ന്യൂഡൽഹി: ലോകത്ത് എവിടെയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നതിനെക്കുറിച്ച് അഭിപ്രായ സർവേകൾ നടക്കാറുണ്ട്. ചില സർവേഫലങ്ങൾ അതേ പടി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ സർവേയ്ക്ക് തീർത്തും വിരുദ്ധമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. ഇപ്പോഴിതാ ബിഹാറിലെ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ അവിടുത്തെ ഫലത്തെക്കുറിച്ചുള്ള അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വ്യത്യസ്തമായ സർവേകൾ തീർത്തും വിരുദ്ധമായ പ്രവചനങ്ങളാണ് നടത്തിയിരിക്കുന്നതെന്നതാണ് അത്ഭുതകരമായ കാര്യം. അതായത് ടൈംസ് നൗ സർവേയിലും ടൈംസ് ഓഫ് ഇന്ത്യ സർവേയിലും ബിജെപിക്ക് ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സിഎൻഎൻ ഐബിഎൻ സർവേയാകട്ടെ നിതീഷ സഖ്യത്തിന് ഒറ്റയ്ക്ക് വിജയമുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ബിഹാറിലെ ഫലം ആർക്കും തീരുമാനിക്കാനാവാത്ത വിധം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

വിവിധ അഭിപ്രായ സർവേ ഫലങ്ങൾ ഇന്നലെ വിവിധ ടിവി ചാനലുകൾ പുറത്ത് വിട്ടിരുന്നു. ദി ടൈംസ് നൗ സിവോട്ടറുമായി ചേർന്ന് നടത്തിയ സർവേ പ്രകാരം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് 119 സീറ്റുകൾ ലഭിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ നീതീഷ്‌കുമാർ നയിക്കുന്ന മഹാഗത്ബന്ധൻ സഖ്യത്തിന് 116 സീറ്റുകൾ ലഭിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ സിഎൻഎൻഐബിഎന്നിനു വേണ്ടി ആക്‌സിസ് നടത്തിയ സർവേ പ്രകാരം നിതീഷ് സഖ്യത്തിന് 137 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ വെറും 95 സീറ്റുകൾ കൊണ്ട് എൻഡിഎ തൃപ്തിപ്പെടേണ്ടി വരുമെന്നും പ്രസ്തുത സർവേ വെളിപ്പെടുത്തുന്നു.

എൻഡിഎ നേടുന്ന 95 സീറ്റുകളിൽ 82 ഉം ബിജെപിയുടേതായിരിക്കുമെന്നും പ്രസ്തുത സർവേ പ്രവചിക്കുന്നു. ജിതെൻ രാം മൻജ്ഹിയുടെ ഹാം എട്ട് സീറ്റുകളും രാംവിലാസ് പാസ്വാന്റെ എൽജെപി രണ്ട ുസീറ്റുകളും ഉപേന്ദ്ര കുഷ്വാഹയുടെ ആർഎൽഎസ്‌പി മൂന്ന് സീറ്റുകളും നേടുമെന്നാണ് പ്രസ്തുത സർവേ കണ്ടെത്തിയിരിക്കുന്നത്. അതേസമയം മറുഭാഗത്ത് ജെഡി(യു) 69 സീറ്റുകളിലും ആർജെഡി 48സീറ്റുകളിലും കോൺഗ്രസ് 20 സീറ്റുകളിലും വിജയിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതായത് ബിജെപി ആദ്യമായി ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് സാരം. ഒക്ടോബർ 12 ന് ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് ഈ പ്രവചനങ്ങൾ പ ുറത്ത് വന്നിരിക്കുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം നിതീഷ് കുമാർ നയിക്കുന്ന സഖ്യത്തിന് മുകളിൽ നാല് ശതമാനം ലീഡ് നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ വെളിപ്പെടുത്തുന്നത്. എന്നാൽ മോദിയുടെ കേന്ദ്രസർക്കാരിന്റെതിനേക്കാൾ മികച്ച പ്രകടനമാണ് ബിഹാറിലെ നിതീഷ് കുമാറിന്റെ സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് ഈ അഭിപ്രായവോട്ടെടുപ്പിൽ പങ്കെടുത്തവർ വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 44 ശതമാനം പേരും തങ്ങൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യുമെന്ന് വെളിപ്പെടുത്തിയപ്പോൾ 40 ശതമാനം പേർ ജെഡി(യു) കോൺഗ്രസ് സഖ്യത്തിനെ പിന്തുണയ്ക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ചെറിയ പാർട്ടികളെയും സ്വതന്ത്രരെയും പിന്തുണയ്ക്കുന്നവർ വെറും 10 ശതമാനം മാത്രമാണ്.

എന്നാൽ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ആറ് ശതമാനം പേർ തീരുമാനിച്ചിട്ടുമില്ല. 2046 പേരെ ഉൾപ്പെടുത്തിയാണ് പ്രസ്തു സർവേ നടത്തിയത്. ഇതിൽ 80ശതമാനവും ഗ്രാമീണ വോട്ടർമാരായിരുന്നു. സ്ത്രീകളിൽ ഭൂരിഭാഗവും എൻഡിഎയെ പിന്തുണയ്ക്കുന്നവരാണ്. ഇവർ 20നും 30നും വയസിനിടയിലുള്ളവരുമാണ്. എന്നാൽ മഹാഗത്ബന്ധൻ സഖ്യത്തെ പിന്തുണയ്ക്കുന്നവരിൽ ഭൂരിഭാഗവും 46നും 60നും മധ്യേ പ്രായമുള്ള മുതിർന്ന വോട്ടർമാരാണ്. ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാത്തവരിൽ കൂടുതലും 30 വയസിനും 45 വയസിനും ഇടയിലുള്ളവരാണ്. പ്രസ്തുത സർവേയിൽ പങ്കെടുത്ത 2046 പേരിൽ 63 ശതമാനം പേരും നിതീഷ് കുമാറിന്റെ സർക്കാരിൽ സംതൃപ്തരാണ്. എന്നാൽ 58 ശതമാനം പേർ മാത്രമെ മോദി സർക്കാരിന്റെ പ്രകടനത്തിൽ തൃപ്തരായിട്ടുള്ളൂ.

നിതീഷ് കുമാറിന്റെ സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെങ്കിലും സർക്കാരിന്റെ ചില പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ലെന്ന് അഭിപ്രായ സർവേയിലെ ചില ചോദ്യങ്ങളോട് പ്രതികരിക്കവെ ഇതിൽ പങ്കെടുത്തവർ വ്യക്തമാക്കിയിട്ടുണ്ട്. ആ അസംതൃപ്തി മൂലമാണ് അവർ എൻഡിഎയ്ക്ക് പിന്തുണയേകുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. റോഡുകൾ, ഇലക്ട്രിസിറ്റി മേഖലകളിൽ നിതീഷ് സർക്കാർ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിലും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിലും നല്ല ആരോഗ്യ പരിചരണം ഏർപ്പെടുത്തുന്നതിലും സർക്കാർ പരാജയമാണെന്നാണ് സർവേയിൽ പങ്കെടുത്ത നല്ലൊരു ശതമതാനവും പ്രതികരിച്ചിരിക്കുന്നത്.ലാലുവിന്റെ ആർജെഡിയുമായി നിതീഷ് സഖ്യമുണ്ടാക്കുന്നതിൽ സർവേയിൽ പങ്കെടുത്ത നല്ലൊരു വിഭാഗം പേർ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.