നോട്ടസാധുവാക്കലിനെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തുന്നതിനിടെ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവും നോട്ട് പിൻവലിക്കലിനെ അനുകൂലിച്ച് രംഗത്തുവന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ ലാലുവും നോട്ടസാധുവാക്കലിനെ പിന്തുണച്ച് രംഗത്തെത്തിയത് മോദിക്കെതിരെ ഇത് രാഷ്ട്രീയ ആയുധമാക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് കനത്ത തിരിച്ചടിയായി. നോട്ട് പിൻവലിക്കൽ ഉചിതമായ നടപടിയാണെന്നും എന്നാൽ, അത് നടപ്പിലാക്കിയ രീതിയിൽ മാത്രമാണ് പാളിച്ചയെന്നും ലാലു അഭിപ്രായപ്പെട്ടു.

ബിഹാറിൽ കോൺഗ്രസ്സിനൊപ്പം ചേർന്ന് ഭരണം നടത്തുന്ന മഹാ സഖ്യത്തിൽ അംഗങ്ങളാണ് ആർജെഡിയും നിതീഷിന്റെ ജനതാദൾ (യു)വും. നിതീഷ് തുടക്കം മുതൽക്കെ നോട്ട് പിൻവലിക്കലിനെ അനുകൂലിച്ചിരുന്നു. രണ്ട് പ്രമുഖ കക്ഷികളുടെ പിന്തുണയാണ് നോട്ട് പിൻവലിക്കലിൽ ഇതോടെ പ്രതിപക്ഷത്തിന് നഷ്ടമായത്. ചൊവ്വാഴ്ച നോട്ട് പിൻവലിക്കലിനെച്ചൊല്ലി സംസ്ഥാന നിയമസഭയിൽ വലിയ വാഗ്വാദം നടന്നിരുന്നു. ഇതേത്തുടർന്ന് ലാലുവിനെ നിതീഷ് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് ചർച്ച നടത്തി.

ഈ ചർച്ചയ്ക്കിടെയാണ് ലാലു നോട്ട് പിൻവലിക്കലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ലാലു വ്യക്തമാക്കിയത്. നടപടി നല്ലതിനാണെങ്കിലും അത് നടപ്പിലാക്കിയ രീതിയോട് യോജിപ്പില്ലെന്ന് ലാലു പറഞ്ഞു. ചർച്ചയിൽ നിതീഷും ലാലുവും നോട്ടസാധുവാക്കലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആർ.ജെ.ഡി എംഎ‍ൽഎ അൻവർ അലാം പറഞ്ഞു. എന്നാൽ, മതിയായ തയ്യാറെടുപ്പുകളില്ലാതെ നടപ്പിലലാക്കിയതാണ് സാധാരണ ജനത്തെ ഇത്രയേറെ കഷ്ടപ്പെടുത്തിയതെന്ന അഭിപ്രായം ലാലു നിതീഷുമായി പങ്കുവച്ചു.

ആർ.ജെ.ഡി. എംഎ‍ൽഎ. മാരുടെ യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നു. ലാലുവിന്റെ ക്ഷണമനുസരിച്ചാണ് നിതീഷ് യോഗത്തിനെത്തിയത്. മഹാസഖ്യത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് എംഎ‍ൽഎ.മാർ നിതീഷിന് ഉറപ്പുകൊടുത്തതായും അൻവർ അലാം പറഞ്ഞു.