സന്നമായ ബീഹാർ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇടിത്തീ പോലെ ആർഎസ്എസ്. സർസംഘചാലക് മോഹൻ ഭഗവതിന്റെ സംവരണ വിരുദ്ധ പ്രഖ്യാപനം. പിന്നോക്ക സമുദായങ്ങൾക്ക് ബഹുഭൂരിപക്ഷമുള്ള ബീഹാറിൽ ജാതിസമവാക്യങ്ങൾ കൂട്ടിയിണക്കി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നടത്തുന്ന ശ്രമങ്ങളെല്ലാം ഇല്ലാതാക്കുന്ന പ്രസ്താവനയാണ് മോഹൻ ഭഗവത് നടത്തിയത്. ആർഎസ്എസ്. നേതാവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കേന്ദ്രം ഉടനടി രംഗത്തെത്തിയതും ബീഹാർ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് തന്നെ.

സർക്കാരിന്റെ സംവരണ നയം പുനഃപരിശോധിക്കണമെന്നാണ് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസറിൽ' നൽകിയ അഭിമുഖത്തിൽ മോഹൻ ഭഗവത് ആവശ്യപ്പെട്ടത്. ഭഗവതിന്റെ പരാമർശങ്ങൾക്കെതിരെ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും രംഗത്തെത്തിയതോടെ ബിജെപിക്ക് നിൽക്കക്കള്ളിയില്ലാതായി. സംവരണ നയം പുനഃപരിശോധിക്കുന്ന കാര്യം സർക്കാരിന്റെയോ ബിജെപിയുടെയോ പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.

ആർഎസ്എസ് സർസംഘചാലകിനെ ബിജെപി നേതൃത്വം പരസ്യമായി തള്ളിപ്പറയുന്നത് ഇതാദ്യമായാകും. . സംവരണത്തിൽ ഉൾപ്പെടുന്ന സമുദായങ്ങൾക്കു നിർണായക സ്വാധീനമുള്ള ബിഹാറിനെ മുന്നിൽക്കണ്ടുകൊണ്ടാണ് ഇത്രയും കടുത്ത നിലപാടിലേക്ക് ബിജെപി നേതൃത്വം പോയതെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും മുതിർന്ന കേന്ദ്രമന്ത്രിമാരോടും സംഘപരിവാർ നേതാക്കളോടും കൂടിയാലോചിച്ചശേഷമാണു സംവരണത്തിന് അനുകൂലമായ നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പിന്നാലെ, സംവരണത്തെ എതിർത്തിട്ടില്ലെന്ന വിശദീകരണവുമായി ആർഎസ്എസ്സും രംഗത്തെത്തി.

ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും വികസനത്തിനും സംവരണം അനിവാര്യമാണെന്ന നിലപാടാണു ജനസംഘവും ബിജെപിയും എക്കാലത്തും സ്വീകരിച്ചിരുന്നതെന്നു മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഗുജറാത്തിൽ പട്ടേൽ സമുദായത്തിന്റെ സംവരണ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണു സംവരണ നയം പുനഃപരിശോധിക്കണമെന്നു മോഹൻ ഭഗവത് അഭിപ്രായപ്പെട്ടത്. ഏതെല്ലാം സമുദായങ്ങൾക്ക് എത്രകാലത്തോളം സംവരണം നൽകണമെന്നതു പുനഃപരിശോധിക്കാനായി അരാഷ്ട്രീയ സമിതി രൂപീകരിക്കണമെന്നു ഭഗവത് പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ സംവരണം പിൻവലിക്കൂ എന്നാവശ്യപ്പെട്ടുകൊണ്ടാണ് ലാലു പ്രസാദ് യാദവ് വിവാദത്തിന് തീകൊളുത്തിയത്. ബീഹാർ തിരഞ്ഞെടപ്പില് ബിജെപിയെ പ്രഹരിക്കാൻ ഒരു വടി തേടിനടന്ന ലാലു പ്രസാദിനും നിതീഷിനും ആർഎസ്എസ്.അധ്യക്ഷൻ അത് സമ്മാനമായി നൽകുകയായിരുന്നു. ഭരണത്തിലെത്തിയാൽ ജനസംഖ്യാനുപാതികമായി സംവരണം വർധിപ്പിക്കുമെന്നും ലാലു വാഗ്ദാനം ചെയ്തു. അമ്മയുടെ മുലപ്പാലുകുടിച്ചവരാണെങ്കിൽ സംവരണം പിൻവലിക്കൂ എന്നായിരുന്നു ലാലുവിന്റെ വെല്ലുവിളി.

പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവവരണം ഉറപ്പുനൽകിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെയും വി.പി.സിങ്ങിന്റെ ഉറ്റ അനുയായി എന്ന നിലയിലുമാണ് ലാലു പ്രസാദ് ബീഹാർ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. സംവരണം എന്നും ലാലുവിന്റെ ഇഷ്ട വിഷയമായിരുന്നു. ബീഹാറിലെ ജാതി രാഷ്ട്രീയത്തിൽ സംവരണത്തെക്കാൾ നല്ലൊരു ആയുധം കിട്ടാനില്ലെന്നിരിക്കെയാണ് ബിജെപിയെ വെട്ടിലാക്കി ആർഎസ്എസ്. നേതാവിന്റെ പ്രസ്താവന വന്നത്.