പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു രാവിലെ 8ന് ആരംഭിക്കും. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റ് ജയിക്കണം. ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ്‌പോൾ ഫലങ്ങളും പ്രവചിക്കുന്നത്. അത് ശരിവയ്ക്കുന്ന ഫലമെത്തിയാൽ അത് ബിജെപിക്ക് തിരിച്ചടിയാകും.

മധ്യപ്രദേശിലെ 28 ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. മധ്യപ്രദേശിൽ 8 സീറ്റ് ജയിച്ചാൽ ബിജെപിക്കു ഭരണം നിലനിർത്താം. ഇവിടേയും ജനവിധി അതിനിർണ്ണായകമാണ്. രണ്ടിടത്തും തിരിച്ചടിയുണ്ടായാൽ അത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായി മാറുകയും ചെയ്യും.

രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തെവഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിമുതൽ ആരംഭിക്കുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്യേഗം. മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്കും ബിജെബിക്കും കനത്ത തിരിച്ചടിയാവും. അതുകൊണ്ടുതന്നെ ചിരാഗ് പസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങിയിട്ടുണ്ട്. തൂക്ക് സഭയാണെങ്കിൽ നിതീഷിന്റെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവുമെന്നും അറിയുന്നു. അതിനിടെ കുതിരകച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.

ബീഹാറിലെ ഫലത്തിനായി രാഷ്ട്രീയ ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുകയാണ്. തൂക്ക് നിയമസഭയെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇരുചേരിയും ആലോചന തുടങ്ങി. കുതിരകച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം ബിജെപി തള്ളി. ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോൾ ഏവരും കരുതിയത് നിതീഷ് കുമാറിന് തുടർച്ചയായ നാലാം ഭരണം എന്നാണ്. എന്നാൽ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതൽ മുന്നേറുന്നതിന്റെ കാഴ്ചകൾ പുറത്തുവന്നതോടെ സ്ഥിതി മാറി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ നരന്ദ്ര മോദിയുടെ ചിത്രങ്ങൾ മാത്രമുള്ള ബോർഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. ചില എക്‌സിറ്റ്‌പോളുകൾ നൽകുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാൽ പ്രതിപക്ഷ ചേരിക്ക് അത് വൻ ഊർജ്ജം പകരും. ബീഹാറിൽ പിടിച്ചുനിന്നാൽ ഇതുവരെ ഉയർന്ന വിമർശനങ്ങൾ മറികടക്കാനുള്ള അവസരമാകും എൻഡിഎക്ക്. തൂക്കു നിയമസഭയെങ്കിൽ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ പ്രതിപക്ഷത്ത് തുടങ്ങിയിട്ടുണ്ട്.

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേൽപ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിനിടയിൽ, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കൾ കരുതുന്നു. ചിരാഗിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കൾ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

പൗരത്വനിയമത്തിന്റെ പേരിലും നിതീഷ് ബിജെപിയുമായി വ്യക്തമായ അഭിപ്രായഭിന്നതയിലായിരുന്നു. ഒരുഘട്ടത്തിൽ ജെഡിയു ആർജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്നു പോലും ബിജെപി ആശങ്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെഡിയു പിന്തുണച്ചെങ്കിലും പിന്നീട് ബിഹാറിൽ പൗരത്വ നിയമത്തിന്റെയും പൗരരജിസ്റ്ററിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പൗരരജിസ്റ്റർ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞതും ബിജെപി നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നു. കേന്ദ്രമന്ത്രിസഭാ രൂപീകരണ വേളയിൽ ജെഡിയുവിന് അംഗബലത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു ഒരു മന്ത്രിസ്ഥാനം മാത്രമാണു നൽകിയത്. അതിൽ പ്രതിഷേധിച്ച് ബിഹാറിൽ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇരുകൂട്ടരും മന്ത്രിസ്ഥാനം നിരസിക്കുകയായിരുന്നു.