റിയിൽ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന്് വെറും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ കരുതിയിരുന്നില്ല. മദ്യപിച്ച് കുഴിയിൽ വീണ് മരിക്കുന്ന കുടിയന്മാർക്ക് നൽകുന്ന നഷ്ടപരിഹാരം ഞങ്ങൾക്കുവേണ്ടെന്ന് തുറന്നടിച്ച് ജവാന്റെ ഭാര്യ സർക്കാരിനെ വെട്ടിലാക്കി. ശവസംസ്‌കാര ചടങ്ങുകൾക്കുചെന്ന മന്ത്രി, വിധവയെകാണാതെ തടിതപ്പി.

ഹവീൽദാർ അശോക് കുമാർ സിങ്ങിന്റെ ഭാര്യ സംഗീതയാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. 'എന്റെ ഭർത്താവെന്താ മദ്യപിച്ച് കുഴിയിൽ വീണ് മരിച്ചതാണോ? ഇവിടെ സാധാരണ അപകടത്തിൽ മരിച്ചവർക്ക് നാല് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിക്കാറുണ്ട്. എന്റെ ഭർത്താവൊരു രക്തസാക്ഷിയാണ്. എനിക്ക് നിതീഷ് കുമാറിന്റെ ധനസഹായം ആവശ്യമില്ല'-സംഗീത പറഞ്ഞു.

ഉറിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ ഭർത്താവിനോടുള്ള അനാദരവായാണ് തുച്ഛമായ തുക നഷ്ടപരിഹാരം വിധിച്ചതിനെ സംഗീത കണ്ടത്. 'സർക്കാരിൽനിന്ന് നക്കാപ്പിച്ച വാങ്ങാൻ ക്യൂ നിൽക്കുന്ന യാചകരല്ല ഞങ്ങൾ. ഇപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാരമോർത്ത് നിതീഷ് കുമാർ സ്വയം ലജ്ജിക്കുകയാണ് വേണ്ടത്'-സംഗീത പറഞ്ഞു.

മഹാരാഷ്ട്രയും ഉത്തർപ്രദേശുമൊക്കെ പ്രഖ്യാപിച്ച തുകയെക്കാൾ വളരെക്കുറവാണ് ബിഹാർ പ്രഖ്യാപിച്ചതെന്ന് അവർ തുറന്നടിച്ചു. ശവസംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സാങ്കേതിക വകുപ്പ് മന്ത്രി ജയ് കുമാർ സിങ്ങിനെ നിതീഷ് നിയോഗിച്ചിരുന്നു. എന്നാൽ, സംഗീതയുടെ രോഷം ഭയന്ന് മന്ത്രി അവരെ കാണാതെ മടങ്ങുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ജയ് കുമാർ സിങ് ഉടൻതന്നെ മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു. ഉറിയിൽ മരിച്ച ബിഹാറുകാരായ മൂന്ന് ജവാന്മാരുടെയും കുടുംബത്തിനുള്ള നഷ്ടപരിഹാരം 11 ലക്ഷം രൂപ വീതമാക്കി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2013-ൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നയത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്നും ജയ്കുമാർ സിങ് പറഞ്ഞു.