഷം കഥകളി വേഷം പോലുണ്ടെന്നും ലാൽ കമൻറ് പറയുകയുണ്ടായി. അതോടൊപ്പം പ്രേമിക്കപ്പെടാനാണ് ഭാഗ്യം വേണ്ടതെന്നും ലാൽ ഡിംപലിനോട് പറഞ്ഞു.

ശേഷം സൂര്യയോടാണ് ലാൽ ചോദിച്ചത്. ഇവിടെ ഒരാളോട് ചെറിയൊരിഷ്ടമുണ്ടെന്നാണ് സൂര്യ പറഞ്ഞത്. ശേഷം നഖചിത്രം വരച്ച് നാണം കുണുങ്ങി നിൽക്കുകയായിരുന്നു സൂര്യ. പേര് പറയാനാകില്ലെന്നും സൂര്യ പറഞ്ഞു. അതങ്ങനെ തന്നെയിരിക്കട്ടെ. അവര് കണ്ടുപിടിക്കട്ടെയെന്നാണ് അപ്പോൾ ലാൽ പറഞ്ഞത്. ഓരോരുത്തർക്കും ഇഷ്ടം പ്രണയം തന്നെയാണകണമെന്നില്ലല്ലോ, ബഹുമാനത്തോടെയുള്ള ഇഷ്ടമാണെന്നും ഹൃദയത്തിന്റെ അറകളിൽ മാത്രമുള്ളതെന്നും സൂര്യ കാവ്യാത്മകമായി വിശദീകരിക്കുകയുണ്ടായി.

ഷോയിൽ നിന്ന് ആദ്യ മത്സരാർത്ഥി കഴിഞ്ഞ ഞായറാഴ്ച പുറത്താക്കപ്പെടുത്തിരുന്നു. ഗായികയും സ്റ്റാർ സിങ്ങർ മത്സരാർത്ഥിയുമായിരുന്ന ലക്ഷ്മി ജയനാണ് ഷോയിൽ നിന്ന് ആദ്യമായി പുറത്തായത്. ഹൗസിൽ രണ്ടു ആഴ്ച തികച്ചില്ല എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെയും മറ്റു മത്സരാർത്ഥികളെയും കൈയിലെടുക്കാൻ ഈ ഗായികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ എലിമിനേഷനിലൂടെ നടി മിഷേലും ബി​ഗ് ബോസ് ഹൗസിനോട് വിടപറയുകയാണ്.