പാട്‌ന: ബീഹാർ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ചാനലുകൾക്ക് വ്യത്യസ്ത സ്വരം. മലയാളം ചാനലുകളെല്ലാം നിതീഷ് കുമാർലാലു പ്രസാദ് യാദവ് സഖ്യമായ മഹാസഖ്യം ഭരണം നേടുമെന്ന് തുടക്കം മുതലേ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ചാനലുകളെ ഉദ്ദരിച്ചായിരുന്നു മലയാളം ചാനലുകളുടെ റിപ്പോർട്ടിങ്ങ്. എന്നാൽ ദേശീയ ചാനലുകളിൽ ബഹുഭൂരിപക്ഷവും തുടക്കത്തിൽ ബിജെപിക്ക് അനുകൂലമായിരുന്നു. എൻഡിടിവിയും ടൈംസ് നൗവും ബിജെപി മുന്നിലെത്തുമെന്ന് പറഞ്ഞു. സിഎൻഎൻഐബിഎൻ മഹാസഖ്യത്തിനും വൻ മുൻതൂക്കം നൽകി. ഇതോടെ ആശയക്കുഴപ്പവുമായി.

ബിജെപിക്ക് ബഹുഭൂരിപക്ഷ സീറ്റുകളും നൽകിയാണ് റിപ്പോർട്ടിങ് തുടങ്ങിയത്. മുപ്പതിൽ ഇരുപതും ബിജെപിക്കായിരുന്നു. എന്നാൽ സിഎൻഎൻ-ഐബിൻ വോട്ടെണ്ണൽ തുടങ്ങി പത്ത് മിനിറ്റിനകം തന്നെ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചു. വ്യക്തമായ ഭൂരപക്ഷത്തിലേക്ക് കാര്യങ്ങളെത്തുമെന്നും പ്രവചിച്ചു. ഈ സമയം എൻഡിടിവിയുടെ ഫലപ്രഖ്യാപനമെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. ഈ സമയം കരുതലോടെ നിലപാട് വ്യക്തമാക്കാത്തെ ടൈംസ് നൗവും പ്രഖ്യാപനങ്ങൾ തുടങ്ങി. ഈ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഫലപ്രഖ്യാപനം തുടങ്ങിയിരുന്നില്ല. ആദ്യ റൗണ്ട് പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലീഡ് നില പുറത്തുവിട്ടു.

ഇതോടെ ബിജെപിയെ പിന്തുണച്ച ചാനലുകൾ പതുക്കെ പിന്മാറി. അവരും മഹാസഖ്യത്തിനൊപ്പമായി. എൻഡിടിവിയുടെ ഫലത്തിലേക്ക് എല്ലാ ദേശീയ ചാനലുകളുമെത്തി. തുടക്കം മുതൽ മലയാളം ചാനലുകളും ഈ കണക്കുകളാണ് പിന്തുടർന്നത്. മഹാസഖ്യം അധികാരത്തിലേക്ക് എന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ എൻഡിടിവിയും ടൈംസ് നൗവും കാട്ടിയ മൗനം മലയാളികളിൽ സംശയമുണ്ടാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ എത്തിയതോടെ എല്ലാം വ്യക്തമായി. ആർജിഡിയുടെ കരുത്തിൽ മഹാസഖ്യം മുന്നേറിയെന്ന് ഉറപ്പിച്ചു. അങ്ങനെ ആശയക്കുഴപ്പം നീക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റാണ്.

ആദ്യ ഫലങ്ങൾ എപ്പോഴും ഊഹാപോഹമാവുക പതിവാണ്. ഇതിലെ പൊള്ളത്തരം പലപ്പോഴും ചർച്ചയായിട്ടുമുണ്ട്. ഇത് തന്നെയാണ് ബീഹാർ ഫലത്തിലും സംഭവിച്ചത്. എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പല സംശയങ്ങളും ഉണ്ടായിരുന്നു. ടുഡെ ചാണക്യയും എൻഡിടിവിയും ബിജെപി മുൻതൂക്കം പ്രവചിച്ചതോടെയായിരുന്നു ഇത്. ഫലപ്രഖ്യാപനത്തിലെ തുടക്കത്തിലെ അവ്യക്തതയ്ക്ക് എക്‌സിറ്റ് പോളുകളിലെ രണ്ടഭിപ്രായവും കാരണമായി.

കേന്ദ്ര സർക്കാരിന്റെ ചാനലുകളായ ദൂരദർശനും ആദ്യം ബിജെപിയ്‌ക്കൊപ്പമാണ് നീങ്ങിയത്. ഇതാണ് ടൈംസ് നൗവും പിന്തുടർന്നത്. എക്‌സിറ്റ് പോൾ ഫലവും തുടക്കത്തിലെ ഫലപ്രഖ്യാപനവും തെറ്റിയത് പ്രണാബ് റോയിയുടെ എൻഡിടിവിക്ക് കനത്ത തിരിച്ചടിയായി. പ്രാദേശിക ചാനലുകളെ പിന്തുടർന്ന് മലയാളം ന്യൂസ് ചാനലുകൾക്ക് തുടക്കം മുതൽ പിഴച്ചതുമില്ല.