പട്‌ന: ഉന്നതജാതിയിൽപ്പെട്ടവർ ആര്യന്മാരുടെ പിന്മുറക്കാരും വിദേശികളുമാണെന്ന ബിഹാർ മുഖ്യമന്ത്രി ജിതൻ റാം മഞ്ജിയുടെ പ്രസ്താവന രാജ്യത്തു പുതിയ വിവാദത്തിനു തിരികൊളുത്തി. ദലിതരും ഗോത്രവർഗക്കാരുമാണ് സ്വദേശീയരെന്നും മഞ്ജി പറഞ്ഞു. അതേസമയം, സമൂഹത്തിൽ ജാതിവിദ്വേഷം വളർത്താനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ആരോപിച്ചു ബിഹാറിലെ പ്രതിപക്ഷ കക്ഷിയായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ബിഹാറിലെ ബേട്ടിയയിൽ സംഘടിപ്പിച്ച ചടങ്ങിനിടെയാണു മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. വിദേശ രാജ്യങ്ങളിൽനിന്നു വന്നവരാണ് ഉന്നതജാതിയിൽപ്പെട്ടവർ. അവർ ആര്യന്മാരുടെ പിന്മുറക്കാരുമാണ്. ദലിതരും ഗോത്രജനങ്ങളും മാത്രമാണ് യഥാർത്ഥത്തിൽ ഇന്നാട്ടുകാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിഹാറിലെ സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയാകാൻ കഴിയുംവിധം സ്വയം വിദ്യാഭ്യാസം നേടാനും രാഷ്ട്രീയ ബോധം വളർത്തിയെടുക്കാനും താഴ്ന്ന ജാതിക്കാർ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാൽ, ബിഹാറിൽ ജാതി വിദ്വേഷം വളർത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേതെന്നു മുതിർന്ന ബിജെപി നേതാവും ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ നാടിനു ദോഷം ചെയ്യുമെന്നതിൽ തർക്കമില്ലെന്നും സുശീൽകുമാർ പറഞ്ഞു.